സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം അവഗണിക്കരുത്; പിന്നിലുണ്ട് ഈ പത്ത് കാരണങ്ങള്‍

സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം അവഗണിക്കരുത്; പിന്നിലുണ്ട് ഈ പത്ത് കാരണങ്ങള്‍

സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം

ക്ഷീണം ദൈനംദിന ജീവിതത്തിന്‌റെ ഒരു ഭാഗമാണ്. എന്നാല്‍ ഇത് വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ അവഗണിക്കാവുന്ന ഒന്നല്ല. നിരന്തരമായ ക്ഷീണം സാധാരണമായി കാണരുത്. അത് വൈദ്യസഹായം തേടേണ്ട ഒന്നാണ്. സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. ആര്‍ത്തവം, ആര്‍ത്തവ വിരാമം എന്നിവയുടെ ഭാഗമായുണ്ടാകുന്ന ക്ഷീണം സ്വാഭാവികമാണ്. എന്നാല്‍ അതല്ലാതെയുണ്ടാകുന്നത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ക്ഷീണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം.

വിളര്‍ച്ച

രക്തത്തിലെ ഹീമോഗ്ലോബിന്‌റെ അളവ് കുറഞ്ഞ് വിളര്‍ച്ചയ്ക്ക് ഏറ്റവുമധികം സാധ്യത സ്ത്രീകളിലാണ്. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ പല സ്ത്രീകളും ഇത് അവഗണിക്കുകയാണ് പതിവ്. ചിലരില്‍ നിരന്തരമായ ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. എന്നാല്‍ ഇത് പാടേ അവഗണിക്കുന്നത് അപകടമാണ്.

വിഷാദം

മാനസിക പ്രശ്‌നങ്ങള്‍ ക്ഷീണം അധികരിക്കുന്നതിനുള്ള പ്രധാന കാരണമാണ്. വിഷാദവും പ്രസവാനന്തര വിഷാദവും സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്നുണ്ട്.

ഹൃദ്രോഗങ്ങള്‍

ഹൃദയാഘാതത്തിന്‌റെ മുന്നോടിയായി കടുത്ത ക്ഷീണം പ്രത്യക്ഷപ്പെടാം.

സ്ത്രീകളിലെ വിട്ടുമാറാത്ത ക്ഷീണം അവഗണിക്കരുത്; പിന്നിലുണ്ട് ഈ പത്ത് കാരണങ്ങള്‍
സ്ത്രീകളില്‍ കൂടുന്ന അണ്ഡാശയ അര്‍ബുദം; അറിയാം കാരണങ്ങള്‍, രോഗനിര്‍ണയം പ്രധാനം

പ്രമേഹം

പ്രമേഹത്തിന്‌റെ ഏറ്റവും പ്രധാന ലക്ഷണം വിട്ടുമാറാത്ത ക്ഷീണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‌റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതുകൊണ്ടാണ് ക്ഷീണം അനുഭവപ്പെടുന്നത്. മരുന്നുകളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഇതിന് പരിഹാരം കണ്ടെത്താം.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് ഹോര്‍മോണിന്‌റെ അളവ് കൂടുന്നതും കുറയുന്നതും വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകും. ഹൈപ്പോതൈറോയ്ഡിസം ശരീരത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുമ്പോള്‍ ഹൈപ്പര്‍ തൈറോയ്ഡിസം തൈറോയ്ഡിന്‌റെ പ്രവര്‍ത്തനം കൂട്ടുന്നു. ഇത് രണ്ട് അമിതക്ഷീണത്തിലേക്ക് നയിക്കുന്നു.

സ്ലീപ് അപ്നിയ

ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നത് ഉറങ്ങുമ്പോഴാണ്. എന്നാല്‍ സ്ഥിരമായി ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്ന സ്ലീപ് അപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ കടുത്ത ക്ഷീണത്തിലേക്കും ഊര്‍ജസ്വലത ഇല്ലായ്മയിലേക്കും നയിക്കും.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന്‌റെ ലക്ഷണങ്ങളായ അസഹനീയമായ ചൂട്, മൂഡ് മാറ്റങ്ങള്‍, ശരീര വേദന, ഉറക്കക്കുറവ് എന്നിവ കടുത്ത ക്ഷീണത്തിന് കാരണമാകും.

സമ്മര്‍ദം

കടുത്ത സമ്മര്‍ദവും ക്ഷീണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം

ഇതിന്‌റെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോമിന്‌റെ ഭാഗമായുണ്ടാകുന്ന കടുത്ത വിട്ടുമാറാത്ത ക്ഷീണം പെട്ടെന്ന് മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്.

ആര്‍ത്തവം

ആര്‍ത്തവത്തിന്‌റെ ഭാഗമായുണ്ടാകുന്ന വേദന, ബ്ലീഡിങ്, ഹീമോഗ്ലോബിന്‌റെ അളവ് കുറയുന്നത്, ഹോര്‍മോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവ ശരീരത്തെ ക്ഷീണത്തിലേക്ക് തള്ളിവിടുന്നു.

logo
The Fourth
www.thefourthnews.in