ചായയും ആപ്പിളും ബെറിയും ശീലമാക്കൂ; പ്രായമായാലും ഓര്‍മക്കുറവുണ്ടാകില്ലെന്ന് പഠനം

ചായയും ആപ്പിളും ബെറിയും ശീലമാക്കൂ; പ്രായമായാലും ഓര്‍മക്കുറവുണ്ടാകില്ലെന്ന് പഠനം

71 വയസ് പ്രായമുള്ള 3,562 പേരിൽ മൂന്ന് വര്‍ഷത്തോളം പഠനം നടത്തി

ചായ, ആപ്പിള്‍, ബെറീസ് എന്നിവ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് പ്രായാധിക്യം മൂലമുണ്ടാകുന്ന ഓർമക്കുറവിനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫ്ലവനോളാണ് ഓര്‍മക്കുറവിനെ മറികടക്കാൻ സഹായിക്കുക. യുഎസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

71 വയസിനടുത്ത് പ്രായമുള്ള 3,562 ആളുകളിലാണ് ഗവേഷണം നടത്തിയത്. മൂന്നുവർഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ദിവസവും 500 മില്ലിഗ്രാം ഫ്‌ളവനോൾ സപ്ലിമെന്റ് കഴിക്കുന്നത് പ്രായമായവര്‍ക്ക് ഗുണം ചെയ്യുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചായ, ആപ്പിള്‍, ബെറീസ് എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവർക്ക് അല്ലാത്തവരെ അപേക്ഷിച്ച് മെമ്മറി ഫങ്ഷന്‍ കൂടുതാണെന്നും പഠനം പറയുന്നു

പഠനകാലയളിവില്‍ ഒരു വിഭാഗത്തിന് ദിവസേന 500 മില്ലിഗ്രാം ഫ്ളവനോൾ സപ്ലിമെന്റ് കഴിക്കാൻ ശുപാര്‍ശ ചെയ്തു. ഇവരെ പഠനത്തിന് മുൻപും ശേഷവും എന്ന രീതിയിൽ ഓര്‍മശക്തി പരിശോധനകൾക്ക് വിധേയരാക്കിയാണ് സര്‍വേ ഫലങ്ങള്‍ രേഖപ്പെടുത്തിയത്. നിരീക്ഷണത്തില്‍ സപ്ലിമെന്റ് എടുത്തവരിൽ ഓര്‍മശക്തി മെച്ചപ്പെടുന്നതായി കണ്ടെത്തി. അക്കൂട്ടത്തില്‍ മോശം ഭക്ഷണക്രമം പിന്തുടരുന്നവരും ഫ്ലേവനോളിന്റെ കുറഞ്ഞ ഉപഭോഗമുള്ളവരും ഉണ്ടായിരുന്നു. 10.5 ശതമാനമാനത്തിൽ നിന്ന് 16 ശതമാനമായി വരെ ഓര്‍മശക്തി മെച്ചപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. ചിലര്‍ക്ക് സപ്ലിമെന്റിന് പകരം ഫ്ലവനോൾ അടങ്ങിയ ചായ, ആപ്പിൾ, ബെറി എന്നിവയാണ് സ്ഥിരമായി നൽകിയത്.

പോഷകാഹാരവും തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണം ഡിമൻഷ്യക്കെതിരായ പോരാട്ടത്തിൽ സഹായകമാകും

ബ്രിട്ടനിലെ പ്രായമായവരിൽ ഭൂരിഭാഗവും ചായ, ആപ്പിൾ, ബെറീസ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പലരിലും ഓര്‍മ്മക്കുറവ് വലിയ പ്രശ്നമായി മാറില്ലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. പ്രായമാകുമ്പോൾ മനസിനെ ശക്തിപ്പെടുത്താൻ പോഷകങ്ങള്‍ ഭക്ഷണം അനിവാര്യമാണെന്ന നിഗമനത്തിലാണ് വിദഗ്ധർ എത്തിച്ചേർന്നത്. പഠനത്തിന്റെ ഭാഗമായി കൊക്കോയിൽ നിന്നുള്ള ഫ്ളവനോളുകളും നൽകിയിരുന്നു.

പുതിയ കണ്ടെത്തല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ന്യൂട്രീഷ്യൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനാവശ്യമായ ഡോസ് എളുപ്പത്തിൽ നേടാവുന്നതിനാൽ ചായ,ബെറീസ്, ആപ്പിള്‍ എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു

പോഷകാഹാരവും തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണം ഡിമൻഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ

logo
The Fourth
www.thefourthnews.in