ഷി ജിന്‍പിങ്
ഷി ജിന്‍പിങ്

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ഷി ജിന്‍പിങ് മൂന്നാംതവണയും പ്രസിഡന്റ് സ്ഥാനത്തേക്ക്

സീറോ കോവിഡ് പോളിസിയും സാമ്പത്തിക നയങ്ങളും ചര്‍ച്ചയാകും

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ബീജിംഗില്‍ തുടക്കം. 2300 പ്രതിനിധികളാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. ഒക്ടോബര്‍ 22 വരെ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ണായക തീരുമാനങ്ങളുടേയും ചര്‍ച്ചകളുടേയും വേദിയാകും.

ഷി ജിന്‍പിങ് തന്നെ മൂന്നാംതവണയും പ്രസിഡന്റായി അധികാരം നിലനിര്‍ത്തുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. മാവോയ്ക്ക് ശേഷം പാര്‍ട്ടിയിലെ ശക്തനായ നേതാവാാന്‍ ഷി ജിന്‍പിങിന് വഴിയൊരുക്കുന്നതാകും പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങളെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ മിലട്ടറി കമ്മീഷന്‍ തലവന്‍ സ്ഥാനങ്ങളും 69കാരനായ ഷി ജിന്‍ പിങ് വഹിക്കും. പ്രസിഡന്‌റ് സ്ഥാനത്ത് രണ്ട് തവണ മാത്രമെ അധികാരത്തിലിരിക്കാനാകൂ എന്ന വ്യവസ്ഥ 2018ലാണ് ഷി ജിന്‍പിങിന് വേണ്ടി ചൈനീസ് പാര്‍ലമെന്‌റ് റദ്ദാക്കിയത്.

2012 മുതല്‍ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും 2013 മുതല്‍ ചൈനയുടെ പ്രസിഡന്റുമാണ് ഷി ജിന്‍പിങ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചൈനയിലെ മാധ്യമങ്ങള്‍ ഷി ജിന്‍പിങിന്‌റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്തകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പുറമെ ചര്‍ച്ചയാകുന്നത്

രാജ്യത്ത് പ്രതിഷേധങ്ങള്‍ കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്ന മറ്റൊരു പ്രധാന വിഷയം സീറോ കോവിഡ് നയമാകും. ബീജിംഗില്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് വേണ്ടത് ഭക്ഷണമാണ്, ആര്‍ടിപിസിആര്‍ ടെസ്റ്റുകളല്ല എന്ന ബാനറുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം ഗൗരവമായി തന്നെ യോഗം ചര്‍ച്ച ചെയ്യും. ലോക്ഡൗണുകള്‍ തുടരുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും ചര്‍ച്ച ചെയ്‌യും.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ സാഹചര്യവും ഷി ജിന്‍ പിങിന്‌റെ സാമ്പത്തിക നയങ്ങളും അംഗങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡിന് ശേഷമുള്ള രാജ്യത്തിന്‌റെ സാമ്പത്തികരംഗത്തെ കുറിച്ച് വിലയിരുത്തും. ആഗോള മാന്ദ്യത്തിന്‌റെ സാഹചര്യത്തില്‍ ചൈന സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യും.

logo
The Fourth
www.thefourthnews.in