പുരുഷന്മാർ വീട്ടുജോലിയിൽ 
പങ്കാളിയാകുന്നുണ്ടോ? കണക്കെടുപ്പിന് ആപ്പുമായി സ്പെയിൻ

പുരുഷന്മാർ വീട്ടുജോലിയിൽ പങ്കാളിയാകുന്നുണ്ടോ? കണക്കെടുപ്പിന് ആപ്പുമായി സ്പെയിൻ

ഒരു വീട്ടില്‍ ആരൊക്കെ എന്തൊക്കെ ജോലികള്‍ ചെയ്യുന്നുണ്ട്? എത്രസമയം സ്വന്തംവീടിനായി ഓരോരുത്തരും സമയം ചെലവഴിക്കുന്നുണ്ട്. ഇതിന് കൃത്യമായ കണക്ക് വേണോ?

വീട്ടു ജോലികള്‍ സ്ത്രീകളുടെ മാത്രം മേഖലയാണോ? അല്ലേയല്ല. എന്നാല്‍ എല്ലായിടത്തും അടുക്കള ജോലിയും മറ്റ് വീട്ടുപണികളുമെല്ലാം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമെന്നാണ് വയ്പ്. അതിന് വികസിത രാജ്യമെന്നോ വികസ്വര രാജ്യമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഇതിനൊരു മാറ്റം കുറിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്‍.

ഒരു വീട്ടില്‍ ആരൊക്കെ എന്തൊക്കെ ജോലികള്‍ ചെയ്യുന്നുണ്ട്? എത്രസമയം സ്വന്തം വീടിനായി ഓരോരുത്തരും സമയം ചെലവഴിക്കുന്നുണ്ട്. ഇതിനൊന്നും കൃത്യമായ കണക്ക് ആര്‍ക്കുമില്ല. എന്നാല്‍ എല്ലാറ്റിനും കണക്കുണ്ട് സ്‌പെയിനില്‍ ഇനി മുതല്‍. കണക്കെടുപ്പിന് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് സ്പാനിഷ് സര്‍ക്കാര്‍. ലിംഗസമത്വം തന്നെയാണ് ലക്ഷ്യം.

പുതിയ ആപ്പില്‍ ആളുകള്‍ക്ക് വീട്ടിലെ ഓരോരുത്തരും ചെയ്യുന്ന വീട്ടുജോലികള്‍ രേഖപ്പെടുത്താം. കുടുംബാംഗങ്ങള്‍ വീട്ടില്‍ എത്രസമയം ചെലവാക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകും. എത്ര അസന്തുലിതമായാണ് ജോലിഭാരം വീട്ടിലുള്ളവര്‍ പങ്കിടുന്നതെന്ന് വ്യക്തമായാല്‍ കൂടുതല്‍ പുരുഷന്മാര്‍ സ്ത്രീകളെ സഹായിക്കാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുരുഷന്മാരെ വീട്ടുജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്നതിനൊപ്പം, എത്ര വലിയ ഭാരമാണ് സ്ത്രീകള്‍ വഹിക്കുന്നതെന്ന് മനസിലാക്കാനും കണക്കെടുപ്പ് സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

കഴിഞ്ഞയാഴ്ച ജനീവയിലാണ് ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കുന്ന കാര്യം സ്‌പെയിന്‍ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതിയിലായിരുന്നു, സ്പാനിഷ് സമത്വവിഭാഗം സെക്രട്ടറി ഏയ്ഞ്ചല റോഡ്രിഗസ് ഇക്കാര്യം പറഞ്ഞത്.

''ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു. കാരണം നിലവില്‍ ആ ജോലി വിഭജനം അസമമാണ്,'' ഏയ്ഞ്ചല റോഡ്രിഗസ് പറഞ്ഞു.

സ്‌പെയിനില്‍ സ്ത്രീ- പുരുഷ സമത്വം മെച്ചപ്പെടുത്തുന്നതിനായി തുല്യതാ മന്ത്രാലയം നടപ്പാക്കുന്ന നയങ്ങളുടെ ഭാഗമാണ് പുതിയ ആപ്പും. 1.9 കോടിയോളം രൂപ ചെലവഴിച്ച് വികസിപ്പിച്ചെടുത്ത ആപ്പ്, സൗജന്യമായി ആളുകള്‍ക്ക് ലഭ്യമാക്കും. വീടുകളില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന ജോലികള്‍ രേഖപ്പെടുത്താനും ആപ്പ് സഹായിക്കും. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി 20 മിനിറ്റ് കൊണ്ട് തീര്‍ക്കാമെങ്കിലും ഡിഷ്‌വാഷ് വാങ്ങാന്‍ ഒരാള്‍ ഓര്‍ത്തിരിക്കണമെന്നതും പ്രധാനമാണെന്ന് ഏയ്ഞ്ചല വിശദീകരിക്കുന്നു.

സ്പാനിഷ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വെ പ്രകാരം സ്ത്രീകളില്‍ 45.9 ശതമാനം പേര്‍ വീട്ടു ജോലി ചെയ്യുമ്പോള്‍ പുരുഷന്മാരില്‍ 14.7 ശതമാനം മാത്രമാണ് ഇതിന് തയ്യാറാകുന്നത്.

സര്‍ക്കാരിന്‌റെ ആപ്പ് പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് ഒരുഭാഗത്തുനിന്ന് ഉയരുന്നത്. ആപ്പിന്‌റെ കാര്യത്തില്‍ അസ്വസ്ഥരാകുന്നവരെ യഥാര്‍ഥത്തില്‍ അസ്വസ്ഥമാക്കുന്നത് വീട്ടുജോലികള്‍ ഇനി ചെയ്തു തുടങ്ങണമെന്ന കാര്യമാണെന്നാണ് എയ്ഞ്ചല റോഡ്രീഗസിന്‌റെ മറുപടി.

കഴിഞ്ഞ വര്‍ഷം സ്പാനിഷ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വെ പ്രകാരം സ്ത്രീകളില്‍ 45.9 ശതമാനം പേര്‍ വീട്ടുജോലി ചെയ്യുമ്പോള്‍ 14.7 ശതമാനം പുരുഷന്മാർ മാത്രമാണ് ഇതിന് തയ്യാറാകുന്നത്.

logo
The Fourth
www.thefourthnews.in