കോവിഡ് അടക്കം മൂന്ന് രോഗങ്ങൾ ഒറ്റ പരിശോധനയിൽ കണ്ടെത്താം; കിറ്റ് വികസിപ്പിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് അടക്കം മൂന്ന് രോഗങ്ങൾ ഒറ്റ പരിശോധനയിൽ കണ്ടെത്താം; കിറ്റ് വികസിപ്പിച്ച് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ഇന്‍ഫ്‌ളുവന്‍സ എ,ബി, കോവിഡ് 19 എന്നിവ കണ്ടെത്തുന്നതിനുള്ള മള്‍ട്ടിപ്ലക്‌സ് സിംഗിള്‍ ട്യൂബ് റിയല്‍ ടൈം ആര്‍ടിപിസിആര്‍ ടെസ്റ്റ് എന്ന പരിശോധനാ കിറ്റാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്

കോവിഡ്, ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ ഇനി ഒറ്റ പരിശോധനയില്‍ കണ്ടെത്താം. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് മൂന്ന് രോഗങ്ങള്‍ നിര്‍ണയിക്കാവുന്ന, പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. മള്‍ട്ടിപ്ലക്‌സ് സിംഗിള്‍ ട്യൂബ് റിയല്‍ ടൈ ആര്‍ടി പിസിആര്‍ ടെസ്റ്റ് എന്നാണ് കിറ്റിന് നല്‍കിയിരിക്കുന്ന പേര്. താത്പര്യമുള്ള കമ്പനിയികള്‍ക്ക് കിറ്റ് വിപണിയിലെത്തിക്കാമെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഇന്‍ഫ്ളുവന്‍സ എ, ബി, സാര്‍സ് കോവ്-2 എന്നീ അണുബാധ കണ്ടെത്താന്‍ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ഈ പരിശോധന കിറ്റ് സഹായകമാണ്. ''ഒരു പരിശോധനയിലൂടെ മൂന്ന് അണുബാധകള്‍ കണ്ടെത്തുന്നത് എളുപ്പവും സമയം ലാഭവും കാര്യക്ഷമവുമായ മാര്‍ഗമാണ്. ഒരു വ്യക്തിയുടെ ഒരൊറ്റ സാമ്പിള്‍ ഉപയോഗിച്ച് ഒന്നിലധികം അണുബാധകള്‍ നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‌റെ പ്രത്യേകത. സാങ്കേതിക വിദഗ്ധര്‍ക്ക് ഓരോ രോഗത്തിനും പ്രത്യേകം പരിശോധന നടത്തേണ്ടതില്ല.'' ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍ഫ്‌ളൂവന്‍സ വിഭാഗം മേധാവി ഡോ. വര്‍ഷ പോട്ദാര്‍ പറഞ്ഞു.

മൂന്ന് അണുബാധകളുടെയും ലക്ഷണങ്ങള്‍ ഏറെക്കുറെ സമാനമായതിനാല്‍ ഒറ്റപരിശോധന ഏറെ സഹായകമാണ്. പ്രത്യേകിച്ച് ഫ്‌ളൂ സീസണില്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഘടകമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കിറ്റ് വിപണിയിലെത്തിക്കാന്‍ കമ്പനികളോട് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ജൂണ്‍14 വരെ അപേക്ഷ സമര്‍പ്പിക്കാം.

കോവിഡ് -19 പരിശോധനാ കിറ്റുകള്‍ക്ക് സമാനമായി രോഗിയുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ ഉള്ള സ്രവങ്ങളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. പലരാജ്യങ്ങളും സമാനമായ രീതിയില്‍ ഉള്ള പരിശോധനാകിറ്റ് വികസിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in