അര്‍ബുദ ചികിത്സയില്‍ ശ്രദ്ധേയമായ മുന്നേറ്റം; മെലനോമ, സ്തനാര്‍ബുദ രോഗികള്‍ക്ക് ഫലപ്രദമായ വാക്‌സിനുമായി ഗവേഷകര്‍

അര്‍ബുദ ചികിത്സയില്‍ ശ്രദ്ധേയമായ മുന്നേറ്റം; മെലനോമ, സ്തനാര്‍ബുദ രോഗികള്‍ക്ക് ഫലപ്രദമായ വാക്‌സിനുമായി ഗവേഷകര്‍

മെലനോമയ്ക്കുള്ള ആദ്യത്തെ വ്യക്തിഗത എംആര്‍എന്‍എ അർബുദ വാക്‌സിന്‍ രോഗം വീണ്ടും വരുന്നതിനോ മരിക്കുന്നതിനോ ഉള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു

അര്‍ബുദ ചികിത്സയില്‍ വിപ്ലവാത്മകമായ കണ്ടെത്തലുമായി ഗവേഷകര്‍. പുതുതായി വികസിപ്പിച്ച വാക്‌സിന്‍ ചര്‍മാര്‍ബുദ, സ്തനാര്‍ബുദ രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ചര്‍മാര്‍ബുദങ്ങളില്‍ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മെലനോമയ്ക്കുള്ള വാക്സിനാണ് വികസിപ്പിച്ചത്. എംആര്‍എന്‍എ അർബുദ വാക്‌സിന്‍ രോഗം വീണ്ടും വരുന്നതിനോ മരിക്കുന്നതിനോ ഉള്ള സാധ്യത പകുതിയായി കുറയ്ക്കുന്നുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് ഇന്‌റര്‍നാഷണലിന്‌റെ 2020-ലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഒന്നരലക്ഷത്തിലധികം പേരെ മെലനോമ ബാധിക്കുന്നുണ്ട്. മെലനോമയുടെ മൂന്ന്, നാല് സ്‌റ്റേജിലുള്ള രോഗികളില്‍ അര്‍ബുദം നീക്കം ചെയ്തശേഷം വാക്‌സിന്‍ സ്വീകരിച്ചാൽ, മരിക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗം തിരിച്ചുവരാനുമുള്ള സാധ്യത 49 ശതമാനം കുറവായിരുന്നതായി ലോകത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഡേറ്റ സൂചിപ്പിക്കുന്നു. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും പരീക്ഷണത്തില്‍ പങ്കാളിയായിരുന്നു.

ഗുരുതര കാന്‍സര്‍ രോഗികളില്‍ ശസ്ത്രക്രിയയ്ക്കുശേഷവും രോഗം ആവര്‍ത്തിക്കാനുള്ള സാധ്യത 50 ശതമാനമാണെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകയും അര്‍ബുദ വിദഗ്ധയുംമായ പ്രൊഫ. ജോര്‍ജിന ലോങ് പറയുന്നു. അഞ്ച്- പത്ത് വര്‍ഷത്തെ വിവരങ്ങള്‍ നോക്കേണ്ടതുണ്ടെങ്കിലും അപകടസാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് ആദ്യത്തെ രണ്ട് വര്‍ഷങ്ങളിലാണ്- 2024 ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍ പറയുന്നു. ഫേസ് 2 ബി ട്രയലില്‍ 157 രോഗികള്‍ക്ക് മെലനോമ അപകടസാധ്യത കൂടുതലായിരുന്നു. ഇവര്‍ക്ക് മൊഡേണയും മെര്‍ക്കും വികസിപ്പിച്ച ജാബും കിട്രൂഡ ഇമ്മ്യൂണോ തെറാപ്പിയും കിട്രുഡ മാത്രമായും നല്‍കി.

അര്‍ബുദ ചികിത്സയില്‍ ശ്രദ്ധേയമായ മുന്നേറ്റം; മെലനോമ, സ്തനാര്‍ബുദ രോഗികള്‍ക്ക് ഫലപ്രദമായ വാക്‌സിനുമായി ഗവേഷകര്‍
സ്ഥിരമായി സാലഡ് കഴിക്കുന്നവരാണോ? ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍

വാക്‌സിനും കിട്രുഡയും നല്‍കിയവര്‍ക്ക് അപകടസാധ്യത 25 ശതമാനം കുറച്ചതായി ലോങ് പറയുന്നു. 'ഈ ഫലങ്ങള്‍ ഒരു സൂചകമാണ്. കൂടുതല്‍ മികച്ച ഫലം കിട്ടുന്നതിനുവേണ്ടി പരീക്ഷണങ്ങൾ ആവര്‍ത്തിക്കേണ്ടതിന്‌റെ,'' ലോങ് പറയുന്നു.

രണ്ടര വര്‍ഷത്തെ അതിജീവന നിരക്ക് കണക്കാക്കിയാല്‍ ജാബിനൊപ്പം കിട്രൂഡ കൂടി നല്‍കിയവര്‍ക്ക് 74.8 ശതമാനം ആയിരുന്നു. കിട്രൂഡ മാത്രം നല്‍കിയവര്‍ക്ക് 55.6 ശതമാനവും- ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ നൂതന ചികിത്സ മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതായി മൊഡേണ ഹെഡ് ഓഫ് ഡെവലപ്‌മെന്‌റ് കെയ്ല്‍ ഹോളന്‍ പറഞ്ഞു.

മൂന്ന് വര്‍ഷത്തെ തുടര്‍നടപടികള്‍ക്ക് ശേഷം ഉയര്‍ന്ന അപകടസാധ്യതയുള്ള അഡ്വാന്‍സ്ഡ് സ്റ്റേജ് മെലനോമ ഉള്ളവരില്‍ കാന്‍സറിന്‌റെ വ്യാപ്തി കൂടുന്നില്ല. ശക്തമായ ഇമ്മ്യൂണോ തെറാപ്പികളുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്ന വാക്‌സിന്‍ ഗുണപ്രദമാണെന്ന് പഠനം പറയുന്നു. എംആര്‍എന്‍എ-4157(വി 940) വാക്സിൻ ഒരോ രോഗിക്കും അനുസൃതമായി നിര്‍മിച്ചതാണ്. അവശേഷിക്കുന്ന അര്‍ബുദ കോശങ്ങളെയും ഇവ നശിപ്പിക്കുകയും രോഗം തുടര്‍ന്ന് വരുന്നത് തടയുകയും ചെയ്യും. ഡിഎന്‍എ സീക്വന്‍സിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സും ഉപയോഗിച്ച് രോഗിയുടെ ശസ്ത്രക്രിയയ്ക്കിടയില്‍ ട്യൂമറിന്‌റെ ഒരു സാമ്പിള്‍ നീക്കംചെയ്യുന്നു. ഇതുപയോഗിച്ച് രോഗിയുടെ കാന്‍സറിന് അനുസൃതമായ വാക്സിൻ നിര്‍മിക്കുന്നു.

അര്‍ബുദ ചികിത്സയില്‍ ശ്രദ്ധേയമായ മുന്നേറ്റം; മെലനോമ, സ്തനാര്‍ബുദ രോഗികള്‍ക്ക് ഫലപ്രദമായ വാക്‌സിനുമായി ഗവേഷകര്‍
ലോകത്തിലെ രണ്ടാമത്തെ മരണ കാരണമായി ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്; പ്രതിവര്‍ഷം കൊല്ലുന്നത് 50 ലക്ഷം പേരെ

ശസ്ത്രക്രിയയ്ക്കുശേഷം സ്തനാര്‍ബുദ രോഗികളിലെ അതിജീവന നിരക്ക് കാന്‍സര്‍ വാക്സിൻ കൂട്ടുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന അസ്‌കോയില്‍ അവതരിപ്പിച്ച രണ്ടാമത്തെ ട്രയല്‍ പറയുന്നു. സ്തനാര്‍ബുദത്തിന്‌റെ ആദ്യഘട്ടത്തിലുള്ള 400 രോഗികളിലാണ് പഠനം നടത്തിയത്. അതില്‍ പകുതി പേര്‍ക്ക് ശസ്ത്രക്രിയയ്ക്കു മന്‍പ് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി വാക്‌സിന്‍ നല്‍കിയിരുന്നു. ഏഴു വര്‍ഷത്തിനുശേഷം വാക്‌സിന്‍ സ്വീകരിച്ച 81 ശതമാനം പേരും ഇപ്പോഴും ജീവിച്ചിരിക്കുകയും രോഗത്തില്‍നിന്ന് പൂര്‍ണമുക്തി നേടുകയും ചെയ്തു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ സ്തനാര്‍ബുദ രോഗികളില്‍ ഫലപ്രദമായ ആദ്യ വാക്‌സിനാണിതെന്ന് പഠനത്തിന്‌റെ മുഖ്യ ഗവേഷകരിലൊരാളായ ഡോ.ക്രിസ്ത്യന്‍ സിങ്ങര്‍ പറയുന്നു. മെലനോമ, സ്തനാര്‍ബുദ രോഗികള്‍ക്ക് ഈ വാക്‌സിന്‍ ആശ്വസിക്കാന്‍ വക നല്‍കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in