പ്രമേഹരോഗികളുടെ  മരണനിരക്കില്‍  വര്‍ധന; കാരണം മഹാമാരി വിതച്ച പ്രശ്നങ്ങള്‍

പ്രമേഹരോഗികളുടെ മരണനിരക്കില്‍ വര്‍ധന; കാരണം മഹാമാരി വിതച്ച പ്രശ്നങ്ങള്‍

ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലിയിലും കോവിഡ് മഹാമാരി തടസങ്ങളുണ്ടാക്കി. ഇത് പ്രമേഹനിയന്ത്രണത്തെയും സാരമായി ബാധിച്ചു

കോവിഡ് ഒഴികെയുള്ള കാരണങ്ങളാല്‍ പ്രമേഹരോഗികള്‍ക്കിടയിലെ മരണസംഖ്യ ഉയര്‍ന്നതായി പഠനം. ഇത് മഹാമാരിയുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങള്‍ കാരണമാണെന്നും ദ ലാന്‍സെറ്റ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലിയിലും കോവിഡ് മഹാമാരി തടസങ്ങളുണ്ടാക്കി. ഇത് പ്രമേഹനിയന്ത്രണത്തെയും സാരമായി ബാധിച്ചു.

മഹാമാരിക്ക് മുമ്പും മഹാമാരി സമയത്തുമുള്ള വിവരങ്ങള്‍ അവലോകനം ചെയ്തതില്‍നിന്ന് സ്ത്രീകളിലും ചെറുപ്പക്കാരിലും വംശീയ ന്യൂനപക്ഷങ്ങളിലുമാണ് പ്രതികൂല ഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്ന് ഗവേഷകര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്‍പ്പടെയുള്ള ഗവേഷകസംഘം 138 പഠനങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്.

കോവിഡ് മരണത്തില്‍ പ്രമേഹം അപകടകാരിയാണെന്ന് കണ്ടെത്തിയ ഗവേഷക സംഘം ആരോഗ്യസംരക്ഷണത്തിലേക്കുള്ള പ്രവേശനം കുറച്ചതുള്‍പ്പടെ പ്രമേഹനിയന്ത്രണത്തില്‍ മഹാമാരിയുടെ പരോക്ഷസ്വാധീനവും വിശകലനം ചെയ്തിരുന്നു.

പ്രമേഹരോഗികളുടെ മരണത്തിലെ വര്‍ധനവിനൊപ്പം കുട്ടികളിലെ പ്രമേഹവും കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ഡയബറ്റിക് കീറ്റോഅസിഡോസിന്‌റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഛര്‍ദി, വയറുവേദന, മൂത്രമൊഴിക്കുന്നതിന്‌റെ ആവൃത്തി കൂടുക, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ഡയബറ്റിക് കീറ്റേഅസിഡോസിസ് ജീവഹാനിക്കുവരെ കാരണമാകാവുന്ന ഒന്നാണ്.

ടൈപ്പ് വണ്‍ പ്രമേഹത്തിലും വര്‍ധനവുണ്ടായിട്ടുള്ളതായി ഗവേഷണഫലം സൂചിപ്പിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികളെ അപേക്ഷിച്ച് ടൈപ്പ് വണ്‍ രോഗികളുടെ എണ്ണം കുറവാണ്. ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ടൈപ്പ് വണ്‍ കുട്ടിക്കാലത്തു കണ്ടുപിടിക്കുന്ന ഒന്നാണെങ്കിലും ഏതു പ്രായത്തിലും ഈ രോഗം പിടികൂടാം.

പ്രമേഹരോഗികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയും കോവിഡ് മരണസാധ്യതയും നിലനില്‍ക്കുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജെമി ഹാര്‍ട്ട്‌സ്മാന്‍ പറയുന്നു.

logo
The Fourth
www.thefourthnews.in