യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തി

യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തി

തൊഴിലുടമയ്ക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

യുഎഇയില്‍ തൊഴില്‍ പെര്‍മിറ്റ് കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി). തൊഴിലുടമയ്ക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് തൊഴില്‍ പെര്‍മിറ്റ് കാലാവധി നീട്ടാനുള്ള നീക്കം. വിഷയം പഠിക്കാന്‍ നിയോഗിച്ച എഫ്എന്‍സി സാമ്പത്തിക കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കണം, പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലുടമയ്ക്ക് കീഴില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന ശുപാര്‍ശയും അംഗീകരിച്ചു. തൊഴിലുടമയുടെ സമ്മത പ്രകാരം ഈ നിബന്ധനയില്‍ ഇളവ് നല്‍കും. തൊഴിൽ പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കുന്നെങ്കിൽ തൊഴിലുടമയെ ഒരു മാസം മുൻപെങ്കിലും അറിയിക്കുംവിധം നിയമഭേദഗതിയും ശുപാര്‍ശ ചെയ്യുന്നുണ്ട്. തൊഴിലുപേക്ഷിക്കുന്ന വ്യക്തിക്ക് പകരം ആളെ കണ്ടെത്താന്‍ 14 ദിവസമെന്നത് മാറ്റി മൂന്ന് മാസമെങ്കിലും അനുവദിക്കണം. മുന്നറിയിപ്പില്ലാതെ ജോലി ഉപേക്ഷിച്ച് തൊഴിലുടമയ്ക്ക് നഷ്ടം വരുത്തിവച്ചാല്‍ മടക്കയാത്രാ വിമാന ടിക്കറ്റ് അടക്കമുള്ള ചെലവ് വഹിക്കേണ്ടെന്ന ശുപാര്‍ശയും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഈവര്‍ഷം 72,000 പരിശോധനകള്‍ നടത്തി. രേഖകളില്‍ കൃത്രിമത്വം കാണിച്ച 2300 കേസുകള്‍ കണ്ടത്തി. 430 കേസുകളില്‍ ഡാറ്റാ ശേഖരണം പൂര്‍ത്തിയായി തുടര്‍ നടപടികളിലേക്ക് കടന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ 20 സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഒരു സ്വകാര്യ കമ്പനിയ്ക്കെതിരെ കേസ് എടുത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളില്‍ രണ്ട് ശതമാനം സ്വദേശി പൗരന്‍മാരെ പരിഗണിക്കണമെന്ന നിയമം യുഎഇ സര്‍ക്കാര്‍ പാസാക്കിയത്. ഈ വര്‍ഷം ജൂണ്‍ ആകുമ്പോഴേക്കും ഇത് മൂന്ന് ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. വര്‍ഷാവസാനത്തോടെ വൈദഗ്ധ്യ തൊഴില്‍ മേഖലയില്‍ നാല് ശതമാനം യുഎഇ പൗരന്‍മാര്‍ എന്നതാണ് ലക്ഷ്യം.

logo
The Fourth
www.thefourthnews.in