സ്ത്രീകള്‍ക്കെതിരായ വിലക്ക്;  അഫ്ഗാനിലെ പ്രവർത്തനം നിർത്തിവെച്ച് മൂന്ന് സന്നദ്ധ സംഘടനകൾ

സ്ത്രീകള്‍ക്കെതിരായ വിലക്ക്; അഫ്ഗാനിലെ പ്രവർത്തനം നിർത്തിവെച്ച് മൂന്ന് സന്നദ്ധ സംഘടനകൾ

ഉത്തരവ് പാലിക്കാത്ത സംഘടനകളുടെ ലൈസൻസ് റദ്ദാക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു

സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ താലിബാൻ ഫത്വ പുറപ്പെടുവിച്ചതിന് പിന്നാലെ അഫ്ഗാനിലെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് മൂന്ന് വിദേശ സന്നദ്ധ സംഘടനകള്‍. അഫ്ഗാനിസ്ഥാനിലെ തീർത്തും ദുരിതമനുഭവിക്കുന്ന കുട്ടികളിലേക്കും സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കും വനിതാ ജീവനക്കാരില്ലാതെ തങ്ങൾക്ക് ഫലപ്രദമായി എത്തിച്ചേരാനാവില്ലെന്ന് സന്നദ്ധ സംഘടനകളായ സേവ് ദ ചിൽഡ്രനും നോർവീജിയൻ റെഫ്യൂജി കൗൺസിലും കെയർ ഇന്റർനാഷണലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

താലിബാൻ സ്ത്രീകൾക്ക് സർവകലാശാലയിൽ പ്രവേശനം വിലക്കിയതിന് തൊട്ടുപിന്നാലെയാണ് സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലിചെയ്യുന്നതിനെതിരെ താലിബാൻ ഫത്വ പുറപ്പെടുവിച്ചത്. സ്ത്രീകളില്‍ ചിലര്‍ ഇസ്ലാമിക വസ്ത്രധാരണം പാലിക്കുന്നില്ല. അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ ജോലിക്ക് വരുന്നത് വിലക്കണം എന്നുമാണ് രാജ്യത്തെ പ്രാദേശിക, വിദേശ എന്‍ജിഒകളോട് ധനമന്ത്രാലയം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കാത്ത സംഘടനകളുടെ ലൈസൻസ് റദ്ദാക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

''സ്ത്രീകളുടെ സഹകരണം ഇല്ലായിരുന്നില്ലെങ്കില്‍ ഇത്രയധികം ജനങ്ങളിലേക്ക് ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കില്ലായിരുന്നു. ജീവന്‍രക്ഷാ മേഖലയിലെ പ്രതിസന്ധിക്ക് പുറമെ ഇത് നിരവധി പേരുടെ ജോലിയെ ബാധിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താലിബാനിലെ ഓരോ കുടുംബവും''-മൂന്ന് എൻജിഒകളുടെ പ്രസ്താവനയിൽ പറയുന്നു.

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുകയുളളു. അത് സാധിക്കാത്തതിനാലാണ് ഞങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും എന്‍ജിഒകള്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ വിലക്ക്;  അഫ്ഗാനിലെ പ്രവർത്തനം നിർത്തിവെച്ച് മൂന്ന് സന്നദ്ധ സംഘടനകൾ
ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നില്ല; സ്ത്രീകള്‍ക്ക് ജോലിവിലക്ക് ഏര്‍പ്പെടുത്തണം: എന്‍ജിഒകളോട് താലിബാന്‍

അതിനിടെ, പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ പ്രതിഷേധവുമായി ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ച് ആൺകുട്ടികൾ രംഗത്തെത്തി. പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

യുഎസും നാറ്റോ സേനയും പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ഭരണം പിടിച്ചെടുത്തത്. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടേയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ച് കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഹൈസ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കി. മിക്ക മേഖലയിലെ ജോലികളില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തി. പൊതുസ്ഥലങ്ങളില്‍ തല മുതല്‍ കാല്‍ വരെ മറച്ച് വസ്ത്രം ധരിക്കാന്‍ ഉത്തരവിട്ടു. പാര്‍ക്കുകള്‍, ജിമ്മുകള്‍, ഫണ്‍ഫെയറുകള്‍ എന്നിവയിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ നേരത്തേ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടായിരുന്നില്ല. പരീക്ഷയ്ക്ക് ശേഷം ഹൈസ്‌കൂള്‍ ഡിപ്ലോമ നേടുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കാനാകുമായിരുന്നു. എന്നാല്‍ പുതിയ തീരുമാനം വന്നതോടെ അതിനും കഴിയാതെയായി.

logo
The Fourth
www.thefourthnews.in