മൻസുഖ് മാണ്ഡവ്യ
മൻസുഖ് മാണ്ഡവ്യ

കോവിഡ് അവസാനിച്ചിട്ടില്ല; തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്രം

ചൈനയിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ജാഗ്രത കൂട്ടാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം. കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിദേശത്ത് നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കോവിഡ് വീണ്ടും പടർന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാന്‍ വിളിച്ച ഉന്നതതലയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ലോകമെമ്പാടും കോവിഡിന്റെ പുതിയ വകഭേദത്തോട് പൊരുതുമ്പോഴാണ് ഇന്ത്യ നാലാംതരംഗത്തെ നേരിടാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യോ​ഗം ചേർന്നത്. രാജ്യത്തെ ജനങ്ങളിൽ പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ മുൻകരുതൽ ഡോസ് എടുക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. രാജ്യത്ത് നിലവിൽ 28 ശതമാനം ആൾക്കാർ മാത്രമേ മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളൂ. കൂടാതെ, തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും ആറ് പ്രധാന കാര്യങ്ങളെ മുൻ നിർത്തിയാണ് അവലോകന യോഗത്തിൽ ചർച്ചകൾ നടന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ നൽകുക, കോവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ച് വിദഗ്ധരുമായി കൂടിയാലോചിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരെ പരിശോധിച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുക ഉള്‍പ്പെടെ കാര്യങ്ങളാണ് ചര്‍ച്ചയായത്. ഇതിന് പുറമെ, പുതുവത്സര ആഘോഷങ്ങളിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകളും യോ​ഗത്തിൽ ചർച്ച ചെയ്തു.

ദൈനംദിനം റിപ്പോർട്ട് ചെയ്യുന്ന എല്ലാ കോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കോവിഡ് വകഭേദങ്ങളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ സാർസ് കോവ്-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) ലാബുകളിലേക്ക് അയയ്ക്കണമെന്നും സർക്കാർ അറിയിച്ചു.

രാജ്യത്തെ പുതിയ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി പൊതുജനാരോഗ്യ നടപടികൾ എടുക്കുമെന്ന് ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച സാമ്പിളുകൾ നിർബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ കേസുകളും ഒരു മരണവും ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3,408 പേരാണ് ചികിത്സയിലുളളത്.

ചൈന അടുത്തിടെ സീറോ-കോവിഡ് നയം തിരുത്തിയതിന് തൊട്ടുപിന്നാലെ ഒമിക്രോൺ ബിഎഫ്.7 വകഭേദം വ്യാപിക്കുകയും ദിവസവും ധാരാളം പേർ മരിക്കുകയും ചെയ്തിരുന്നു. ജപ്പാൻ, യുഎസ്എ, ദക്ഷിണ കൊറിയ, ബ്രസീൽ ഉള്‍പ്പെടെ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് രാജ്യത്ത് ജാ​ഗ്രത പുലർത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമുളള നിർദേശം മന്ത്രി ആരോ​ഗ്യ പ്രവർത്തകർക്ക് നൽകിയത്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങൾ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in