പ്രതിവാര കോവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന; ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍

പ്രതിവാര കോവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന; ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍

2020 ജനുവരി മുതലുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 45,013,908 ആയി വര്‍ധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‌റെ ഡേറ്റ അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 4394 കോവിഡ് രോഗികളാണുള്ളത്

രാജ്യത്തെ പ്രതിവാര കോവിഡ് കേസുകളില്‍ 22 ശതമാനത്തിന്‌റെ വര്‍ധന. ജെ എന്‍.1 സബ് വേരിയന്റുമായി ബന്ധിപ്പിച്ചിട്ടുള്ള കോവിഡ് -19 കേസുകളുടെ എണ്ണത്തിലും രാജ്യത്ത് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുവരെ 636 പുതിയ കോവിഡ് കേസുകളാണ് ജെഎന്‍.1 വകഭേദത്തിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ 2020 ജനുവരി മുതലുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം 45,013,908 ആയി വര്‍ധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‌റെ ഡേറ്റ അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 4394 കോവിഡ് രോഗികളാണുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്, 1869 പേര്‍. 1000 രോഗികളുമായി കര്‍ണാടകയും 693 രോഗികളുമായി മഹാരാഷ്ട്രയുമാണ് പിന്നില്‍.

കോവിഡിന്‌റെ പുതിയ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയയ്ക്കും. ക്രിസ്മസ്- പുതുവത്സരാഘോഷം കഴിയുന്നതോടെ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും കേസുകളുടെ എണ്ണം കൂടാമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിവാര കോവിഡ് കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന; ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍
കോവിഡ് കേസുകൾ കൂടും; ബൂസ്റ്റർ ഡോസിൽ ചർച്ചകൾ തുടങ്ങണമെന്ന് വിദഗ്ധർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 10 പുതിയ കേവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്ന കേസുകളുടെഎണ്ണം 841 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 131 പുതിയ കോവിഡ് കേസുകളില്‍ 10 എണ്ണം ജെഎന്‍.1 വകഭേദത്തിന്‌റേതായുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാവും കേരളമാണ്, മൂന്നു മരണം. കര്‍ണാടകയില്‍ രണ്ടും ഛത്തീസ്ഗഡിലും തമിഴ്‌നാട്ടിലും ഓരോ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജെഎന്‍.1 ഉപവകഭേദം പടരുന്നത് പ്രതിരോധിക്കാനായി തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ ഏഴ് ചെക്ക്‌പോയിന്‌റുകളില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാരില്‍ തെര്‍മല്‍ പരിശോധന ഉള്‍പ്പടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in