കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്;  പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം

കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്; പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം

ഈ ലോക കാൻസർ ദിനത്തിൽ ദ ഫോർത്ത് പരിചയപ്പെടുത്തുന്നത് കുട്ടികളുടെ കാൻസർ ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സ്തനാർബുദ അതിജീവിതയും നിരവധി പേർക്ക് ആശ്രയവും പ്രത്യാശയുടെ തണലുമായ ഡോ. കുസുമ കുമാരിയെയാണ്

ജന്മം കൊണ്ട് ഒരുമകന്റെ അമ്മ ആണെങ്കിലും കർമംകൊണ്ട് പതിനായിരത്തിലധികം മക്കളുടെ അമ്മയാണ് തിരുവനന്തപുരം ആർസിസിയിലെ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവി ആയിരുന്ന ഡോ. കുസുമ കുമാരി. കുട്ടികളുടെ അർബുദ ചികിത്സകയ്ക്ക് ഒപ്പം തന്നെ കാൻസർ അതിജീവിത കൂടിയാണ് ഡോ. കുസുമം. കൂടാതെ നിരവധി പേർക്ക് ആശ്രയമാകുന്ന പ്രത്യാശയുടെ അമ്മമരത്തണൽ. പിന്നിട്ട വഴികളും അതിജീവന കഥകളുമായി ഈ കാൻസർ ദിനത്തിൽ ദ ഫോർത്തിനൊപ്പം ചേരുകയാണ് ഡോ. കുസുമം.

Summary

ആർസിസിയിലെ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവി ആയി വിരമിച്ചിട്ടു ഏഴാം വർഷത്തിലേക്കു കടക്കുമ്പോഴും ഈ ഡോക്ടറമ്മ തിരക്കിലാണ്

അത്ര എളുപ്പമല്ലാതിരുന്ന ആ തുടക്കം

വളരെ യാദൃച്ഛികമായാണ് ഡോ. കുസുമം ആർ സി സി കുട്ടികളുടെ കാൻസർ വാർഡിലേക്ക് എത്തുന്നത്. എംഡി കഴിഞ്ഞു ലെക്ച്ചറർ ആയി ജോലി ലഭിച്ചപ്പോഴാണ് ആർസി സിയിൽ ഒരു ഒഴിവുണ്ടെന്നറിയുന്നത്. ഡോക്ടറുടെ ഭാഷയിൽ പറഞ്ഞാൽ സ്ഥലം മാറ്റം കിട്ടാത്ത ഒരു ജോലി മാത്രമായിരിരുന്നു 1984 കാലഘട്ടത്തിൽ അത്. മകൻ കുഞ്ഞാണ് അവനെ നോക്കണം. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റം ഇല്ലാതിരിക്കാൻ ഏറ്റവും നല്ല മാർഗം. 'ഞാൻ ആർസിസിയിൽ ജോയിൻ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രൊഫസർമാരുൾപ്പടെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.

പീഡിയാട്രിക് എംഡി ഉള്ള ആളാണ് അത് അവിടെ പോയി ഉപയോഗമില്ലാതെ പോകുമോ എന്നൊക്കെ ആയിരുന്നു അവരുടെ ആശങ്ക'- ഡോ. കുസുമം ആ കാലം ഓർക്കുന്നു. കാലം അന്നത്തേതു ആയിരുന്നതുകൊണ്ടാണ് അവർ ഇങ്ങനെ പറഞ്ഞത്. കാരണം അതിജീവന നിരക്ക് അന്ന് വളരെ കുറവായിരുന്നല്ലോ. അപ്പോഴും ഞാൻ അവരോടു പറഞ്ഞത് ട്രാൻസ്ഫർ ഇല്ലാത്ത ഒരു ജോലി ആണ് എനിക്ക് ആവശ്യം എന്നുമാത്രമായിരുന്നു.

കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്;  പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം
ഒരു വര്‍ഷം 14 ലക്ഷത്തിലധികം കേസുകള്‍; അര്‍ബുദ രോഗബാധയുടെ ഭയപ്പെടുത്തുന്ന കണക്കുകള്‍

ഇതത്ര എളുപ്പം പിടിച്ച പണി അല്ല

ജോലിക്കു കയറി കഴിഞ്ഞപ്പോൾ മനസിലായി ഇതത്ര എളുപ്പം പിടിച്ച പണി അല്ല എന്ന്. കണ്ണ് നിറയാതെ ഒരു ദിവസം പോലും വീട്ടിലേക്കു വരാൻ കഴിയാത്ത അവസ്ഥ. ചികിത്സയ്‌ക്കെത്തുന്ന കുട്ടികളിൽ കാണുന്നതെല്ലാം സ്വന്തം മകന്റെ മുഖം. കുട്ടികളുടെ ഓങ്കോളജി വാർഡിലെ ഒരേ ഒരു ഡോക്ടർ ആയതുകൊണ്ടുതന്നെ മറ്റൊരാളെ നിർദ്ദേശിക്കാനോ വിവരങ്ങൾ പങ്കുവയ്ക്കാനോ ആരുമില്ലാത്ത അവസ്ഥ. വൈകിട്ട് വീട്ടിലെത്തി ഭർത്താവ് ചന്ദ്രശേഖരൻ നായരോട് സങ്കടങ്ങൾ പങ്കുവയ്ക്കുന്നത് വരെ ആ അമ്മമനസും അവർക്കൊപ്പം വിതുമ്പിക്കൊണ്ടിരിക്കും. ഗത്യന്തരമില്ലാതെ ഒരു ദിവസം ഭർത്താവിനോട് തീർത്തു പറഞ്ഞു ഈ ജോലി എനിക്ക് പറ്റില്ല. എന്നാൽ ഭർത്താവിന്റെ മറുപടി കേട്ടപ്പോൾ ഡോക്ടർ ഉറപ്പിച്ചു ഇനി എന്റെ ജീവിതം ആർസിസിയിൽ എത്തുന്ന കുരുന്നുകൾക്ക് വേണ്ടിയാകുമെന്ന്.

'നീ അല്ലെങ്കിൽ പിന്നെ അവർക്ക് ആര്?'

ഒന്നുമറിയാത്ത കുട്ടികളിൽ എത്തുന്ന കാൻസർ അതായിരുന്നു എനിക്ക് താങ്ങാവുന്നതിലും അപ്പുറം. ഇന്നത്തെ പോലെ ചികിത്സാ സംവിധാനങ്ങൾ വികസിച്ചിട്ടില്ലാത്ത കാലം ആണെന്ന് ഓർക്കണം. അതായിരുന്നു അന്ന് എനിക്ക് ഈ ജോലി പറ്റില്ല എന്ന് ഭര്‍ത്താവിനോട് പറയാൻ കാരണം. എന്നാൽ അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചത് 'നീ അല്ലെങ്കിൽ പിന്നെ അവർക്കു ആരാ ഉള്ളത്. വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം നിന്റെ ചികിത്സ കൊണ്ട് ഒരാൾ ക്കെങ്കിലും രോഗം ഭേദമാകുകയോ ആശ്വാസം ലഭിക്കുകയോ ചെയ്താൽ അതല്ലേ വേണ്ടത്' എന്നാണ്.

പിന്നെ ഒന്നും നോക്കിയില്ല പതിവിലും ഉഷാറായി പിന്നീടുള്ള ദിവസങ്ങളിൽ ആർസിസിയിൽ എത്തി. അത് 36 വർഷത്തോളം തുടർന്നു, ഇപ്പോൾ എനിക്ക് ഉറപ്പായും പറയാനാകും ഏറ്റവും സംതൃപ്തി നൽകിയ കാലം അതുതന്നെ ആയിരുന്നെന്ന്. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച മക്കൾ നിരവധി ആണ്. എവിടെവച്ച് കണ്ടാലും ഓടിവന്ന് കെട്ടിപിടിക്കുന്ന മക്കൾ ആണെന്റെ സ്വത്ത്.

അർബുദം കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അച്ഛനമ്മമാരോട് രോഗത്തെ കുറിച്ച് പറയേണ്ടി വരുന്നത്. ആരും കേൾക്കാൻ ഇഷ്ടപെടാത്ത ഒന്നാണ് കുഞ്ഞിന് ഈ രോഗം ആണെന്നത്

തുടങ്ങിയതും വിരമിച്ചതും വകുപ്പ് മേധാവിയായി

ഒരു മുറി, ഒരു മേശ, രണ്ട് കസേര ഇവയിലായിരുന്നു ആർസിസിയിൽ ഡോക്ടർ ജോലി തുടങ്ങുന്നത്. വരുന്ന കുട്ടികളെ സ്ത്രീകളുടെ വാർഡിലായിരുന്നു കിടത്തിയിരുന്നത്. അവിടെ നിന്ന് ആർസിസി കുട്ടികളുടെ വാർഡ് പുരോഗമിച്ചു തുടങ്ങി. ഒരു മുറിയിൽ നിന്ന് പിന്നീട് മൂന്ന് മുറിയിലേക്കു മാറി. 1996 ലാണ് ഇപ്പോഴത്തെ കെട്ടിടം വരുകയും 44 കിടക്കകളുള്ള ഒരു വാർഡിലേക്ക് മാറുകയും ചെയുന്നത്. ആദ്യ മൂന്നു വർഷം ഞാൻ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നതിനാൽ ഞാൻ പറയാറുണ്ട് ജോയിൻ ചെയ്തതും വിരമിച്ചതുമെല്ലാം വകുപ്പ് മേധാവി ആയാണെന്ന്. ഇടക്കിടെ ഡോക്ടർമാർ വന്നും പോയും നിന്നു, ശേഷം 12 വർഷം കഴിഞ്ഞാണ് സ്ഥിരമായുള്ള ഒരു ഡോക്ടർ ജോയിൻ ചെയ്യുന്നത്.

ഒരിക്കലും മറക്കില്ല ആ ഒൻപത് വയസുകാരിയെ

ആർസിസിയിൽ എനിക്ക് മുന്നിൽ ആദ്യം എത്തിയത് ബോൺ കാൻസർ ബാധിതയായ ഒരു ഒൻപതു വയസുകാരിയാണ്. ഇപ്പോഴും ഒരു വിഷമത്തോടെ മാത്രമേ അവളെ ഓർക്കാൻ സാധിക്കൂ. രോഗം മാറി ഇപ്പോഴും സുഖമായിരിക്കുന്നുണ്ടങ്കിലും രോഗം ബാധിച്ച കാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ഇന്നത്തെ ചികിത്സാസൗകര്യങ്ങൾ അന്നുണ്ടായിരുനെങ്കിൽ അങ്ങനെ ചെയേണ്ടി വരുമായിരുന്നില്ല. പുതിയ കാര്യങ്ങൾ വരുമ്പോൾ ഞാൻ ഓർക്കാറുണ്ട് അന്ന് ഇതുണ്ടായിരുന്നെകിൽ അവളുടെ അമ്മക്ക് ഒക്കെ ഇത്രേം ബുദ്ധിമുട്ടേണ്ടി വരില്ലാരുന്നല്ലോ എന്ന്.

ഏറ്റവും ബുദ്ധിമുട്ടാണ് അത് പറയാൻ

അർബുദം കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അച്ഛനമ്മമാരോട് രോഗത്തെ കുറിച്ച് പറയേണ്ടി വരുന്നത്. ആരും കേൾക്കാൻ ഇഷ്ടപെടാത്ത ഒന്നാണ് കുഞ്ഞിന് ഈ രോഗം ആണെന്നത്. നിഭാഗ്യവശാൽ ഒരു ഡോക്ടർ എന്ന നിലയിൽ അത് അവരെ അറിയിക്കേണ്ടതുമുണ്ട്. അവരുടെ മാനസികാവസ്ഥ കൂടി നോക്കി പതിയെ ആണ് ഇത്തരം കാര്യങ്ങൾ അവരോടു പറയുന്നത്. കേട്ട് കഴിയുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ എങ്ങനെ ആണെന്ന് പറയാൻ പറ്റില്ല. എന്റെ മുന്നിൽ ബോധം കേട്ട് വീണ അച്ഛൻമാരുണ്ട്, അമ്മമാരുണ്ട്, നിർവികാര ഭാവത്തോടെ ഇരുന്നിട്ടുള്ളവരുണ്ട് , ഇനി എന്താണ് വേണ്ടത് എന്ന് അന്വേഷിച്ചവരുണ്ട്, നിലവിളിച്ചവരുണ്ട് അങ്ങനെ അവരുടെ അപ്പോഴത്തെ വികാരങ്ങൾ നമുക്കു പറയാൻ പറ്റുന്നതല്ല.

ചികിത്സിക്കുന്നത് കുട്ടികളെ ആയതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങളിൽ എല്ലാം ഞാനും ഒരു ഭാഗമാകാറുണ്ട്. പരീക്ഷ വിജയം മുതൽ കല്യാണവും കുടുംബകാര്യങ്ങളുമെല്ലാം അറിയിക്കുന്നവരും കാണാൻ വരുന്നവരും ഇപ്പോഴുമുണ്ട്

എന്നെ തേടിയുമെത്തി ആ വില്ലൻ

ആർസിസിയും കുട്ടികളുമായി മുന്നോട്ടു പോകുമ്പോഴാണ് സ്തനാർബുദത്തിന്റെ രൂപത്തിൽ കാൻസർ എന്നെ തേടിയുമെത്തിയത്. സത്യം പറഞ്ഞാൽ ഞാൻ ആദ്യം വിചാരിച്ചതു ആഹാ എനിക്കൊരു ഇടവേള കിട്ടിയല്ലോ എന്നാണ്. ആറ് മാസത്തേക്ക് ഫ്രീഡം കിട്ടിയല്ലോ വാർഡിന്റെ ടെൻഷൻ എടുക്കണ്ടല്ലോ എന്നൊക്കെ ഓർത്തു ഡയറക്ടറോട്‌ ചെന്ന് പറഞ്ഞു ഞാൻ ആറ്‌ മാസത്തെ ലീവ് എടുക്കുകയാണ് ഇതാണ് കാര്യം എന്ന്. ഉടൻ അദ്ദേഹം പറഞ്ഞത് അത് പറ്റില്ല ആദ്യം ഒരു മാസം ലീവ് എടുക്ക് അത് കഴിഞ്ഞു പിന്നെ തീരുമാനിക്കാം ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞു എത്ര നാൾ വേണമെന്ന് തീരുമാനിക്കാം എന്നായിരുന്നു. എല്ലാവരോടും പറയാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് ആ ആറ് മാസമായിരുന്നെന്ന്. കാരണം എനിക്ക് വീട്ടുകാര്യമോ നാട്ടുകാര്യമോ ഒന്നും നോക്കണ്ട, ഒരു പക്ഷെ എനിക്ക് വീട്ടിൽ അത്രയും സപ്പോർട്ട് ഉള്ളതുകൊണ്ട് ആയിരുന്നിരിക്കാം. മകന്റെ ആണെങ്കിലും കല്യാണം കഴിഞ്ഞിരുന്നു. ഭര്‍ത്താവ് ആണെങ്കിൽ വിഎസ് എസിയിൽ നിന്ന് വിരമിച്ചു പഠിപ്പിക്കാൻ പോകുകയായിരുന്നു. അദ്ദേഹം ഒരു സെമെസ്റ്ററിലേക്കു ലീവ് എടുത്തു നിന്നു . ചികിത്സ ആണെങ്കിൽ ആര്‍സിസിയിൽ ആയിരുന്നു. എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല.

കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്;  പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം
2050ഓടെ കാന്‍സര്‍ കേസുകളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന; മരണനിരക്കും കൂടും

അവരുടെ എല്ലാം കുടുംബത്തിലെ ഒരംഗം

ചികിത്സിക്കുന്നത് കുട്ടികളെ ആയതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങളിൽ എല്ലാം ഞാനും ഒരു ഭാഗമാകാറുണ്ട്. പരീക്ഷ വിജയം മുതൽ കല്യാണവും കുടുംബകാര്യങ്ങളുമെല്ലാം അറിയിക്കുന്നവരും കാണാൻ വരുന്നവരും ഇപ്പോഴുമുണ്ട്. ഇതൊക്കെ തന്നെ ആണ് എന്റെ സന്തോഷവും. ഇപ്പോഴും ഞാൻ ഇടയ്ക്കു ഓർക്കാറുണ്ട് അന്ന് ഞാൻ ആർസിസി വിട്ടു ഇറങ്ങിയിരുന്നെങ്കിൽ ഇത്രയധികം മക്കളുടെ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിക്കുമായിരുന്നോ എന്ന്.

കാട്ടാകട ഉള്ള ഒരു മകൾക്കാകട്ടെ അവളുടെ കല്യാണത്തിന് ഞാൻ തന്നെ താലി എടുത്തു കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. കല്യാണം കഴിക്കാൻ പോകുന്ന പയ്യനും അതെയിരുന്നു ആഗ്രഹം. ഒടുവിൽ അവിടെ പോയി ആ ചടങ്ങ് ചെയ്തു അവരുടെ സന്തോഷത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴും ഇത്തരം സന്തോഷങ്ങൾ തേടിയെത്താറുണ്ട്. സാധിക്കുന്നവയ്ക്കൊക്കെ ഭാഗമാകാറുമുണ്ട്

പ്രത്യാശയുടെ അമ്മമരത്തണൽ

കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു കഴിയുമ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ ഈ രോഗം മാറികിട്ടിയ ഒരു കുട്ടി എങ്കിലും ഉണ്ടോയെന്ന്. ഇതിൽ നിന്നാണ് രോഗം അതിജീവിച്ചവരുടെ ഒരു മീറ്റിംഗ് വച്ചത്. ഒരു പാരന്റ്സ് സപ്പോർട്ട് ഗ്രൂപ്പ് എന്ന രീതിയിൽ ഒരു ഗ്രൂപ്പ് ആക്കിക്കഴിഞ്ഞാൽ പിന്നെ വരുന്നവർക്ക് നമുക്കു ചൂണ്ടിക്കാണിക്കാമല്ലോ എന്ന് കരുതിയാണ് ഒരു ഗ്രൂപ്പ് തുടങ്ങിയത്. രണ്ടായിരത്തിൽ തുടങ്ങി 2003 -ൽ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തു. അതാണ് കുമാരപുരത്തുള്ള പ്രത്യാശയിൽ എത്തി നിൽക്കുന്നത്.

home away from home എന്ന സങ്കൽപത്തിൽ കാൻസർ ബാധിതരായ കുട്ടികൾക്ക് താമസിക്കാൻ ഒരു സൗകര്യം, ഭക്ഷണം എന്നിവ പ്രത്യാശയിലുണ്ട്. ഒരു സങ്കടം ഉള്ളത് ഇപ്പോൾ പത്ത് കുട്ടികളെ മാത്രമേ നമുക്ക് താമസിപ്പിക്കാൻ പറ്റു. കേരളത്തിനു പുറമെ തമിഴ്നാട് തിരുനെൽവേലി വരെയുള്ള കുട്ടികൾ ആർ സി സിയിൽ എത്തുന്നുണ്ട്. ഒരു വർഷംതന്നെ 600 -ൽ പ്പരം പുതിയ രോഗികൾ എത്തുന്നുണ്ട്. രണ്ടര വർഷം വരെ ചികിത്സ വേണ്ടുന്ന കാൻസറുകളുണ്ട്. ദൂരെ നിന്ന് വരുന്നവർക്ക് താമസം വളരെ ബുദ്ധിമുട്ടാണ്. മരുന്നിന്റെ കാര്യത്തിൽ ആയാലും ചെയ്യാൻ സാധിക്കുന്നത് പ്രത്യാശയിൽ ചെയ്തു കൊടുക്കും.

കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്;  പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം
നേരത്തെ കണ്ടെത്തി പ്രതിരോധിക്കാം സെര്‍വിക്കല്‍ കാന്‍സര്‍, അറിയേണ്ടത്

രോഗികളോട്‌ പറയാനുള്ളത്

ആദ്യം വേണ്ടത് രോഗം വന്നു കഴിഞ്ഞാൽ അത് അംഗീകരിക്കുക എന്നതാണ്. കിട്ടാവുന്നിടത്തോളം ചികിത്സ സ്വീകരിക്കുക. ഡോക്ടർ പറയുന്നതനുസരിച്ചു മുന്നോട്ടു നീങ്ങുക. ഇനി എന്ത് എന്നത് ചിന്തിക്കാതിരിക്കുക. ചികിത്സയിൽ വിശ്വസിക്കുക. ഒരു പരിധി വരെ നമ്മുടെ മനോബലം രോഗത്തെ അതിജീവിക്കാൻ സഹായിക്കും

വിശ്രമ ജീവിതത്തിലും തിരക്കിലാണ് ഈ ഡോക്ടറമ്മ

ആർസിസി കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവി ആയി വിരമിച്ചിട്ടു ഏഴാം വർഷത്തിലേക്കു കടക്കുന്നു. എന്നാൽ ഈ ഡോക്ടറമ്മ ഇപ്പോഴും തിരക്കിലാണ്. പ്രത്യാശയുടെ പ്രവർത്തങ്ങൾക്കൊപ്പം തന്നെ പാലിയം ഇന്ത്യയുടെ പീഡിയാട്രിക് സർവീസ്, കൗൺസലിങ് എന്നിവയൊക്കെ ആയി സജീവമാണ്. ഒരു കാൻസർ ചികിത്സക എന്ന രീതിയിലും അതിജീവിത എന്ന നിലയിലും കൗൺസലിങ് നൽകുന്നുണ്ട്. പലപ്പോഴും ഒരാള്‍ക്കൊപ്പം തന്നെ മണിക്കൂറുകൾ ചെലവിടേണ്ടി വരാം. പക്ഷേ എന്നിൽ നിന്ന് അവർക്കു ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ അതാണ് എന്റെ സന്തോഷം

logo
The Fourth
www.thefourthnews.in