കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

ഇന്ത്യയില്‍ വാക്സിന്‍ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും എത്രത്തോളം ഗുരുതരമാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു

കഴിഞ്ഞ ദിവസമായിരുന്നു ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നുസമ്മതിച്ചത്. കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക്ക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കോവിഷീല്‍ഡ് നിർമിച്ചത്. ഏകദേശം 175 കോടിയിലധികം ഡോസ് വിതരണം ചെയ്തിട്ടുമുണ്ട്.

അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതയിലായിരുന്നു കമ്പനിയുടെ തുറന്നുപറച്ചില്‍. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടിടിഎസ്) കമ്പനി ചൂണ്ടിക്കാണിച്ചിരിക്കുന്ന പാർശ്വഫലം.

കോവിഷീല്‍ഡ് ഉപയോക്താക്കള്‍ ആശങ്കപ്പെടണോ?

കോവിഡ് വാക്സിനേഷന്‍ നടന്ന ആദ്യ വർഷമായ 2021ല്‍ ഇന്ത്യയില്‍ 37 ടിടിഎസ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായും 18 മരണങ്ങള്‍ സംഭവിച്ചതായുമാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ടിടിഎസ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നും ഇന്ത്യയില്‍ വളരെ വിരളമാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. "ടിടിഎസ് വളരെ അപൂർവമായ പാർശ്വഫലമാണ്. യൂറോപ്യന്‍സിനെ അപേക്ഷിച്ച് ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഈ പാർശ്വഫലം ഉണ്ടാകാനുള്ള സാധ്യത അപൂർവങ്ങളില്‍ അപൂർവമാണ്. വാക്സിനേഷന്‍ നിരവധി ജീവനുകള്‍ രക്ഷിച്ചുവെന്നതിന് നമുക്ക് മുന്നില്‍ തെളിവുണ്ട്. അപകടസാധ്യതയെക്കാള്‍ കൂടുതല്‍ ഗുണമാണ് ഉണ്ടായത്," ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?
'കോവിഡ് വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് പറയാന്‍ അസ്ട്രസെനെക്കയ്ക്ക് യോഗ്യതയില്ല'; പാര്‍ശ്വഫല സാധ്യത തള്ളി ആരോഗ്യവിദഗ്ധര്‍

പാർശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വാക്സിനേഷന് ശേഷമുള്ള ആദ്യ വാരങ്ങളില്‍ മാത്രമാണ്. ഇന്ത്യയില്‍ ഒരു വലിയ വിഭാഗം തന്നെ മൂന്ന് ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചിട്ടുണ്ട്. കുത്തിവെപ്പ് എടുത്തിട്ട് ഒരുപാട് കാലവും കഴിഞ്ഞിരിക്കുന്നു, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടർ ഡോ. ഗഗന്‍ദീപ് കാങ് വ്യക്തമാക്കി. വാക്സിനേഷന് തൊട്ടുപിന്നാലെ മാത്രമാണ് പാർശ്വഫലമുണ്ടാകാന്‍ സാധ്യതയുള്ളെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കോവിഡ് വാക്സിന്‍ ഉപദേശക സമതിയില്‍ അംഗം കൂടിയായിരുന്നു ഡോ. ഗഗന്‍ദീപ്.

ഇതിനുപുറമെ കോവിഷീല്‍ഡ് വാക്സിന്റെ പാക്കേജിന് പുറത്ത് പാർശ്വഫലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ChAdOx1 nCoV-19 കൊറോണ വൈറസ് വാക്സിന് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ഉപയോഗത്തില്‍ വളരെ അപൂർവമായി പാർശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ത്രോംബോസിസ് രോഗാവസ്ഥയുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് പാർശ്വഫലങ്ങള്‍ കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?
കോവിഡ് വാക്‌സിനുകള്‍ അപൂർവമായെങ്കിലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; കോടതിയില്‍ നിര്‍മാതാക്കള്‍

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്ന 10 ലക്ഷം പേരില്‍ 8.1 ടിടിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും 2022ല്‍ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തിന്റെ പഠനത്തില്‍ അസ്ട്രസെനെക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന 10 ലക്ഷം പേരില്‍ ടിടിഎസ് കേസുകള്‍ 2.3 ആണ്. ഏഷ്യന്‍ രാജ്യങ്ങളിലെ അനുപാതം 10 ലക്ഷത്തില്‍ 0.2 മാത്രമാണ്.

കോവിഷീല്‍ഡ് വാക്സിന്‍ ഇനി സ്വീകരിക്കേണ്ടതുണ്ടോ?

വൈറസ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ ആന്റബോഡി ലെവല്‍ ഉയർന്നതായതിനാല്‍ വാക്സിന്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് അശോക സർവകലാശാലയ്ക്ക് കീഴിലുള്ള ത്രിവേദി സ്കൂള്‍ ഓഫ് ബയോസയന്‍സിലെ ബയോസയന്‍സസ് ആന്‍ഡ് ഹെല്‍ത്ത് റിസേർച്ച് വിഭാഗത്തിലെ ഡീന്‍ ഡോ. അനുരാഗ് അഗർവാള്‍ പറയുന്നത്. ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങളെ നേരിടാന്‍ പുതിയ വാക്സിന്‍ സ്വീകരിക്കുന്നതാണ് ഉത്തമമെന്നും ഡോ. അനുരാഗ് നിർദേശിച്ചു.

logo
The Fourth
www.thefourthnews.in