കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന വിരബാധ; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന വിരബാധ; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒന്ന് മുതല്‍ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്

ഇന്ന് ദേശീയ വിരവിമുക്ത ദിനം. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുപ്രശ്നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒന്ന് മുതല്‍ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒന്ന് മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കാന്‍ ലക്ഷ്യമിടുന്നുണ്ട്്. ഒന്നു മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) അതിനു മുകളില്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ആണ് നല്‍കുന്നത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നുണ്ട്. ഇന്ന് സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളിക നല്‍കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എന്തെങ്കിലും കാരണത്താല്‍ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും. എല്ലാവരും കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന വിരബാധ; ലക്ഷണങ്ങളും പ്രതിരോധവും അറിയാം
മങ്കി ഫീവര്‍: ഇന്ത്യയില്‍ രണ്ട് മരണം, രോഗം പകരാതിരിക്കാന്‍ അറിയേണ്ടത്

എന്തുകൊണ്ട് വിരബാധ?

വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാന്‍ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്.

മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് വിരബാധയുടെ ലക്ഷണങ്ങള്‍. വിരബാധയുള്ള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

വിരബാധ പകരുന്നതെങ്ങനെ?

വിസര്‍ജ്യം കലര്‍ന്ന മണ്ണില്‍ കളിക്കുമ്പോള്‍ കുട്ടികളുടെ കൈകളിലൂടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖത്തിലെത്തുകയും കുട്ടികള്‍ നഖങ്ങള്‍ കടിക്കുകയോ കൈകള്‍ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ വിരകള്‍ കുടലിലെത്താം. ഈച്ചകള്‍ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.

വിരബാധ എങ്ങനെ തടയാം?

  • ഭക്ഷണത്തിന് മുന്‍പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

  • മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക.

  • മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.

  • കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.

  • വീടിന് പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.

  • ഭക്ഷണം അടച്ച് സൂക്ഷിക്കുക.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

  • തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.

  • വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.

  • ആറ് മാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.

logo
The Fourth
www.thefourthnews.in