പ്രൈവറ്റ് ജെറ്റ് വില്ല ബൈ ഹാങിംഗ് ഗാര്‍ഡന്‍സ്
പ്രൈവറ്റ് ജെറ്റ് വില്ല ബൈ ഹാങിംഗ് ഗാര്‍ഡന്‍സ്

പറക്കല്‍ നിര്‍ത്തി, ബോയിംഗ് 737 ഇനി ആഡംബര വില്ല

ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ ന്യാങ് ന്യാങ് ബീച്ചിനടുത്തുള്ള ക്ലിഫ്‌ടോപ്പില്‍ സ്വകാര്യ ജെറ്റ് ഉപയോഗിച്ച് പണിതെടുത്ത ആഡംബരവില്ല സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു

ആകാശയാത്രയുടെ സമയം അവസാനിച്ചാല്‍ പിന്നീടങ്ങോട്ട് വിമാനങ്ങളുടെ സാധ്യതകള്‍ അനന്തമായി നീളുകയാണ്. അതിന്റെ ഭാഗങ്ങള്‍ നശിച്ചു പോകുന്നതിന് മുന്നേ പല രീതിയിലും റീസൈക്കിള്‍ ചെയ്യപ്പെടാം. റെസ്‌റ്റോറന്റുകള്‍ മ്യൂസിയങ്ങള്‍, കഫേകള്‍, പാര്‍ട്ടി ഹാളുകള്‍ തുടങ്ങി വിമാനങ്ങളെ ഏതൊക്കെ രീതിയിലേക്ക് മാറ്റാം എന്ന് അന്വേഷിക്കുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരു പുതിയ പരീക്ഷണമാണ് ഇന്തോനേഷ്യയില്‍ ഒരുക്കിയിരിക്കുന്ന ജെറ്റ് വില്ല.

ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ ന്യാങ് ന്യാങ് ബീച്ചിനടുത്തുള്ള ക്ലിഫ്‌ടോപ്പില്‍ സ്വകാര്യ ജെറ്റ് ഉപയോഗിച്ച് പണിതെടുത്ത ആഡംബരവില്ല മനോഹരമായ ഒരു നിര്‍മിതിയാണ്. ഡെവലപ്പറായ ഫെലിക്‌സ് ഡെമിന്‍ പറക്കല്‍ അവസാനിച്ച ബോയിംഗ് 737, 2021 ല്‍ സ്വന്തമാക്കി ഇവിടേക്ക് എത്തിക്കുകയുമായിരുന്നു. രണ്ട് കിടപ്പുമുറികളും ഒരു നീന്തല്‍ കുളവും ഉള്‍പ്പെടുന്ന 'പ്രൈവറ്റ് ജെറ്റ് വില്ല ബൈ ഹാങിംഗ് ഗാര്‍ഡന്‍സ്' സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 150 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടം വാടകയ്ക്ക് ലഭ്യമാകും. രാത്രികാല നിരക്ക് ഏകദേശം 7000 ഡോളര്‍ മുതല്‍ ആണ് ആരംഭിക്കുന്നത്.

സ്വീകരണ മുറി
സ്വീകരണ മുറി

വ്യക്തിപരമായ ആവശ്യത്തിനായി ഒരു സ്വകാര്യ വിമാനം വാങ്ങാനാണ് താന്‍ ആദ്യം ആഗ്രഹിച്ചതെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചതോടെ വില്ല നിര്‍മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നും ബബിള്‍ ഹോട്ടല്‍ വാലി എന്ന ശൃംഖലയുടെ ഉടമ കൂടിയായ ഡെമിന്‍ പറയുന്നു. അതിന് വേണ്ടി ഇന്തോനേഷ്യയില്‍ 20 ഓളം വിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. അവസാനം ഒരു ഇന്തോനേഷ്യന്‍ നിക്ഷേപകന്‍ വാങ്ങിയ ബോയിംഗ് 737 ലേക്കെത്തുകയായിരുന്നു. വിമാനം നിന്നിരുന്ന സ്ഥലത്ത് നിന്നും മൈലുകള്‍ അകലെയുള്ള ക്ലിഫ്‌ടോപ്പിലേക്ക് എത്തിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏകദേശം രണ്ട് മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായി അഞ്ച് ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് വിമാനം ആ പാറക്കൂട്ടത്തിന് മുകളിലേക്ക് എത്തിച്ചത്.

ന്യാങ് ന്യാങ് ബീച്ചിലെ പാറക്കൂട്ടത്തിന് മുകളിലേക്ക് വിമാനം എത്തിച്ചതിന് ശേഷമുള്ള നവീകരണ പ്രവര്‍ത്തനങ്ങളെ പറ്റി ഡെമിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനുകള്‍ ആധുനിക രീതിയില്‍ തനിക്ക് പൊരുത്തപ്പെടാനാകുന്ന തരത്തില്‍ തന്നെ ചെയ്തു തീര്‍ത്തു. അത്യപൂര്‍വ്വമായ ഈ സ്ഥലത്ത് നില്‍ക്കുന്ന ഓരോ നിമിഷത്തിലും ആളുകള്‍ക്ക് മനോഹരമായ അനുഭവം ഉണ്ടാകണം എന്നാണ് ഡെമിന്റെ ആഗ്രഹം.

പ്രധാന കവാടത്തിലേക്ക്, നീണ്ട ചിറകിലൂടെയുള്ള ഗോവണി വഴിയാണ് വില്ലയിലേക്ക് പ്രവേശിക്കുന്നത്. അകത്ത് ഒരു ബാറും സോഫാ ബെഡും ഒരു ഗ്ലാസ് പോര്‍ട്ടലുമുള്ള സ്വീകരണമുറിയും രണ്ട് കിടപ്പുമുറികളുമുണ്ട്. കോക്പിറ്റാണ് കുളിമുറിയാക്കി മാറ്റിയത്. ഇത് കൂടാതെ അവിടെ സണ്‍ ലോഞ്ചറുകള്‍, ഒരു ഔട്ട്‌ഡോര്‍ ലോഞ്ച് ഏരിയ, ഒരു ഫയര്‍ പിറ്റ് എന്നിവയും ഉണ്ട്. ജെറ്റ് വില്ല ആദ്യമായി അനാവരണം ചെയ്തത് മുതല്‍ സാമൂഹ്യമാധ്യമങ്ങളിലാകെ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഒരുപാട് ആളുകള്‍ ഈ മനോഹര നിര്‍മിതി കാണാനായി എത്തുന്നുണ്ട്.

വിമാനത്തില്‍ നിരവധി സുരക്ഷാ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്ന് ഡെമിന്‍ ഊന്നിപ്പറയുമ്പോഴും, അതിന്റെ അപകടകരമായ സ്ഥാനവും സന്ദര്‍ശകര്‍ പങ്കുവച്ച ചിറകില്‍ നിന്നെടുത്ത ചിത്രങ്ങളും ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാ ആവശ്യങ്ങള്‍ക്കായി പാറയില്‍ തടയണ സ്ഥാപിച്ചിട്ടുണ്ടെന്നും ചിറകില്‍ ഗ്ലാസ് സ്ഥാപിക്കാനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡെമിന്‍ പറഞ്ഞു.

വര്‍ഷങ്ങളായുള്ള കഠിനമായ പരിശ്രമത്തിന് ശേഷം തന്റെ സ്വകാര്യ ജെറ്റ് വില്ലയിലേക്ക് അതിഥികളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഡെമിന്‍.

logo
The Fourth
www.thefourthnews.in