മരുന്നുകളെ നിര്‍വീര്യമാക്കുന്ന ബാക്ടീരിയകളും സൂപ്പര്‍ബഗുകളും ശക്തം; പഠനവുമായി ലാന്‍സെറ്റ്

മരുന്നുകളെ നിര്‍വീര്യമാക്കുന്ന ബാക്ടീരിയകളും സൂപ്പര്‍ബഗുകളും ശക്തം; പഠനവുമായി ലാന്‍സെറ്റ്

ലഭ്യമായിട്ടുള്ള മിക്ക ആന്‌റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്ന രോഗകാരികളായ സൂപ്പര്‍ബഗുകളുടെ വ്യാപനവും മരുന്നുകളുടെ ഫലം നിര്‍വീര്യമാക്കുന്ന ബാക്ടീരികളുടെ വര്‍ധനവും ഐസിഎംആര്‍ ഡേറ്റ സൂചിപ്പിക്കുന്നു

മരണങ്ങള്‍ക്കും ആശുപത്രിവാസത്തിനും പ്രധാന കാരണമായ രക്തത്തിലെ അണുബാധയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ആന്‌റിബയോട്ടിക്കുകളുടെ പ്രതിരോധം 2017 ജനുവരിക്കും 2022 ഡിസംബറിനും ഇടയില്‍ ഗണ്യമായി വര്‍ധിച്ചതായി പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു (ഐസിഎംആര്‍) കീഴിലുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ ആന്‌റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്കിന്‌റെ ഭാഗമായ പതിനാല് സംസ്ഥാനങ്ങളിലെ 21 തൃതീയ പരിചണ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം ഈ മാസം ലാന്‍സെറ്റ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ലഭ്യമായിട്ടുള്ള മിക്ക ആന്‌റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്ന രോഗകാരികളായ സൂപ്പര്‍ബഗുകളുടെ വ്യാപനവും മരുന്നുകളുടെ ഫലം നിര്‍വീര്യമാക്കുന്ന ബാക്ടീരികളുടെ വര്‍ധനവും ഐസിഎംആര്‍ ഡേറ്റ സൂചിപ്പിക്കുന്നു.

പഠനത്തിന്‌റെ ഭാഗമായി ഗവേഷകര്‍ സെപ്‌സിസിലേക്കും ആശുപത്രിവാസത്തിലേക്കും നയിക്കുന്ന രക്തത്തിലെ അണുബാധ സംബന്ധിച്ച 85,000 വിവരങ്ങള്‍ പരിശോധിച്ചു. രക്തത്തിലുണ്ടാകുന്ന അണുബാധകള്‍ ആഗോള ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും ബാധിക്കുന്നുണ്ട്. 2017-ലെ കണക്കനുസരിച്ച് ലോകത്താകമാനം 4.9 കോടി സെപ്‌സിസ് രോഗികളുണ്ട്. ഇതില്‍ 1.1 കോടി മരണപ്പെട്ടു. 41 ശതമാനം അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളെ ബാധിച്ചതായി പഠനം പറയുന്നു. ഇന്ത്യയില്‍ 1.1 കോടി വാര്‍ഷിക കേസുകളും 30 ലക്ഷം മരണവുമുണ്ടായിട്ടുണ്ട്.

മരുന്നുകളെ നിര്‍വീര്യമാക്കുന്ന ബാക്ടീരിയകളും സൂപ്പര്‍ബഗുകളും ശക്തം; പഠനവുമായി ലാന്‍സെറ്റ്
മനുഷ്യ വൃഷണങ്ങളിലും മൈക്രോപ്ലാസ്റ്റിക്! പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഗവേഷകര്‍

ക്ലെബ്‌സിയല്ല, ഇ കോളി, അസിനെറ്റോബാക്ടര്‍ എന്നീ ബാക്ടീരിയകള്‍ രക്തത്തിലെ അണുബാധയ്ക്ക് പ്രധാന കാരണങ്ങളാണ്. ശക്തമായ ബാക്ടീരിയല്‍ അണുബാധകളുടെ ചികിത്സയ്ക്കായി സാധാരണ ഉപയോഗിക്കുന്ന ഇമിപെനെം, മെറോപെനെം എന്നിവ കാര്‍ബപെനെ എന്ന ആന്‌റിബയോട്ടിക് ഗണത്തില്‍ പെടുന്നവയാണ്. ഈ ഗണത്തിലുള്ള ആന്‌റിബയോട്ടിക്കുകള്‍ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‌റ് ബാക്ടീരിയല്‍ അണുബാധ ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നവയാണ്.

എന്നാല്‍ ക്ലെബ്‌സിയല്ല, അസിനെറ്റോബാക്ടര്‍ അണുബാധകള്‍ കാരണം ആശുപത്രിയിലെത്തിയതില്‍ കാര്‍ബെപെനെം പ്രതിരോധം കാണിക്കുന്നുണ്ടായിരുന്നു. ദേശീയതലത്തില്‍ നിരവധി ബാക്ടീരിയല്‍ അണുബാധകള്‍ ചികിത്സിക്കാനുപയോഗിക്കുന്ന സിഫോടാക്‌സിം ആന്‌റിബയോട്ടിക് കാര്‍ബെപെനം പ്രതിരോധത്തിന്‌റെ സൂചകമായി വരുന്നുണ്ട്.

ആന്‌റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ആഗോള ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിരോധം കാരണം 2019-ല്‍ 0.495 കോടി മരണങ്ങളുണ്ടായിട്ടുണ്ട്. 2050ഓടെ വാര്‍ഷിക മരണങ്ങള്‍ ഒരു കോടിയുണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. താഴ്ന്ന- മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ ആന്‌റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അപകടകരമാകാം. പകര്‍ച്ചവ്യാധികളുടെ ഉയര്‍ന്ന നിരക്ക്, ആന്‌റിബയോട്ടിക് ഉപയോഗത്തിലെ വര്‍ധനവ്, കോവിഡ്-19 എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും പഠനം പറയുന്നു.

ഇന്ത്യയില്‍ നിര്‍ദേശിക്കപ്പെട്ട 57 ശതമാനം ആന്‌റിബയോട്ടിക്കുകളും ആന്‌റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് സാധ്യതയുള്ളതായി നാഷണല്‍ സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു.

logo
The Fourth
www.thefourthnews.in