48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു

48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു

സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം(എസ്ടിഎസ്എസ്) എന്ന ഈ അണുബാധ ഏറ്റാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമായേക്കാം

48 മണിക്കൂറിനുള്ളില്‍ ആളുകളെ കൊല്ലാന്‍ കഴിയുന്ന മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തിയശേഷമുണ്ടായ ഏറ്റവും വലിയ രോഗപ്പകര്‍ച്ചയായാണ് ഇത് കരുതുന്നത്.

സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം(എസ്ടിഎസ്എസ്) എന്ന ഈ അണുബാധ ഏറ്റാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമായേക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്‌റെ കണക്കനുസരിച്ച് ഈ വര്‍ഷം ജൂണ്‍ വരെ ജപ്പാനില്‍ 977 എസ്ടിഎസ്എസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 941 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ്(ജിഎഎസ്) കുട്ടികളില്‍ സാധാരണയായി തൊണ്ടവേദനയും വീക്കവും ഉണ്ടാക്കുന്നു. എന്നാല്‍ ചിലതരം ബാക്ടീരിയകള്‍ കൈകാലുകളില്‍ വേദനയും വീക്കവും പനിയും രക്തസമ്മര്‍ദം താഴുന്നതുള്‍പ്പെടെ രോഗലക്ഷണങ്ങളുമായി അതിവേഗം മാരകമാക്കുന്നു. ഇവ നെക്രോസിസ്, ശ്വസന പ്രശ്‌നങ്ങള്‍, അവയവങ്ങളുടെ പരാജയം എന്നിവയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിക്കുന്നതായി ബ്ലൂംബര്‍ഗ് പറയുന്നു.

48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
എന്തുകൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു? ഉത്തരം കണ്ടെത്തി ഗവേഷകര്‍

ഭൂരിഭാഗം മരണങ്ങളും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്ന് ടോക്കിയോ വിമണ്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് പ്രൊഫസര്‍ കെന്‍ കിക്കുചി പറഞ്ഞു. രാവിലെ കാല്‍പാദത്തില്‍ നീര്‍വീക്കം കാണപ്പെടുന്ന രോഗിക്ക് ഉച്ചയോടെ അത് മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും- കെന്‍ പറയുന്നു. 50 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍.

നിലവിലെ അണുബാധകള്‍ അനുസരിച്ച് ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വര്‍ഷം 2500 ആകുമെന്നും ഭീതിപ്പെടുത്തുന്ന രീതിയില്‍ മരണനിരക്ക് 30 ശതമാനം ആയിരിക്കുമെന്നും കെന്‍ പറയുന്നു. കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകള്‍ ഉണ്ടെങ്കില്‍ കാലതാമസം കൂടാതെ ചികിത്സ ഉറപ്പാക്കണമെന്നും കെന്‍ നിര്‍ദേശിക്കുന്നു. രോഗികളുടെ കുടലില്‍ ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് ഉണ്ടാകാമെന്നും ഇവ മലത്തിലൂടെ പുറത്തുപോകുമ്പോള്‍ കൈകള്‍ മലിനമാകാമെന്നും അദ്ദേഹം പറയുന്നു.

ബ്ലൂംബെര്‍ഗ് പറയുന്നതനുസരിച്ച് ജപ്പാന് പുറമേ മറ്റു ചില രാജ്യങ്ങളിലും അടുത്തിടെ സ്‌ട്രെപ്‌റ്റോ കോക്കാല്‍ ഷോക്ക് സിന്‍ഡ്രോം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022ന്‌റെ അവസാനത്തില്‍ കുറഞ്ഞത് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് രോഗത്തിന്‌റെ വര്‍ധനവ് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് കേസുകളുടെ വര്‍ധന കാണിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കോവിഡ് കാലത്ത് എങ്ങനെയാണോ രോഗങ്ങൾക്കെതിരേ പ്രതിരോധം തീർത്തത് അതിന് സമാനമായി ശുചിത്വ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ജപ്പാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്കു നൽകിയ നിർദേശം.

48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
പുക ശ്വസിക്കുന്നത് മരണത്തിലേക്കെത്തുന്നതെങ്ങനെ? അഗ്‌നിബാധയില്‍നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ഗുരുതരമാകുന്നത് എങ്ങനെ?

അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു ബാക്ടീരിയല്‍ അണുബാധയാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം. രോഗം പിടിപെട്ടുകഴിഞ്ഞാല്‍ വളരെ പെട്ടെന്നാണ് ജീവനെടുക്കാന്‍ ശേഷിയുള്ള ഒന്നായി എസ്ടിഎസ്എസ് മാറുന്നത്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ആന്‌റിബയോട്ടിക് ചികിത്സ നല്‍കുകയാണ് പ്രതിവിധി. എസ്ടിഎസ്എസിന്‌റെ ഭാഗമായുണ്ടാകുന്ന രക്തസമ്മര്‍ദം കുറയുന്നതും അവയവ പരാജയവും ഭേദപ്പെടുത്തുന്നതിനാകും ചികിത്സ കേന്ദ്രീകരിക്കുന്നത്.

രോഗം പിടിപെട്ട് ആദ്യ 24-48 മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദം വളരെ താഴ്ന്ന നിലയിലേക്ക് എത്തും. ഇതോടെയാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. തുടര്‍ന്ന് അവയവങ്ങളുടെ പരാജയം, ഹൃദയ നിരക്ക് കൂടുക, ദ്രുത ശ്വസനം എന്നിവ സംഭവിക്കുന്നു. വൃക്ക തകരാറിലായ ഒരാള്‍ക്ക് മൂത്രം ഉണ്ടാക്കാന്‍ സാധിക്കില്ല. കരള്‍ ആണ് തകരാറിലായതെങ്കില്‍ രക്തസ്രാവം ഉണ്ടാകാം. ഇതോടൊപ്പം ചര്‍മവും കണ്ണുകളും മഞ്ഞ നിറത്തിലാകും. രോഗം നിയന്ത്രിക്കുന്നതിന് അണുബാധയുള്ള കോശങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യേണ്ട സങ്കീര്‍ണ അവസ്ഥ ഉണ്ടാകാം. ചികിത്സ നല്‍കിയാലും അണുബാധ ഉണ്ടായ 10 പേരില്‍ മൂന്ന് പേര്‍ മരണപ്പെടാന്‍ സാധ്യതയുണ്ട്.

തുറന്ന മുറിവുള്ള ആളുകള്‍ക്കാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം സാധ്യത കൂടുതല്‍. അടുത്ത് ശസ്ത്രക്രിയ നടത്തിയവരും വൈറല്‍ അണുബാധയ്ക്ക് കാരണമാകുന്ന തുറന്ന വ്രണങ്ങളുള്ളവരും ഇതില്‍പ്പെടാം. എന്നിരുന്നാലും രോഗം ബാധിക്കുന്ന പകുതിയോളം പേരിലും അണുബാധ എങ്ങനെ ഉള്ളിലെത്തി എന്നത് വിദഗ്ധര്‍ക്കും കണ്ടെത്താനാകില്ല.

അറിയാം രോഗത്തെ

സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയ മൂലമാണ് മിക്കയാളുകളിലും സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) ഉണ്ടാകുന്നത്. സ്ട്രെപ്പ് എ എന്നറിയപ്പെടുന്ന സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

ഭൂരിഭാഗം സ്ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും കൃത്യമായ ആരോഗ്യപരിചരണം ആവശ്യമായി വരുകയും ചെയ്യും. പരിചരണം ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കെത്തും.

48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
എയര്‍ഫ്രയറിലെ പാചകം അര്‍ബുദ കാരണമാകുമോ? ഉരുളക്കിഴങ്ങ് പോലുള്ളവയുടെ ഡീപ് ഫ്രയിങ് ഒഴിവാക്കാം

കോവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിൽസയാണ് സ്ട്രെപ് എ അണുബാധയുള്ളവർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും ഇൻഫെക്ഷൻ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ബാധിച്ച് വഷളായാൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ അവസ്ഥയൊഴിവാക്കാൻ തുടക്കത്തിലെ ആന്റിബയോട്ടിക്കുകൾ നൽകുകയാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം.

logo
The Fourth
www.thefourthnews.in