ലോക മാനസികാരോഗ്യ ദിനം: കരുതല്‍വേണം അമ്മ മനസുകള്‍ക്ക്

ലോക മാനസികാരോഗ്യ ദിനം: കരുതല്‍വേണം അമ്മ മനസുകള്‍ക്ക്

ഗര്‍ഭകാലം സ്ത്രീയുടെ ജീവിതത്തിലെ വളെരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ കാലയളവില്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളോളം പ്രാധാന്യമുള്ളതാണ് മനസിനുണ്ടാകുന്ന മാറ്റങ്ങളും.

വളരെ ക്ഷീണിച്ചഅവസ്ഥയില്‍ വിറച്ചു വിറച്ചാണ് ശ്യാമ പേരിനാറ്റല്‍ മെന്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലേക്ക് കയറി വന്നത്. എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരമായിരുന്നില്ല അവള്‍ക്ക് വളരെ മെലിഞ്ഞ്, കവിളുകളൊട്ടി, കണ്ണുകള്‍ കുഴിഞ്ഞ്, അവശയായി.......

'എനിക്കൊന്നുറങ്ങണം.'

അതായിരുന്നു അവളുടെ ആവശ്യം. രണ്ടാഴ്ചയില്‍ കൂടുതലായി അവളുറങ്ങിയിട്ട്. ഇത് അവളുടെ രണ്ടാമത്തെ ഗര്‍ഭമാണ് ആദ്യഗര്‍ഭത്തിലെ കുഞ്ഞ് എട്ടാം മാസം ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് മരിച്ചു. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ അവള്‍ ഉറങ്ങാതെ കാവലിരിക്കുകയാണ്. കുഞ്ഞിന്റെ അനക്കമൊന്ന് കുറഞ്ഞെന്ന് തോന്നിയാല്‍ അവള്‍ പരിഭ്രാന്തിയിലാകും ആശുപത്രിയിലെത്തും. കുഞ്ഞിന്റെ റിപ്പോര്‍ട്ടുകളെല്ലാം നോര്‍മലാണെന്നും പ്രശ്‌നങ്ങളില്ലെന്നും ഡോക്ടറ്മാരും നഴ്‌സുമാരും എത്ര പറഞ്ഞിട്ടും അവള്‍ക്ക് സമാധാനം ഇല്ല.

കുഞ്ഞിനെകുറിച്ചുള്ള അതിയായ ആധിയാണ് ശ്യാമയ്ക്കെങ്കില്‍ സെലീനക്ക് നേരെ തിരിച്ചായിരുന്നു പ്രശ്‌നം. പ്രസവം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിന് മുലയൂട്ടാന്‍ അവള്‍ തയ്യാറല്ല.

'ഇനി കുഞ്ഞുമായി അരികെ വന്നാല്‍ ഞാനതിനെ കൊന്നുകളയും' അവള്‍ പുലമ്പിക്കൊണ്ടേയിരുന്നു.

ആഗോളതലത്തില്‍ ഏകദേശം 10 - 20 ശതമാനം സ്ത്രീകളും ഗര്‍ഭ-പ്രസവാനന്തര മാനസികാരോഗ്യ വെല്ലുവിളികള്‍ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ കണക്കുകള്‍ ഇതുലുമേറെ ആശങ്കാജനകമാണ്. 5 ഇന്ത്യന്‍ സ്ത്രീകളില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള ഗര്‍ഭകാല മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ഗര്‍ഭകാലം സ്ത്രീയുടെ ജീവിതത്തിലെ വളെരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ കാലയളവില്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളോളം പ്രാധാന്യമുള്ളതാണ് മനസിനുണ്ടാകുന്ന മാറ്റങ്ങളും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, നേരത്തെ ഉണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങള്‍, ശാരീരിക ആരോഗ്യ ഘടകങ്ങള്‍, വ്യക്തിജീവിതത്തിലെ മാറ്റങ്ങള്‍, ഉറക്കത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം പലതരത്തിനുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതില്‍ വിഷാദരോഗവും ഉത്കണ്ഠരോഗവുമാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. ഈ പ്രശ്‌നങ്ങളെ നേരത്തെ മനസിലാക്കുകയും മനസികാരോഗ്യക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യേണ്ടത് സന്തോഷകരമായ ഗര്‍ഭകാലത്തിനും ആരോഗ്യകരമായ പ്രസവത്തിനും അതിനുശേഷമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ക്ഷേമത്തിത്തിനും പരമപ്രധാനമാണ്.

ആഗോളതലത്തില്‍ ഏകദേശം 10 - 20 % സ്ത്രീകളും ഗര്‍ഭ-പ്രസവാനന്തര മാനസികാരോഗ്യ വെല്ലുവിളികള്‍ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ കണക്കുകള്‍ ഇതുലുമേറെ ആശങ്കാജനകമാണ്. 5 ഇന്ത്യന്‍ സ്ത്രീകളില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള ഗര്‍ഭകാല മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ മാതൃ-ശിശു ആരോഗ്യത്തിന് മാതൃ മാനസികാരോഗ്യ വൈകല്യങ്ങള്‍ ഒരു പ്രധാന പ്രശ്നമാണ്, പക്ഷേ അവയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

ഗര്‍ഭകാലത്ത് ഏകദേശം 10-13 ശതമാനവും പ്രസവാനന്തരം 25 -28 ശതമാനവും സ്ത്രീകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇതില്‍ ഏകദേശം 5 ശതമാനം സ്ത്രീകളില്‍ ഗുരുതരമായ മനസികപ്രശ്‌നമുള്ളവരും 9 ശതമാനം ഉയര്‍ന്ന ആത്മഹത്യാ പ്രവണത ഉള്ളവരുമാണ്.

സമീപ വര്‍ഷങ്ങളില്‍, നിരവധി പ്രസവചികിത്സകരും പൊതുജനാരോഗ്യ വിദഗ്ധരും മാനസികരോഗ വിദഗ്ധരും ഗര്‍ഭകാല-പ്രസവാനന്തര മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ മാര്‍സെ സൊസൈറ്റിയുടെ 2018-ലെ ബിനാലെ സയന്റിഫിക് മീറ്റിംഗ് അത്തരത്തിലുള്ള ഒരു ശ്രമമായിരുന്നു, ഇത് ഗര്‍ഭകാല മാനസികാരോഗ്യത്തെ പൊതുശ്രദ്ധയില്‍പ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ഗര്‍ഭകാല- പ്രസവാനന്തര മനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മാതൃസംരക്ഷണ കേന്ദ്രത്തില്‍ ഗൈനെക്കോളജി വിഭാഗവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസും ( IMHANS ) സംയൂക്തമായി 2018 ഇല്‍ മലബാര്‍ മേഖലയിലെ ആദ്യത്തെ പേരിനാറ്റല്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക് (മാനസം) ആരംഭിച്ചു. കോവിഡ്19 ലോക്കഡോണ്‍ കാരണം ക്ലിനിക് താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും 2022 സെപ്റ്റംബര്‍ 1 നു ക്ലിനിക്ക് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. മാതൃശിശു ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തുന്ന എല്ലാ ഗര്‍ഭിണികളെയും മാനസികാരോഗ്യ സ്‌ക്രീനിംഗ് നടത്തുകയും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങള്‍ ഗര്‍ഭകാലത്തും പ്രസവാന്തരവും ഇവിടെനിന്ന് നല്‍കുകയും ചെയ്യുന്നു.

പേരിനാറ്റല്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ (മാനസം) വരുന്ന സ്ത്രീകളുടെ കണക്കുകള്‍ പ്രകാരം ഗര്‍ഭകാലത്ത് ഏകദേശം 10-13 ശതമാനവും പ്രസവാനന്തരം 25 -28 ശതമാനവും സ്ത്രീകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇതില്‍ ഏകദേശം 5 ശതമാനം സ്ത്രീകളില്‍ ഗുരുതരമായ മനസികപ്രശ്‌നമുള്ളവരും 9 ശതമാനം ഉയര്‍ന്ന ആത്മഹത്യാ പ്രവണത ഉള്ളവരുമാണ്.

ഗര്‍ഭകാല മനസികാരോഗ്യപ്രശ്‌നങ്ങളുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ വികസനത്തിന് കാലതാമസവും പെരുമാറ്റപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതല്‍

വിഷാദം ഉത്കണ്ഠ പോലുള്ള ഗര്‍ഭകാല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അമ്മമാരുടെ ആരോഗ്യത്തിലും ജീവിത നിലവാരത്തിലും ഗുരുതരമായ പത്യാഘാതങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം കുട്ടികളുടെ മനസികാരോഗ്യത്തെയും വികസനത്തെയും നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. ഗര്‍ഭകാല മനസികാരോഗ്യപ്രശ്‌നങ്ങളുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ വികസനത്തിന് കാലതാമസവും പെരുമാറ്റപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ പ്രശ്‌നങ്ങള്‍ പങ്കാളിയെയും മറ്റ് കുടുംബാംഗങ്ങളെയും ബാധിക്കുകയും കുടുംബബന്ധങ്ങളെ വഷളാക്കുകയും ചെയ്യും. ഗര്‍ഭകാല മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യ സംരക്ഷണവും മാതൃ ആരോഗ്യ സംരക്ഷണവും സമന്വയിപ്പിക്കുന്നതിനും സര്‍ക്കാരും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

സംസ്ഥാനത്തു നടന്ന പഠനത്തിന്റെ ഫലമായി മാതൃ മാനസികാരോഗ്യ പരിചരണത്തിനായി കേരള സര്‍ക്കാര്‍ തുടങ്ങി വെച്ച 'അമ്മ മനസ് ' എന്ന ബൃഹത്തായ പദ്ധതി പാതിവഴിയില്‍ നില്‍ക്കുകയാണ്. സ്ത്രീകളുടെ ഗര്‍ഭകാല മാനസീകരോഗ്യത്തിനായുള്ള സമഗ്രമായ ഒരു പൊതുജനാരോഗ്യ പരിപാടി ഇനിയും നമ്മുടെ നാട്ടില്‍ വികസിച്ചിട്ടില്ല എന്നത് ഏറെ ഗൗരവകരമായ ഒരു പ്രശ്‌നമാണ് , നിലവില്‍, മാനസികാരോഗ്യ പ്രവര്‍ത്തകരുടെ ഗണ്യമായ കുറവ് കേരളം അഭിമുഖീകരിക്കുന്നുണ്ട് ഗര്‍ഭകാല മാനസികാരോഗ്യ സേവനങ്ങള്‍ വളരെ കുറവാണ്. സംസ്ഥാനത്ത് 100,000 ആളുകള്‍ക്ക് 0.3 സൈക്യാട്രിസ്റ്റുകളും 0.07 സൈക്കോളജിസ്റ്റുകളും മാത്രമാണ് ഇന്നുള്ളത്. ഈ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കുന്നതിന്, വിവിധ സവിധാനങ്ങളുടെ ഒരു സമഗ്രമായ ഏകോപനം ആവശ്യമാണ്., പൊതുജനാരോഗ്യ സേവനങ്ങളും അംഗന്‍വാടി-ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍) പ്രവര്‍ത്തകരും ഈ ഉദ്യമത്തില്‍ നിര്‍ണായക പങ്ക് വഹിക്കണം. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, അംഗന്‍വാടി-ആശ പ്രവര്‍ത്തകര്‍ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് സുപ്രധാന പങ്കുവഹിക്കുന്നവരാണ്. അവരുടെ പതിവ് ഗൃഹസന്ദര്‍ശനങ്ങളില്‍ ഗര്‍ഭകാല മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അവരെ പരിശീലിപ്പിച്ചാല്‍, അവര്‍ക്ക് ഗര്‍ഭിണികള്‍ക്കും പ്രസവശേഷം സ്ത്രീകള്‍ക്കും പ്രാഥമിക പിന്തുണ നല്‍കാനും ഗര്‍ഭകാല മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്ന തലത്തിലുള്ള പരിചരണത്തിലേക്ക് റഫര്‍ ചെയ്യാനും സധിക്കും.

പൊതുജനാരോഗ്യ സേവനങ്ങളുടെയും അംഗന്‍വാടി-ആശ പ്രവര്‍ത്തകരുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഗര്‍ഭകാല മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേരളത്തിന് ഗണ്യമായ പുരോഗതി കൈവരിക്കാനാകും

പൊതുജനാരോഗ്യ സേവനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്, സ്‌പെഷ്യലൈസ്ഡ് ഗര്‍ഭകാല മാനസികാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം, ടെക്‌നോളജിയും ടെലിമെഡിസിനും പ്രയോജനപ്പെടുത്തുന്നതും , മനസികാരോഗൃ ഹെല്‍പ്ലൈനുകള്‍ സ്ഥാപിക്കു ക്കുകയും ചെയ്യുന്നതിലൂടെ , അടിയന്തര സമയങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണയും ഇടപെടലും നല്‍കാന്‍ സഹായിക്കും . മാനസികാരോഗ്യ സേവനങ്ങള്‍ പരിമിതമായ ഗ്രാമപ്രദേശങ്ങളില്‍ ഇത് പ്രത്യേകിച്ചും നിര്‍ണായകമാണ്. ഈ നടപടികള്‍ നടപ്പിലാക്കുകയും പൊതുജനാരോഗ്യ സേവനങ്ങളുടെയും അംഗന്‍വാടി-ആശ പ്രവര്‍ത്തകരുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഗര്‍ഭകാല മാനസികാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേരളത്തിന് ഗണ്യമായ പുരോഗതി കൈവരിക്കാനാകും. അതുവഴി ഓരോ ഗര്‍ഭിണികള്‍ക്കും നവമാതാവിനും അര്‍ഹമായ പിന്തുണയും പരിചരണവും ലഭിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും നമുക്ക് സാധിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in