പ്രമേഹപരിശോധന ഏതു പ്രായം മുതല്‍ തുടങ്ങണം? ചികിത്സയില്‍ അറിയേണ്ടത്

പ്രമേഹപരിശോധന ഏതു പ്രായം മുതല്‍ തുടങ്ങണം? ചികിത്സയില്‍ അറിയേണ്ടത്

പ്രമേഹസാധ്യത തിരിച്ചറിഞ്ഞ് അത് പ്രതിരോധിക്കാനുള്ള നടപടിയെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം

ഓരോ ദിവസം പിന്നിടുമ്പോഴും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നു, പ്രായപരിധിയാകട്ടെ കുറഞ്ഞും. ഹൃദ്രോഗം മുതല്‍ പാദരോഗം വരെ ഒരുകൂട്ടം രോഗങ്ങളിലേക്ക് വാതില്‍തുറക്കുകയാണ് പ്രമേഹം. കൊച്ചുകുട്ടികളില്‍ തുടങ്ങി പ്രായമായവര്‍വരെ ഈ രോഗത്തിന്‌റെ ഇരകളാകാം. ഇതൊക്കെ പലര്‍ക്കും അറിയാമെങ്കിലും പ്രമേഹരോഗികളാകട്ടെ, അപകടസാധ്യതാ ലിസ്റ്റിലുള്ളവരാകട്ടെ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രമേഹരോഗം ചികിത്സിക്കേണ്ടതിന്‌റെയും അപകടവാസ്ഥ ബോധ്യപ്പെടുത്തേണ്ടതിന്‌റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 14 ലോകപ്രമേഹദിനമായി ആചരിക്കുന്നു. പ്രമേഹസാധ്യത തിരിച്ചറിഞ്ഞ് അത് പ്രതിരോധിക്കാനുള്ള നടപടിയെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം.

എന്താണ് പ്രമേഹം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രധാനമായും നാല് ടൈപ്പുകളാണ് പ്രമേഹത്തിനുള്ളള്ളത്, ടൈപ്പ് 1 മുതല്‍ ടൈപ്പ് 4 വരെ. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.

പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പിടികൂടാറുള്ളത്.

ഇന്‍സുലിന്‍ ഉത്പാദനത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് ടൈപ്പ് 2. പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാര്‍ മൂലമാണ് ടൈപ്പ് 3 പ്രമേഹം പിടിപെടുന്നത്. ഗര്‍ഭകാലത്ത് കാണപ്പെടുന്ന പ്രമേഹമാണ് ടൈപ്പ് 4 എന്നറിയപ്പെടുന്ന ജസ്റ്റേഷണല്‍ ഡയബറ്റിസ്.

പഠനത്തിനനുസരിച്ച് വര്‍ധിക്കുന്ന പ്രമേഹരോഗികള്‍

ജനസംഖ്യ കൂടിയതും ജീവിതരീതികളില്‍ വന്ന മാറ്റവുമൊക്കെ പ്രമേഹരോഗികളെ കൂടുതല്‍ സൃഷ്ടിച്ചെന്നു പറയാം. പ്രമേഹം ചികിത്സിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു രോഗമായതിനാല്‍ത്തന്നെ പഠനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. പ്രമേഹം നിയന്ത്രിക്കുകയെന്നത് കുറച്ച് കഷ്ടപ്പാടാണ്. പ്രതിരോധവും ചികിത്സയും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ പ്രമേഹത്തിനായി നടന്നുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് എന്നിട്ടും ഇതിന് പരാജയം സംഭവിക്കുന്നെന്നു ചോദിച്ചാല്‍ ഇപ്പോഴും ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും അല്ലെങ്കില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ശരാശരി ഒരു മനുഷ്യനും രോഗത്തെക്കുറിച്ച് അറിവില്ല എന്നതാണ് ഉത്തരം. രോഗത്തിന്‌റെ ഗൗരവം പറഞ്ഞു മനസിലാക്കിയാലും അതെല്ലാം പ്രാവര്‍ത്തികമാക്കുന്ന രോഗികളാകട്ടെ വളരെക്കുറവും.

ഇന്ത്യയില്‍ നോക്കുകയാണെങ്കില്‍ ഒരു രോഗിയെ കാണാനായി ഡോക്ടര്‍ എടുക്കുന്ന സമയം ശരാശരി ഒന്നര മിനിട്ടാണെന്നാണ് ഒരു പഠനത്തില്‍ തെളിഞ്ഞത്. എന്നാല്‍ ഒരു പ്രമേഹരോഗ ചികിത്സയില്‍ രോഗി പറയുന്ന കാര്യങ്ങള്‍ കോള്‍ക്കാനും ചികിത്സയില്‍ തീരുമാനം എടുക്കാനും മാനദണ്ഡങ്ങള്‍ അനുസരിച്ച് ചികിത്സാകുറിപ്പടി കൊടുക്കാനും തിരിച്ച് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ആരോഗ്യവിദ്യാഭ്യംസം നല്‍കുന്നതിനും പത്തുമിനിട്ടില്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പ്രമേഹരോഗ വിദഗ്ധന്‍ ഡോ.ജ്യോതിദേവ് കേശവദേവ് പറയുന്നു.

വേണം ആരോഗ്യവിദ്യാഭ്യാസം

പ്രമേഹരോഗ ചികിത്സയുടെ വിജയം ക്വാളിറ്റി കണ്‍സല്‍ട്ടേഷന്‍ ടൈമിലാണ്, ക്വാണ്ടിറ്റിയിലല്ല. ഇരുന്നൂറും മുന്നൂറും രോഗികള്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ രോഗികളുടെ പഞ്ചസാര അളവ് പരിശോധിച്ചാല്‍ അത് വളരെക്കൂടുതലായിരിക്കും. ക്വാളിറ്റി ടൈം അവര്‍ക്കുവേണ്ടി ചിലവഴിക്കാന്‍ നമുക്കു സാധിക്കണം. ആരോഗ്യവിദ്യാഭ്യാസത്തിനായി ഒരുപാട് സമയം ചിലവഴിച്ചാല്‍ മാത്രമേ ചികിത്സ വിജയിപ്പിക്കാന്‍ സാധിക്കൂ. രോഗികളില്‍ ചികിത്സയുടെ വിജയശതമാനം ശരാശരി എടുക്കുകയാണെങ്കില്‍ നാലു മുതല്‍ അഞ്ചു ശതമാനം എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. 95 ശതമാനത്തിലധികം പേര്‍ക്കും പ്രമേഹസംബന്ധമായ ഗരുരുതരാവസ്ഥകള്‍ വന്നെത്തുകയാണ്.

ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ശരാശരി ഒരു മനുഷ്യനും രോഗത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രമേഹചികിത്സ പരാജയപ്പെടാന്‍ കാരണം

പ്രമേഹചികിത്സയുടെ പരാജയം

പ്രമേഹം കണ്ടെത്തിയ ശേഷവും അല്ലെങ്കില്‍ പ്രമേഹ പ്രാരംഭാവസ്ഥയിലാണ് എന്നറിഞ്ഞ ശേഷവും അത് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ രോഗികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തീര്‍ത്തും കുറവാണ്. രോഗലക്ഷണം വേദനയായിട്ടോ ക്ഷീണമായിട്ടോ ഉണ്ടെങ്കില്‍ ഗൗരവത്തോടെ നമ്മള്‍ ചികിത്സിക്കും, ഇതൊന്നും പ്രമേഹത്തിന്‌റെ കാര്യത്തില്‍ പ്രകടമാകാത്തതുകൊണ്ടുതന്നെ നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും അവഗണിക്കുകയാണ് ചെയ്യുന്നത്. പ്രമേഹത്തിന്‌റെ കാര്യത്തില്‍ പറയുന്ന ഒരു സംഗതിയുണ്ട്, മരുന്ന് 50 ശതമാനവും ബാക്കി 50 ശതമാനം രോഗിയുടെ ജീവിതശൈലീ ക്രമീകരണവുമാണെന്ന്.

പ്രമേഹപരിശോധന ഏതു പ്രായം മുതല്‍ തുടങ്ങണം? ചികിത്സയില്‍ അറിയേണ്ടത്
വേണ്ടത് ഹെല്‍ത്തി ഡയറ്റ്; പ്രമേഹരോഗികളുടെ ഭക്ഷണ ക്രമീകരണം അറിയാം

മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടാകും, പക്ഷേ ഡയറ്റിലോ വ്യായാമത്തിലോ വ്യത്യാസം വരുത്താന്‍ പലരും തയാറാകില്ല. ഇത് പ്രമേഹചികിത്സ പരാജയപ്പെടുന്നതിനു കാരണമാണ്.

അനുബന്ധ രോഗ സാധ്യത

പ്രമേഹം കണ്ടെത്തിയിട്ടും രോഗം നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുകയോ ശരിയായ ചികിത്സ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് പാദരോഗം മുതല്‍ അര്‍ബുദം വരെയുള്ള ഒരുകൂട്ടം രോഗങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. പരമ്പരാഗത ചികിത്സവിധികളില്‍ ഇപ്പോഴും വിശ്വസിക്കുന്ന ഒരു 45 ശതമാനം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ശരിയായ ചികിത്സ സ്വീകരിക്കാതെ പ്രമേഹം മറ്റ് അവയവങ്ങളെ ബാധിച്ച ശേഷം ആധുനിക ചികിത്സ സ്വീകരിക്കും. പ്രമേഹചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായ, നൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഇന്‍സുലിന്‍ സ്വീകരിക്കാന്‍ വൈകിപ്പിക്കുക എന്നതും രോഗം വഷളാക്കുന്നു.

ഗ്ലൂക്കോസ് സ്വയം നിരീക്ഷിക്കുക, രക്തസമ്മര്‍ദം ക്രമീകരിക്കുക, വിദഗ്ധ നിര്‍ദേശം അനുസരിച്ച് മരുന്നുകളുടെ ഡോസ് മാറ്റിക്കൊണ്ടിരിക്കുക, വ്യായാമം ശീലിക്കുക, ഡയറ്റ് ക്രമീകരിക്കുക തുടങ്ങി രോഗിതന്നെ പരിശീലിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാം ചെയ്യുന്നവരാകട്ടെ വളരെ കുറവും. ഇതെല്ലാം ചെയ്യാന്‍ നമുക്കു സാധിക്കുകയാണെങ്കില്‍ പ്രമേഹരോഗ ചികിത്സ മറ്റ് അവയവങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാനാകും.

തുടര്‍ചികിത്സയുടെ പ്രാധാന്യം

എന്താണ് ഇന്‍സുലിന്‍ എന്നും പ്രമേഹരോഗ ചികിത്സയില്‍ എത്രത്തോളം നിര്‍ണായകമാണെന്നുമുള്ള അറിവുള്ളവരുണ്ടെങ്കിലും കൃത്യമായി ഇത് ഉപയോഗിക്കുന്നവര്‍ ചുരുക്കമാണ്. അതുപോലെ പ്രമേഹനിര്‍ണയം നടക്കുന്ന സമയം മുതല്‍ ഇടയ്ക്കിടെയുള്ള പരിശോധനയുടെ പ്രാധാന്യം രോഗികള്‍ അറിഞ്ഞിരിക്കണം. ഓരോ പ്രാവശ്യവും രോഗിയെ കാണുന്ന സമയത്ത് വേണ്ട നിര്‍ദേശങ്ങള്‍, ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, തുടര്‍ചികിത്സയുടെ പ്രാധാന്യം ഒക്കെ ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്. ഒരു കുറിപ്പടി വാങ്ങിപ്പോയി, എന്തെങ്കിലും അപകടസാധ്യത ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ചികിത്സയ്ക്കായി എത്തുകയല്ല വേണ്ടത്. തുടര്‍ചികിത്സയുടെയും ഇടയ്ക്കിടെയുള്ള പരിശോധനയുടെയും ആവശ്യം രോഗി തിരിച്ചറിയേണ്ടതുണ്ട്.

പ്രമേഹപരിശോധന ഏതു പ്രായം മുതല്‍ തുടങ്ങണം? ചികിത്സയില്‍ അറിയേണ്ടത്
കരള്‍ അപകടത്തിലാണോ? പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍

25 വയസു മുതല്‍ വേണം പരിശോധന

ഒരു പഠനത്തില്‍ കണ്ടത് 25 വയസു മുതല്‍ പ്രമേഹത്തിനായുള്ള അന്വേഷണം(സ്‌ക്രീനിങ്) ആരംഭിക്കണമെന്നാണ്. പ്രമേഹത്തിന്‌റെ പ്രാരംഭദിശയിലാണെങ്കില്‍ തിരിച്ചറിയാന്‍ നേരത്തെയുള്ള സ്‌ക്രീനിങ് സഹായിക്കും. ചെറുപ്പകാലത്തുതന്നെ പലരിലും കുടവയര്‍ പ്രത്യക്ഷപ്പെടുകയാണ്. 10- 15 വയസുള്ള കുട്ടികളില്‍പ്പോലും ഇപ്പോള്‍ കുടവയറുണ്ട്. ഫാറ്റി ലിവറും ഇന്‍സുലിന്‍ റസിസ്റ്റന്‍സുമൊക്കെ ചെറുപ്രായത്തിലേ ആരംഭിക്കുന്നു.

ചുമ്മാതെ പറയാം, 20 വയസിലൊക്കെ പ്രമേഹം വരുന്നത് ഒരുപാട് കൊഴുപ്പും മധുരവുമൊക്കെ കഴിക്കുന്നതുകൊണ്ടും വ്യായാമം ഇല്ലാത്തതിനാലും കൂടുതല്‍ സമയം ഇരിക്കുന്നതുകൊണ്ടാണെന്നുമൊക്കെ. ഒരളവില്‍ ഇതൊക്കെ ശരിയാണെങ്കിലും നമ്മള്‍ തിരിച്ചറിയാതെ പോകുന്ന, പ്രാധാന്യം കൊടുക്കാത്ത പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. പാരമ്പര്യരോഗസാധ്യതയും സ്‌ട്രെസും അലസജീവിതരീതിയുമൊക്കെ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. രോഗസാധ്യത കൂടുതലുണ്ടെങ്കില്‍ 25 വയസിനു മുന്നേ പരിശോധന തുടങ്ങാം.

logo
The Fourth
www.thefourthnews.in