പുകവലിക്കാത്തവരിലെ ശ്വാസകോശാര്‍ബുദം: അകറ്റി നിര്‍ത്താം ഈ അപകടഘടകങ്ങളെ

പുകവലിക്കാത്തവരിലെ ശ്വാസകോശാര്‍ബുദം: അകറ്റി നിര്‍ത്താം ഈ അപകടഘടകങ്ങളെ

ഇപ്പോഴത്തെ ശ്വാസകോശാര്‍ബുദ ബാധിതരിലെ കണക്കെടുത്താല്‍ 15 മുതല്‍ 25 ശതമാനം പുകവലി ശീമില്ലാത്തവരാണ്

ശ്വാസകോശാര്‍ബുദം ഏറ്റവുമധികം ബാധിക്കുക പുകവലി ശീലമാക്കിയവരെയാണ്. എന്നാല്‍ അടുത്ത കാലത്തെ ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പുവലിക്കാത്തവരില്‍വരെ ശ്വാസകോശാര്‍ബുദം കാണപ്പെടുന്നതായാണ്. ജീവിതകാലയളവില്‍ 100 സിഗരറ്റിനുള്ളില്‍ മാത്രം ഉപയോഗിച്ചിട്ടുള്ളവരെയും പുകവലി ശീലമില്ലാത്തവരെയുമാണ് പുകവലിക്കാത്തവര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പുകവലിക്കാത്തവര്‍ എന്ന ഗണത്തിലെ ചെറുപ്പക്കാരിലാണ്, പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇപ്പോള്‍ ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ശ്വാസകോശാര്‍ബുദ ബാധിതരിലെ കണക്കെടുത്താല്‍ 15 മുതല്‍ 25 ശതമാനം പുകവലി ശീമില്ലാത്തവരാണ്. ഇതൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.

എന്തുകൊണ്ട് ശ്വാസകോശാര്‍ബുദം?

ഒരിക്കലും പുകവലിക്കാത്തവരില്‍ എന്താകും ശ്വാസകോശാര്‍ബുദത്തിന് കാരണമായിരിക്കുന്നത്? നിരവധി കാരണങ്ങളും അപകടസാധ്യതകളും അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും മള്‍ട്ടിഫാക്ടോറിയല്‍ കാര്‍സിനോജനിക് പ്രോസസാണ് പ്രധാന കാരണമായി കരുതുന്നത്.

അന്തരീക്ഷ മലിനീകരണം, നിഷ്‌ക്രിയ പുകവലി, ഇന്ധന പുക, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, ജോലിസംബന്ധമായി രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം, അയണൈസിങ് റേഡിയേഷന്‍, കുടുംബ പാരമ്പര്യം, ജനിതക ഘടകങ്ങള്‍ എന്നിവ മള്‍ട്ടിഫാക്ടോറിയല്‍ കാര്‍സിനോജനിക് കാരണങ്ങളായി പരിഗണിക്കപ്പെടുന്നു.

പുകവലിക്കാത്തവരിലെ ശ്വാസകോശാര്‍ബുദം: അകറ്റി നിര്‍ത്താം ഈ അപകടഘടകങ്ങളെ
ഇന്ത്യയില്‍ വികസിപ്പിച്ച കാൻസർ ചികിത്സാരീതി ഉപയോഗിച്ച് രോഗി രക്ഷപ്പെട്ടു; എന്താണ് സി എ ആർ- ടി സെൽ തെറാപ്പി?

ഇതില്‍ നിഷ്‌ക്രിയ പുകവലിയാണ് ഏറ്റവും അപകടകരമായിട്ടുള്ളത്. പുകവലിക്കുന്ന പങ്കാളിക്കൊപ്പം താമസിക്കുന്ന പുകവലിക്കാത്തവരില്‍ ശ്വാസകോശാര്‍ബുദ സാധ്യത 30 ശതമാനം അധികമാണെന്ന് അമേരിക്കന്‍ മള്‍ട്ടിസെന്‌ററിന്‌റെ ഒരു പഠനം പറയുന്നു. 55 പഠനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മെറ്റാ അനാലിസിസില്‍ പുകവലിക്കുന്ന പങ്കാളിക്കൊപ്പം താമസിക്കുന്ന സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദ സാധ്യത 27 ശതമാനം അധികമായിരുന്നു.

അന്തരീക്ഷ മലിനീകരണം മറ്റൊരു പ്രധാന കാരണമാണ്. പ്രകൃതിദതത്തമായതും മനുഷ്യര്‍ സൃഷ്ടിക്കുന്നതുമായ മലിനീകരണവസ്തുക്കള്‍ അന്തരീക്ഷത്തിലുണ്ട്. വാഹനങ്ങളിലെ പുക, വ്യാവാസായിക ശാലകളില്‍ നിന്നുള്ള മലിനീകരണം, വൈദ്യുതി ഉല്‍പാദനം എന്നിവ ഇവയില്‍ ചിലതാണ്.

മണ്ണിലും പാറകളിലും കാണപ്പെടുന്ന യുറേനിയം ക്ഷയിക്കുന്നതിന്‌റെ ഭാഗമായി ഉല്‍പാദിപ്പിക്കപ്പെടുന്ന റേഡിയോ ആക്ടീവ് വാതകമാണ് റാഡണ്‍. 1988-ല്‍ ഇന്‌റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഇത് മനുഷ്യരില്‍ അര്‍ബുദത്തിനു കാരണമാകുന്ന ഒന്നായി നിര്‍വചിച്ചിട്ടുണ്ട്. ഖനിത്തൊഴിലാളികളിലും ഇതുമായി ബന്ധപ്പെട്ട് പാരിസ്ഥിക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരിലുമുള്ള ശ്വാസകോശാര്‍ബുദം റാഡനുമായി ബന്ധപ്പെട്ടിരിക്കുന്നതായി എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളും പറയുന്നു. പുകവലിക്കു ശേഷം ശ്വാസകോശാര്‍ബുദത്തിനുള്ള രണ്ടാമത്തെ കാരണമായി റാഡന്‍ കണക്കാക്കുന്നു.

തൊഴിലുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുമായുള്ള നിരന്തര സമ്പര്‍ക്കം അഞ്ച് മുതല്‍ 10 ശതമാനം വരെ ശ്വാസകോശാര്‍ബുദത്തിന് കാരണമാണ്. ആസ്ബസ്റ്റോസുമായി നിരന്തര സമ്പര്‍ക്കമുള്ളവരില്‍ ശ്വാസകോശാര്‍ബുദ സാധ്യത അഞ്ച് മടങ്ങ് അധികമാണ്.

അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ശ്വാസകോശാര്‍ബുദം പാരമ്പര്യമായി ഉണ്ടാകുന്നവയാണ്. പുകവലിക്കാത്തവരില്‍, ശ്വാസകോശ രോഗങ്ങളുള്ളവരിലും ശ്വാസകോശാര്‍ബുദ സാധ്യത കാണുന്നുണ്ട്.

logo
The Fourth
www.thefourthnews.in