പറക്കുന്നതിനിടെ ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പറക്കുന്നതിനിടെ ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

150 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കു പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിച്ചു. 150-ലധികം ആളുകളുമായി നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ഫ്ലൈ ദുബായ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപിടിക്കുകയായിരുന്നു.

കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ നിന്ന് തീ പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെയാളുകൾ പങ്കുവച്ചിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനായി സജ്ജീകരണങ്ങൾ ചെയ്തെങ്കിലും, പ്രശ്നം പരിഹരിച്ചതോടെ വിമാനം ദുബായിലേക്ക് തന്നെ പറന്നു. തീപിടിച്ച എഞ്ചിൻ ഉടൻ ഓഫ് ചെയ്തതോടെയാണ് തീ അണഞ്ഞതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

50 നേപ്പാളി യാത്രക്കാർ ഉൾപ്പെടെ 150-ലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 9.25നാണ് വിമാനത്തിന് തീപിടിച്ചതായി വിവരം ലഭിക്കുന്നത്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും ഇല്ലെന്ന് നേപ്പാൾ വ്യോമയാന മന്ത്രി സുദൻ കിരാതി പറഞ്ഞു. വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവച്ചിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ, സർവീസുകൾ പുനരാരംഭിച്ചതായി വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രതാപ് ബാബു തിവാരി അറിയിച്ചു.

logo
The Fourth
www.thefourthnews.in