ഉരുളക്കിഴങ്ങ് ചിപ്‌സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം

ഉരുളക്കിഴങ്ങ് ചിപ്‌സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗം ആളുകളുടെയും ഡയറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ളതിനാല്‍ ഇത് ഗൗരവമായി കാണേണ്ടതുണ്ട്

ചില ആഹാരങ്ങളുണ്ട്, കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരിക്കാന്‍ തോന്നുന്ന ചിലത്. എന്നാല്‍ കഴിക്കുന്നവരാരും ചിന്തിക്കാറില്ല എന്തുകൊണ്ടായിരിക്കാം ഇതു കഴിച്ചു നിര്‍ത്താന്‍ തോന്നാത്തതെന്ന്. ഇപ്പോള്‍ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഐസ്‌ക്രീം എന്നിവ കൊക്കെയ്ന്‍ പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ക്ക് സമാനമായ ആസക്തി ഉണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളെല്ലാം അനാരോഗ്യകരമായവയും ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയുമാണ്. 36 രാജ്യങ്ങളില്‍ നിന്നുള്ള 281 പഠനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗം ആളുകളുടെയും ഡയറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ളതിനാല്‍ ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പു നല്‍കുന്നു.

സോസേജുകള്‍, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണപദാര്‍ഥങ്ങള്‍ ബുദ്ധിമാന്ദ്യം, കാന്‍സര്‍, സമ്മര്‍ദം, അകാലമരണം എന്നിവയ്ക്കു കാരണമാകുന്നതായി ദി ന്യുയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണാതീതവും അമിതവുമായ ഉപയോഗം, നിരന്തരമായ ആസക്തി, അനാരോഗ്യ സാധ്യതയുണ്ടെങ്കിലും വീണ്ടും കഴിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളിലുള്ള കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും തലച്ചോറില്‍ ഇത്തരത്തിലുള്ള ആഹാരങ്ങളോട്് ആസക്തി സൃഷ്ടിക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആഷ്‌ലെ ഗെര്‍ഹാത്ത് പറയുന്നു. പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളിലും കാര്‍ബോയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെങ്കിലും അവയുടെ തോത് സന്തുലിതമാണ്. എന്നാല്‍ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ അളവ് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ഇവ കഴിക്കുമ്പോള്‍ ഡോപാമിന്‍ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് ആസക്തി കൂട്ടുകയും മയക്കുമരുന്നിന് സമാനമായ അഡിക്ഷന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാല്‍ ചിലര്‍ക്കാകട്ടെ അല്‍പം മാത്രം കഴിച്ചു നിര്‍ത്താന്‍ സാധിക്കും. അതായത് എല്ലാവര്‍ക്കും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ആസക്തി ഉണ്ടാക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in