'എന്‌റെ ആരോഗ്യം എന്‌റെ അവകാശം'; അര്‍ബുദത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ വരുത്താം ഈ 10 മാറ്റങ്ങള്‍

'എന്‌റെ ആരോഗ്യം എന്‌റെ അവകാശം'; അര്‍ബുദത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ വരുത്താം ഈ 10 മാറ്റങ്ങള്‍

എന്‌റെ ആരോഗ്യം എന്‌റെ അവകാശം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന പ്രമേയം

ആഗോള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യത്തിന്‌റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴ് ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമാണ് ഏപ്രില്‍ ഏഴ്. എന്‌റെ ആരോഗ്യം എന്‌റെ അവകാശം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന പ്രമേയം. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, വിവരങ്ങള്‍ എന്നീ അടിസ്ഥാന മനുഷ്യാവകാശത്തിലാണ് ഈ വര്‍ഷത്തെ പ്രമേയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1945 ഒക്ടോബര്‍ 24ന് സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ പ്രധാന ലക്ഷ്യം ലോകമെമ്പാടുമുള്ള സമാധാനവും സുരക്ഷിതത്വവും എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ്. മെച്ചപ്പെട്ട ജീവിതത്തിനുള്ള ഒരു പ്രധാന ഘടകം പൊതുജനാരോഗ്യമായിരുന്നു. ഇത് കണക്കിലെടുത്ത് ഐക്യരാഷ്ടരസഭ സൃഷ്ടിച്ച നയതന്ത്രജ്ഞര്‍ അന്താരാഷ്ട്ര ലോകാരോഗ്യ സംഘടനയുടെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് 1948 ഏപ്രില്‍ ഏഴിന് ലോകാരോഗ്യസംഘടന സ്ഥാപിതമാകുകയും ചെയ്തു. എന്നിരുന്നാലും 1951ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. 1948 ജനുവരി 12നാണ് ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയില്‍ ചേര്‍ത്തത്.

ലോകത്താകമാനം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോകാരോഗ്യദിനത്തിന്‌റെ പ്രധാന ഉദ്ദേശ്യം. യുഎന്നിന്‌റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ആഗോള ആരോഗ്യപ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ജനങ്ങളെയും സ്ഥാപനങ്ങളെയും സര്‍ക്കാരുകളെയും ഇത് പഠിപ്പിക്കുന്നു.

ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ പേര്‍ അഭിമുഖീകരിക്കുന്നതും മരണകാരണങ്ങളില്‍ മുന്നില്‍നില്‍ക്കുന്നതുമായ ഒരു രോഗമാണ് അര്‍ബുദം. ലോകാരോഗ്യദിനമായ ഇന്ന് അര്‍ബുദത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട പത്ത് മാറ്റങ്ങള്‍ അറിയാം.

1. പുകവലി ഒഴിവാക്കാം

അര്‍ബുദത്തിനും അര്‍ബുദ മരണത്തിനുമുള്ള ഒരു പ്രധാന കാരണക്കാരന്‍ പുകവലിയാണ്. പുകവലിയും നിഷ്‌ക്രിയ പുകവലിയും ഒഴിവാക്കുകവഴി ശ്വാസകോശം, തൊണ്ട, വായ, പാന്‍ക്രിയാസ് എന്നിവിടങ്ങളിലെ അര്‍ബുദത്തെ പ്രതിരോധിക്കാനാകും.

'എന്‌റെ ആരോഗ്യം എന്‌റെ അവകാശം'; അര്‍ബുദത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ വരുത്താം ഈ 10 മാറ്റങ്ങള്‍
2040ഓടെ പ്രോസ്‌റ്റേറ്റ് അര്‍ബുദ രോഗികള്‍ ഇരട്ടിയാകും, മരണനിരക്കില്‍ 85 ശതമാനം വര്‍ധന; മുന്നറിയിപ്പുമായി പഠനം

2. ഭക്ഷണത്തിലെ ശ്രദ്ധ

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ഉള്‍പ്പെട്ട ഡയറ്റിന് പ്രാധാന്യം നല്‍കുക. ചുവന്ന മാംസം, സംസ്‌കരിച്ച ഇറച്ചി, മധുരപാനീയങ്ങള്‍, ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ മിതമാക്കുകവഴി സ്തനാര്‍ബുദവും ഗ്യാസ്‌ട്രോ ഇന്‌റസ്‌റ്റൈനല്‍ കാന്‍സറും തടയാം. സസ്യാധിഷ്ഠിത ഡയറ്റ് പോഷകങ്ങളാലും ആന്‌റിഓക്‌സിഡന്‌റുകളാലും സമ്പന്നമാണ്. ഇത് നീര്‍വീക്കം അകറ്റുകയും സാധാരണ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

3. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ശാരീരികമായി ആക്ടീവാകുകയും ചെയ്യുക

അമിതഭാരം സ്തനാര്‍ബുദം, കൊളോണ്‍ കാന്‍സര്‍, ഗര്‍ഭാശയാര്‍ബുദം, വൃക്കയിലെ അര്‍ബുദം എന്നിവയ്ക്കു കാരണമാകും. സ്‌ട്രെങ്ത് ട്രെയ്‌നിങ് വ്യായാമം ഉള്‍പ്പെടെ ആഴ്ചയില്‍ കുറഞ്ഞത് 150 മിനുറ്റ് എന്തെങ്കിലും വ്യായാമങ്ങള്‍ ശീലമാക്കുക വഴി അര്‍ബുദത്തെ പ്രതിരോധിക്കാം.

4. മദ്യം ഒഴിവാക്കുക

കരള്‍, സ്തനം, വന്‍കുടല്‍ എന്നിവിടങ്ങളിലെ അര്‍ബുദവുമായി മദ്യത്തിന്‌റെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നു. മദ്യത്തിന്‌റെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഈ അര്‍ബുദങ്ങളെ അകറ്റാന്‍ സഹായിക്കും.

5. സൂര്യപ്രകാശത്തില്‍നിന്നുള്ള ചര്‍മസംരക്ഷണം

അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ നേരിട്ട് പതിക്കുന്നത് ചര്‍മാര്‍ബുദത്തിന് കാരണമാകും. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയോ സൂര്യപ്രകാശത്തില്‍നിന്ന് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുകയോ ചെയ്യുകവഴി ചര്‍മാര്‍ബുദം തടയാം.

6. വാക്‌സിനുകള്‍ എടുക്കാം

ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി), ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകള്‍ കരള്‍ അര്‍ബുദത്തിനും സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കും.

7. അര്‍ബുദ അപകടസാധ്യത ഒഴിവാക്കാം

എച്ച്പിവി, ഹെപ്പറ്റൈറ്റിസ് സി പോലുള്ള അര്‍ബുദ സാധ്യത കൂടിയ അണുബാധകള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും സൂചികള്‍ പങ്കിടുന്നത് ഒഴിവാക്കുകയും ചെയ്യാം.

'എന്‌റെ ആരോഗ്യം എന്‌റെ അവകാശം'; അര്‍ബുദത്തെ അകറ്റാന്‍ ജീവിതശൈലിയില്‍ വരുത്താം ഈ 10 മാറ്റങ്ങള്‍
'കോവിഡിനേക്കാള്‍ 100 മടങ്ങ് ഗുരുതരമാകും'; പക്ഷിപ്പനി മഹാമാരി മുന്നറിയിപ്പുമായി വിദഗ്ധര്‍, മരണനിരക്ക് 50 ശതമാനം

8. ആരോഗ്യ പരിശോധനകള്‍ നടത്താം

സ്തനര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവ നേരത്തെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നവയാണ്. സ്വയം നിരീക്ഷണത്തിലൂടെ സ്തനാര്‍ബുദവും വൃഷണത്തിലെ കാന്‍സറും കണ്ടെത്താനാകും.

9. നല്ല ഉറക്കവും സമ്മര്‍ദം അകറ്റലും

ദിവസവും എട്ട് മണിക്കൂര്‍ ഉറക്കവും ധ്യാനം, യോഗ എന്നിവ ശീലമാക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ വ്യവസ്ഥ ശക്തമാക്കാനും സാധിക്കും.

10. പാരിസ്ഥിതികവും തൊഴില്‍പരവുമായ അപകടഘടകങ്ങള്‍ ഒഴിവാക്കാം

ആസ്‌ബെസ്റ്റോസ്, റേഡോണ്‍, ബെന്‍സീന്‍ എന്നിവ അര്‍ബുദത്തിനു കാരണമാകുന്നവയാണ്. ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ ശ്വാസകോശാര്‍ബുദം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാം.

logo
The Fourth
www.thefourthnews.in