ആറുവര്‍ഷത്തിനിടെ നാല് തവണ നിപ വൈറസ് ബാധ; കേരളത്തിന്റെ പ്രത്യേകത എന്ത്?

ആറുവര്‍ഷത്തിനിടെ നാല് തവണ നിപ വൈറസ് ബാധ; കേരളത്തിന്റെ പ്രത്യേകത എന്ത്?

കേരളത്തില്‍ ഇതു നാലാം തവണയാണ് നിപ പൊട്ടിപ്പുറപ്പെടുന്നത്. ഇതില്‍ മൂന്ന് രോഗബാധകളും കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു. നിപ എവിടെ നിന്ന്, എങ്ങനെ?

കേരളത്തില്‍ ഇതു നാലാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതില്‍ മൂന്ന് തവണയും കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു രോഗബാധ കണ്ടെത്തിയത്. ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ് ഇത്തവണ രോഗബാധ. കോവിഡ് പോലെ വളരെ വേഗത്തില്‍ പടരുന്ന രോഗമല്ല നിപ. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മാത്രമേ രോഗ സാധ്യതയുള്ളൂ. രോഗത്തിന്റെ പകര്‍ച്ചാ നിരക്ക് വളരെ കുറവാണെങ്കിലും രോഗബാധയേറ്റവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രതയും മരണസാധ്യതയും കൂടുതലാണെതാണ് നിപയുടെ അപകടം.

രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മാത്രം രോഗ സാധ്യത

ആറുവര്‍ഷത്തിനിടെ നാല് തവണ; കാരണം എന്തായിരിക്കാം?

സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018 ല്‍ കോഴിക്കോടാണ്. 2018 മേയ് രണ്ടു മുതല്‍ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ഉള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി, തൊണ്ണൂറ്റിരണ്ട് ശതമാനത്തോളമായിരുന്നു അന്ന് മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കില്‍ 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. തൊട്ടടുത്ത വര്‍ഷം വീണ്ടും കേരളത്തില്‍ നിപബാധയുണ്ടായി. എറണാകുളത്തുള്ള 23 കാരനായിരുന്നു ഇത്തവണ രോഗബാധ. മുന്‍വര്‍ഷത്തോളം തീവ്രമായില്ലെന്നു മാത്രമല്ല, രോഗം ഒരാളില്‍ മാത്രം ഒതുക്കി നിര്‍ത്താനും സാധിച്ചു. രോഗബാധയേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാനുമായി. കോവിഡ് മഹാമാരിക്കെതിരായ അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് അടുത്ത രോഗ ബാധയുണ്ടായത്.

ഇരട്ടപ്രഹരമായി 2021 സെപ്റ്റംബറില്‍

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിലാണ് നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതല്‍ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചെങ്കിലും പന്ത്രണ്ട് വയസുകാരന്റെ ജീവന്‍ നിപ കവര്‍ന്നു. ഇപ്പോള്‍ കോഴിക്കോടുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടല്‍ സംഭവിച്ചതും സെപ്റ്റംബര്‍ മാസം തന്നെയാണ് എന്ന സമാനതയുണ്ട്. കേരളത്തിലുണ്ടായ രോഗബാധകളില്‍ ആദ്യ രോഗിക്ക് (ഇന്‍ഡക്‌സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം അജ്ഞാതമാണ്. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഒട്ടേറെയുണ്ട്. ഇതു തന്നെയാവാം തുടര്‍ച്ചയായി നിപ പൊട്ടിപുറപ്പെടുന്നതിനു പിന്നിലും.

പഴംതീനി വവ്വാലുകളിലാണ് കേരളത്തില്‍ ഇതുവരെ നിപവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ഇനത്തില്‍ പെട്ട വവ്വാലുകളെ പിടികൂടി പഠനം നടത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ ഇനം വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോ എന്നത് സ്ഥിരീകരിക്കാനാവൂ

2018-ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. ഇവിടത്തെ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളില്‍ 19 ശതമാനത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളില്‍ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകള്‍ തമ്മിലുള്ള സാമ്യം 99-100 ശതമാനമായിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേയ്ക്ക് ഗവേഷകര്‍ എത്തിയത്. വൈറസിന്റെ റിസര്‍വോയറുകളാണ് റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകള്‍. അവയുടെ പ്രജനനം കൂടുതല്‍ നടക്കുന്നത് ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ്. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാല്‍ ഇനമാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത്.

എറണാകുളത്ത് 2019- ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാന പഠനം നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യയാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീട്, ഇയള്‍ പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജ് എന്നിവയുടെ 5 കിലോമീറ്റര്‍ പരിധിയില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി സാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്നു ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍നിപവൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies ) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തില്‍ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.

2021 സെപ്റ്റംബറില്‍ കോഴിക്കോട്ടെ കൊടിയത്തൂര്‍, താമരശേരി എന്നിവിടങ്ങളില്‍ നിപവൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്) സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. ആദ്യഘട്ട ഫലത്തില്‍ താമരശേരിയിലെ ഒരു വവ്വാലിലും കൊടിയത്തൂരിലെ ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.കേരളത്തില്‍ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട നായയുടെ മുഖമുള്ള പഴംതീനി വവ്വാലുകളില്‍ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകള്‍ തന്നെയെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.

ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇത് നമ്മെ ഓര്‍മിപ്പെടുത്തുന്നത്.

വേണം കൂടുതല്‍ ജാഗ്രത

കേരളത്തില്‍ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകള്‍ക്കിടയില്‍ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം. ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകള്‍ ഇവിടെ കണ്ടെത്തിയതില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവുമുണ്ട്. നിലവില്‍ നിപയില്‍ ബംഗ്ലാദേശ്, മലേഷ്യ വകഭേദങ്ങള്‍ മാത്രമാണുള്ളത്. കേരളത്തില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മില്‍ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യന്‍ വകഭേദവുമായി 8.24 ശതമാനവും. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളിലെ നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിന്‍ (I) (NiV strain -India (I) ) ആണെന്ന അനുമാനവും ഗവേഷകര്‍ പങ്കുവെച്ചിട്ടുണ്ട്.

കൂടുതല്‍ പഠനം ആവശ്യം

വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തണമെന്നും നിരീക്ഷണ, ജാഗ്രതാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു. കേരളത്തില്‍ കാണപ്പെടുന്ന 33 ഇനം വവ്വാലുകളില്‍ ഏഴിനം വവ്വാലുകള്‍ വൈറസ് വാഹകരാമെന്ന് ഈയിടെ പുറത്തുവന്ന മറ്റൊരു പഠന റിപ്പോര്‍ട്ടും പറയുന്നു. മലേഷ്യയിലും ബംഗ്ലാദേശിലും നടത്തിയ പഠനത്തിലാണ് ഈയിനം വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ പഴംതീനി വവ്വാലുകളിലാണ് കേരളത്തില്‍ ഇതുവരെ നിപവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ഇനത്തില്‍ പെട്ട വവ്വാലുകളെ പിടികൂടി പഠനം നടത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ ഇനം വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോ എന്നത് സ്ഥിരീകരിക്കാനാവൂ.

ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇത് നമ്മെ ഓര്‍മിപ്പെടുത്തുന്നത്.

(മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍ പെരുമ്പടവിലെ വെറ്ററിനറി സര്‍ജനാണ് ലേഖകന്‍)

logo
The Fourth
www.thefourthnews.in