മെയ്ക്ക് ഇന്‍ കൊച്ചി; സുമതി നിര്‍മിച്ച വഞ്ചിക്ക് ചെലവ് 80 രൂപ മാത്രം!

വനിതാ ദിനമായ മാർച്ച് എട്ടിനു മുന്നോടിയായി കൊച്ചിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എട്ട് സ്ത്രീകളെ ദ ഫോർത്ത് പരിചയപ്പെടുത്തുന്നു

വെറും 80 രൂപ ചെലവില്‍ ഒരു വഞ്ചി നിര്‍മിക്കാന്‍ പറ്റുമോ? വെറുതേ നിര്‍മിച്ചാല്‍ മാത്രം പോരാ, തുഴഞ്ഞ് പുഴയുടെ അക്കരെ പോകുകയും വേണം. കേള്‍ക്കുമ്പോള്‍തന്നെ അസാധ്യമെന്നു പറയാന്‍ വരട്ടെ, എറണാകുളം ചേരാനെല്ലൂരിലെ ഹരിതസേനാംഗമായ സുമതി കുമാരനാണ് വെറും 80 രൂപ ചെലവില്‍ വഞ്ചി ഉണ്ടാക്കി താരമായിരിക്കുന്നത്. പാഴ്വസ്തുക്കളും സോഡാക്കുപ്പിയും ഉപയോഗിച്ച് സുമതി നിര്‍മിച്ച വഞ്ചി കാണാന്‍ ദിനംപ്രതി നിരവധി പേര്‍ എത്തുന്നുമുണ്ട്.

പാളിയ ആദ്യ ശ്രമം

വീട് പുഴയുടെ അരികിലായതിനാല്‍ വഞ്ചി യാത്ര സുമതിക്ക് അന്യമല്ല. അങ്ങനെ ഒരു യാത്രയ്‌ക്കിടയിലാണ് സ്വന്തമായി ഒരു വഞ്ചി നിര്‍മിച്ചാലോ എന്ന ആശയം സുമതിയിലെത്തുന്നത്. പിന്നീട് എങ്ങനെ നിര്‍മിക്കുമെന്നായി ചിന്ത. അത് അവസാനം എത്തിനിന്നത് വെള്ളത്തിന്റെ ബോട്ടിലുകളിലായിരുന്നു. പാഴായ പ്ലാസ്റ്റിക് കുപ്പികള്‍ അടുക്കിവെച്ച് അതിനുമുകളില്‍ ഷീറ്റും തെര്‍മോകോളും വച്ച് വഞ്ചി പണിതു. പക്ഷേ കയറി ഇരുന്നപ്പോള്‍ മനസിലായി ഇതിലെവിടെയോ പാകപ്പിഴ വന്നുവെന്ന്. കാരണം കയറി ഇരുന്നപ്പോഴേക്കും ചരിഞ്ഞു പോകുന്നു. പിന്നെ ഒട്ടും വൈകിയില്ല, ആദ്യ വഞ്ചി നിര്‍മാണത്തിലെ തെറ്റ് കണ്ടെത്തി അടുത്ത വഞ്ചിക്കുള്ള ഉദ്യമവുമായി മുന്നോട്ട്.

പാട്ടുംപാടി മറുകരയിലേക്ക്

ഹരിത കര്‍മസേനയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സുമതിയുടെ വഞ്ചി നിര്‍മാണം. ഇത്തവണ വെള്ളക്കുപ്പിക്കു പകരം സോഡാക്കുപ്പികളെയാണ് സുമതി ആശ്രയിച്ചത്. ആകെ ചെലവായതാകട്ടെ രണ്ട് സെല്ലോടേപ്പ് വാങ്ങിയവകയില്‍ വെറും 80 രൂപ മാത്രം. പരിപാടി വന്‍ വിജയമായെന്നു മാത്രമല്ല, പാട്ടും പാടി വഞ്ചി തുഴഞ്ഞ് പുഴയുടെ മറുകര വരെ സുമതി എത്തി.

പിന്തുണയുമായെത്തിയ സഹപ്രവര്‍ത്തകര്‍

സുമതിയുടെ വഞ്ചിയെക്കുറിച്ച് അറിഞ്ഞ സഹപ്രവര്‍ത്തകരും ഏറെ ഹാപ്പി. ഹരിതകര്‍മസേനയിലെ കൂട്ടുകാരും ചേരാനെല്ലൂര്‍ പഞ്ചായത്ത് അധികൃതരും വലിയ പിന്തുണ നല്‍കിയതോടെ ക്ലീന്‍ കേരളയുടെ പരിപാടിക്കായി വഞ്ചി കുറച്ചുകൂടി ഉഷാറാക്കി അവതരിപ്പിച്ചു. കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കി യാത്രക്കാരെ കയറ്റാന്‍ പറ്റുന്ന തരത്തില്‍ വലിയൊരു വഞ്ചി നിര്‍മിക്കലാണ്‌ സുമതിയുടെ അടുത്ത ലക്ഷ്യം.

ഇതൊക്കെ എന്ത്...

എന്ത് കലാപരിപാടിയായാലും സുമതി മുന്നിലുണ്ടാകും. ഏറെ ഇഷ്ടം പാട്ടിനോടാണ്. വഞ്ചി തുഴച്ചിലിനിടയിലും ചുണ്ടില്‍ പാട്ടുണ്ടാകും. പ്രായം 62 ആയെങ്കിലും ഒന്നിലും പിന്നോട്ട് പോകാന്‍ സുമതി തയ്യാറല്ല. നവകേരള സദസിനായി സംഘടിപ്പിച്ച പരിപാടിയില്‍ തലയില്‍ വിളക്കേന്തിയുളള നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. വീട് നിറയെ അലങ്കാര വസ്തുക്കളും സുമതി ഉണ്ടാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in