ഹൃദയാരോഗ്യത്തെ വഷളാക്കുന്ന സ്‌ട്രെസ്; അതിജീവിക്കാം ഈ മാര്‍ഗങ്ങളിലൂടെ

ഹൃദയാരോഗ്യത്തെ വഷളാക്കുന്ന സ്‌ട്രെസ്; അതിജീവിക്കാം ഈ മാര്‍ഗങ്ങളിലൂടെ

സമ്മര്‍ദത്തെ അതിജീവിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമുള്ള വഴികള്‍ അറിയാം

ഇന്നത്തെ ജീവിതസാഹചര്യത്തില്‍ സമ്മര്‍ദത്തിലൂടെ കടന്നുപോകാത്തവര്‍ ചുരുക്കമാണ്. ചെറിയ രീതിയിലുള്ള സമ്മര്‍ദങ്ങള്‍ വലിയ പ്രശ്‌നക്കാരല്ലെങ്കിലും അമിതസമ്മര്‍ദം ആരോഗ്യം വഷളാക്കും. സ്‌ട്രെസ് ഏറ്റവുമധികം ബാധിക്കുന്നത് ഹൃദയത്തെയാണ്. GOQii ഇന്ത്യ ഫിറ്റ് റിപ്പോര്‍ട്ട് 22 -23 ലെ സ്‌ട്രെസും മാനസികാരോഗ്യവും സംബന്ധിച്ച പഠനം അനുസരിച്ച് നിലവിലെ ജോലിസാഹചര്യവും സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട് 24 ശതമാനം ഇന്ത്യക്കാരും സമ്മര്‍ദം അനുഭവിക്കുന്നുണ്ട്.

സമ്മര്‍ദത്തെ അതിജീവിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴികളുണ്ടെന്ന് എച്ച്ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ ഒരഭിമുഖത്തില്‍ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഇന്‌റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.തിലക് സുവര്‍ണ പറഞ്ഞു.

1. സ്വയംപരിചരണത്തിന് നല്‍കാം മുന്‍ഗണന

ശാരീരികവും മാനസികവുമായി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ ഉല്ലാസപ്രദമായ വിനോദങ്ങളില്‍ ഏര്‍പ്പെടാം. യോഗ, ധ്യാനം, നടത്തം എന്നിവ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക.

2. എപ്പോഴും ആക്ടീവായിരിക്കുക

ദിവസവും ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദം അകറ്റാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു, ഇത് മൂഡ്മാറ്റങ്ങള്‍ നിയന്ത്രിക്കും. ഒരാഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് ലഘുവായ രീതിയിലുള്ള എയ്‌റോബിക് വ്യായാമങ്ങളായ ചെറുനടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയവ പരിശീലിക്കാവുന്നതാണ്.

3. ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാം

സമ്മര്‍ദം അകറ്റാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സന്തുലിതമായ ഭക്ഷണക്രമം ശീലമാക്കാം. ആരോഗ്യകരമായ കൊഴുപ്പുകളും പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഡയറ്റിലുണ്ടെന്ന് ഉറപ്പാക്കാം.

ഹൃദയാരോഗ്യത്തെ വഷളാക്കുന്ന സ്‌ട്രെസ്; അതിജീവിക്കാം ഈ മാര്‍ഗങ്ങളിലൂടെ
രാജ്യത്ത് ഹൃദയ സ്തംഭന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; പ്രതിവർഷം ചികിത്സ തേടുന്നവർ 1.8 ദശലക്ഷം

4. വേണം വിശ്രമം

മനസിലെ സംഘര്‍ഷങ്ങള്‍ മാറ്റിവച്ച് വിശ്രമിക്കുകവഴി സമ്മര്‍ദാവസ്ഥ കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മെഡിറ്റേഷനും ശ്വസനവ്യായാമങ്ങളും റിലാക്‌സ് ചെയ്യാന്‍ സഹായിക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. ഹൃദയാരോഗ്യത്തിന് ആവശ്യത്തിന് ഉറക്കം ഏറെ ആവശ്യമാണ്.

5. മാനസിക പിന്തുണ നല്‍കാം

സമ്മര്‍ദങ്ങള്‍ നിറഞ്ഞ സാഹചര്യത്തില്‍ മാനസിക പിന്തുണ നല്‍കി ആ അവസ്ഥ ലഘൂകരിക്കാന്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടാം. ഉറ്റ സുഹൃത്തുക്കളോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാം. വേണ്ട പരിഹാരം നല്‍കി സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ അവര്‍ക്കു സാധിച്ചേക്കാം.

സമ്മര്‍ദം ജീവിതത്തിന്‌റെ ഒരു ഭാഗമാണെന്ന് ഓര്‍ക്കുക. അതിനെ നമ്മള്‍ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് പ്രധാനം. ഇതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ ഏറ്റവും മോശമായി ബാധിക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുകവഴി സമ്മര്‍ദങ്ങളെ അകറ്റിനിര്‍ത്താനാകും. ഇതിനൊപ്പംതന്നെ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കുകയും കാര്‍ഡിയോ വാസ്‌കുലാര്‍ ഹെല്‍ത് ഉറപ്പാക്കുകയും വേണം.

logo
The Fourth
www.thefourthnews.in