ഗര്‍ഭകാലത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ അവഗണിക്കരുത്; വേണം കരുതല്‍

ഗര്‍ഭകാലത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ അവഗണിക്കരുത്; വേണം കരുതല്‍

അമ്മയേയും കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്ന അസുഖമാണ് ഹൈപ്പര്‍ ടെന്‍ഷന്‍

സ്ത്രീകളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ് ഗര്‍ഭകാലം. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഈ മാസങ്ങള്‍ അമ്മയ്ക്ക് മാനസികമായും ശാരീകമായും വെല്ലുവിളികളുടെ കാലയളവാണ്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അല്ലെങ്കില്‍ അമിത രക്ത സമ്മര്‍ദം.

ഗര്‍ഭകാലത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രതിസന്ധിയാണ്. നല്ല ശ്രദ്ധയും മികച്ച പരിപാലനവും ശുശ്രൂഷയും ലഭിക്കുന്നതോടെ ഈ അവസ്ഥയെ മറികടക്കാവുന്നതാണ്. അമ്മയേയും കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്ന ഈ അസുഖത്തെ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

അഞ്ചുമുതല്‍ 10 ശതമാനം വരെയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് അമിത രക്ത സമ്മര്‍ദം സാധാരണമായി കണ്ടു വരുന്നു. 20ാം ആഴ്ചയ്ക്ക് ശേഷമാണ് സാധാരണ ഗതിയില്‍ ഗര്‍ഭിണികളില്‍ രക്ത സമ്മര്‍ദം വര്‍ധിക്കുക. നിയന്ത്രണ വിധേയമല്ലെങ്കില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനെ‍ വരെ ബാധിച്ചേക്കാം. പ്രീ-എക്ലാംസിയ, എക്ലാംസിയ , മാസം തികയാത്ത പ്രസവം എന്നിവയിലേക്കും ഹൈപ്പര്‍ ടെന്‍ഷന്‍ നയിച്ചേക്കാം. ഇവ മൂലം അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നു. അതിനാൽ അമ്മ മാസം തികയാതെ പ്രസവിക്കാനും കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടാകാനും ഇടയാകുന്നു.

ഗര്‍ഭിണികളിലെ രക്താതിമര്‍ദത്തിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ശരീര ഭാരം കൂടുതലുള്ളവര്‍ക്കും വൃക്ക രോഗമുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഗര്‍ഭകാലത്ത് ഹൈപ്പര്‍ ടെന്‍ഷനിലേക്ക് നയിക്കാം. ഇവിടെയാണ്, നിരന്തരം രക്ത സമ്മര്‍ദം പരിശോധിക്കേണ്ടതിന്റെ ആവശ്യകത .

സോഡിയം കുറഞ്ഞ ഭക്ഷണക്രമവും ആരോഗ്യകരമായ വ്യായാമവും സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള വഴികളും ജീവിത ചര്യയാക്കുന്നത് ഒരു പരിധിവരെ ഈ അസുഖത്തെ ചെറുക്കാന്‍ സഹായിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം. മരുന്നുകള്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധ പാലിക്കേണ്ടതാണ്. ഹൈപ്പര്‍ ടെന്‍ഷന്റെ മരുന്നുകള്‍ ചിലത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ള ഗര്‍ഭിണികള്‍ക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ രക്ത സമ്മര്‍ദം പരിശോധിക്കുന്നതും തിരിച്ചറിയുന്നതും മികച്ച തീരുമാനമായിരിക്കും. കൃത്യമായ പരിശോധനകള്‍ക്കൊപ്പം ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം പാലിക്കാനും ശ്രദ്ധിക്കുന്നതോടെ ഒരു പരിധിവരെ രോഗത്തെ ചെറുക്കാം.

ലക്ഷണങ്ങള്‍

ഹൈപ്പര്‍ടെന്‍ഷനുള്ള ഗര്‍ഭിണികളില്‍ സാധാരണയായി തലവേദന, കാഴ്ചയ്ക്ക് പ്രശ്‌നം, പെട്ടെന്ന് ശരീര ഭാരം വര്‍ധിക്കുക കൈകളിലും മുഖത്തുമുണ്ടാകുന്ന വീക്കം, വയറുവേദന എന്നീ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഗര്‍ഭകാലത്തെ ഹൈപ്പര്‍ടെന്‍ഷന്‍ പ്രീ-എക്ലാംപ്സിയയുടെ സൂചനകളാകാം. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അടിയന്തിര വൈദ്യസഹായം തേടണം.

ഗര്‍ഭകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും ചിട്ടയായ ജീവിതവും ആരോഗ്യകരമായ ജീവിത ശൈലിയും ഗര്‍ഭകാല പരിചരണവുമൊക്കെ പ്രസവം ആരോഗ്യകരമാക്കാന്‍ സഹായിക്കും.

logo
The Fourth
www.thefourthnews.in