70 വർഷത്തിനിടെ പോർച്ചുഗീസ് കത്തോലിക്കാ സഭാ പുരോഹിതരുടെ പീഡനത്തിന് ഇരയായത് 4,815 കുട്ടികൾ; ഇരകളിൽ ഭൂരിഭാഗവും  ആൺകുട്ടികൾ

70 വർഷത്തിനിടെ പോർച്ചുഗീസ് കത്തോലിക്കാ സഭാ പുരോഹിതരുടെ പീഡനത്തിന് ഇരയായത് 4,815 കുട്ടികൾ; ഇരകളിൽ ഭൂരിഭാഗവും ആൺകുട്ടികൾ

ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുതയായി സമിതി കണ്ടെത്തിയത് പീഡനത്തിന് ഇരയായവരിൽ രണ്ട് വയസ് പ്രായമുള്ള കുട്ടി വരെയുണ്ട് എന്നതാണ്

കഴിഞ്ഞ 70 വർഷത്തിനിടെ ഏകദേശം 4,815 കുട്ടികൾ പോർച്ചുഗീസ് കത്തോലിക്കാ സഭയിലെ അംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് അന്വേഷണ റിപ്പോർട്ട്. സഭാംഗങ്ങളിൽ ഭൂരിപക്ഷവും പുരോഹിതന്മാരാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. കത്തോലിക്ക സഭയുടെ പിന്തുണയോടെ സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ലിസ്ബണിൽ നടത്തിയ പ്രസ് മീറ്റിലാണ് അന്വേഷണ സമിതി മേധാവിയും ശിശു മനഃശാസ്ത്രജ്ഞനുമായ പെഡ്രോ സ്ട്രെച്ച് കണക്കുകൾ പുറത്തുവിട്ടത്.

ഈ കണ്ടെത്തലുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അന്വേഷണ സമിതി പറഞ്ഞു. 1950 മുതൽ പോർച്ചുഗലിലെ പുരോഹിതരുടെ ലൈംഗികാതിക്രമത്തിന് ഇരയായവരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 4,815 വരുമെന്ന് സ്ട്രെച്ച് പറഞ്ഞു. അതിക്രമം നടത്തിയവരിൽ 77 ശതമാനം പേരും പുരോഹിതരും ഇരയാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർ ആൺകുട്ടികളുമാണ്. കത്തോലിക്ക സ്‌കൂളുകൾ, പള്ളികൾ, പുരോഹിതരുടെ വീടുകൾ, കുമ്പസാരം നടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ വെച്ചാണ് പീഡനം നടന്നിട്ടിട്ടുള്ളത്. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും പീഡനത്തിന് ഇരയായത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുതയായി സമിതി കണ്ടെത്തിയത് പീഡനത്തിന് ഇരയായവരിൽ രണ്ട് വയസ് പ്രായമുള്ള കുട്ടി വരെയുണ്ട് എന്നതാണ്.

പോർച്ചുഗീസ് കത്തോലിക്കാ സഭയിൽ സജീവമായി തുടരുന്ന ബിഷപ്പുമാരുൾപ്പെടെയുള്ളവർ നടത്തിയ ലൈംഗികാതിക്രമങ്ങൾ മറച്ചുവെച്ചതായുള്ള നിരവധി ആരോപണങ്ങൾ കഴിഞ്ഞ വർഷം ഉയർന്നിരുന്നു. രാജ്യത്തിന്റെ പല കോണുകളിൽ താമസിക്കുന്നവർ, പല സാമൂഹിക സാഹചര്യങ്ങളിലുള്ളവർ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. അതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. കുറ്റാരോപിതരായ വൈദികരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിലാണ് സമിതി പോർച്ചുഗലിൽ അന്വേഷണം ആരംഭിച്ചത്.

സഭാ രേഖകൾ പരിശോധിച്ച് അക്കാലത്തുണ്ടായിരുന്ന പുരോഹിതന്മാരെ കണ്ടെത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ 500-ലധികം ഇരകളോടും സമിതി നേരിട്ട് സംസാരിച്ചു. 25 സാക്ഷിമൊഴികൾ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. ബാക്കിയുള്ളത് 20 വർഷം മുൻപ് സംഭവിച്ചതായതിനാൽ നിയമ നടപടികൾ ആരംഭിക്കാൻ കഴിയില്ല. അതിനാൽ നിയമം ഭേദഗതി ചെയ്യണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.

കത്തോലിക്ക സഭ കേന്ദ്രീകരിച്ച് ഫ്രാൻ‌സിൽ നടത്തിയ സമാന അന്വേഷണത്തിൽ 3000ത്തോളം പുരോഹിതരും മറ്റ് മതകാര്യ അധികൃതരും 200,000 വിദ്യാർഥികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in