അമേരിക്കൻ പിന്തുണയിൽ ഇസ്രയേൽ പുനഃസൃഷ്ടിക്കുന്ന 'അബു ഗരീബി'; ലോകത്തെ ഞെട്ടിച്ച മനുഷ്യത്വവിരുദ്ധതയുടെ 20 വർഷം

അമേരിക്കൻ പിന്തുണയിൽ ഇസ്രയേൽ പുനഃസൃഷ്ടിക്കുന്ന 'അബു ഗരീബി'; ലോകത്തെ ഞെട്ടിച്ച മനുഷ്യത്വവിരുദ്ധതയുടെ 20 വർഷം

അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തുമ്പോഴും ഇസ്രയേലിന് ആയുധ സഹായമുൾപ്പെടെ നൽകിയാണ് അമേരിക്ക ഒപ്പം നിൽക്കുന്നത്

20 വർഷം മുൻപ് ഇതുപോലൊരു ഏപ്രിൽ മാസത്തിന്റെ അവസാന ലോകമനസാക്ഷിയെ ഞെട്ടിച്ച, ഇറാഖിലെ അബു ഗരീബ് ജയിലിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ പുറത്തുവന്നത്. ജയിലിൽ പാർപ്പിച്ചിരുന്ന ഇറാഖികളെ യുഎസ് സൈന്യം വിവിധ തരത്തിലുള്ള അക്രമങ്ങൾക്കും ലൈംഗികചൂഷണങ്ങൾക്കും വിധേയരാക്കുന്നതിന്റെ തെളിവുകളായിരുന്നു അവ. അന്ന് അമേരിക്കയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നു. എന്നാൽ രണ്ട് ദശാബ്ദങ്ങൾ തികയുന്ന ഈ വേളയിൽ അതേ അമേരിക്കയുടെ പിന്തുണയിൽ അബു ഗരീബിന് സമാനമായ ക്രൂരത ഗാസയിൽ ഇസ്രയേലി സൈന്യം അനസ്യൂതം തുടരുകയാണ്.

2004 ഏപ്രിൽ 28-നാണ് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് അവരുടെ '60 MINUTE II' എന്ന പരിപാടിയിലൂടെ അബു ഗരീബ് ജയിലിൽ നിന്നുള്ള ചിത്രങ്ങൾ സംപ്രേഷണം ചെയ്തത്. സദ്ദാം ഹുസൈൻ ഭരണകൂടത്തെ താഴെയിറക്കി ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന പേരിൽ ഇറാഖിൽ അധിനിവേശം നടത്തിയ അമേരിക്കൻ സൈനികരുടെ ചെയ്തികൾ എന്തൊക്കെയെന്ന് അന്ന് ലോകം തിരിച്ചറിഞ്ഞു. അമേരിക്ക മനുഷ്യാവകാശങ്ങളുടെ ഉറച്ചകോട്ടയാണെന്ന അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു ബുഷിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെ തകർത്തെറിയുന്നതായിരുന്നു ചിത്രങ്ങൾ. അമേരിക്കയുടെ കാപട്യവും സാമ്രാജ്യത്വ മനോഭാവവും അതിലൂടെ പുറത്തുവന്നു.

അവിടെനിന്നും ലോകം ഒരുപാട് സഞ്ചരിച്ചു. അമേരിക്ക വീണ്ടും ജനാധിപത്യത്തിന്റെ വക്താവായി പലതവണ അവതരിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും അതേ അമേരിക്കയുടെ പിന്തുണയിൽ വീണ്ടുമൊരു അബു ഗരീബ് ആവർത്തിക്കുകയാണ്. ഇറാഖിലല്ല, ലോകത്തെ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാസൻ മുനമ്പിൽ. ഇസ്രയേലി സൈന്യമാണ് നേതൃത്വം നൽകുന്നത്, അമേരിക്ക പിന്നിൽനിന്ന് സർവ പിന്തുണയും നൽകുന്നു.

അബു ഗരീബ് ജയിലിൽ, നഗ്നനാക്കിയ ഇറാഖി പൗരന്റെ കഴുത്തിൽ ബെൽറ്റിട്ട് നിൽക്കുന്ന അമേരിക്കൻ സൈനികന്റെ ചിത്രങ്ങൾ പോലെയുള്ളവ ഗാസയിൽനിന്നും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽനിന്ന് പുറത്തുവരാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പലസ്തീൻ ജനതയ്ക്ക് മേൽ ആരംഭിച്ച അതിക്രമങ്ങൾ മുപ്പത്തിനാലായിരത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനുപുറമെയാണ് പിടികൂടുന്ന പലസ്തീനികൾക്ക് മേൽ ഇസ്രയേൽ സൈനികർ നടത്തുന്ന അതിക്രമങ്ങൾ. അബു ഗരീബിലെ സംഭവങ്ങൾ അമേരിക്കൻ ഭരണകൂടത്തിന്റെ അറിവില്ലാതെയാണ് പുറത്തെത്തിയതെങ്കിൽ പലസ്തീനിലേത് നേരെ മറിച്ചാണ്. ഇവിടെ സൈന്യം തന്നെയാണ് പലസ്തീനികളെ അക്രമിക്കുന്നതിന്റെയും അവരെ പരിഹസിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കുന്നത്.

അമേരിക്കൻ പിന്തുണയിൽ ഇസ്രയേൽ പുനഃസൃഷ്ടിക്കുന്ന 'അബു ഗരീബി'; ലോകത്തെ ഞെട്ടിച്ച മനുഷ്യത്വവിരുദ്ധതയുടെ 20 വർഷം
ഗാസയിലെ ഇസ്രയേല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യം; നെഞ്ചുലയ്ക്കുന്ന ആ ചിത്രത്തിന് ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

തെക്കൻ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ കുന്നുകൾക്ക് തെക്ക് ഭാഗത്ത്, അനുമതിയില്ലാതെ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച ഏഴ് വെസ്റ്റ് ബാങ്ക് തൊഴിലാളികളെ അധിക്ഷേപിക്കുന്നത് ഇസ്രയേലി സൈനികർ പുറത്തുവിട്ടിരുന്നു. പലസ്തീനി പുരുഷന്മാരെ പുരുഷന്മാർ നഗ്നരോ അർദ്ധനഗ്നരോ ആക്കി, കണ്ണുംകൈയും കെട്ടി, നിലത്തുകൂടി വലിച്ചിഴക്കുന്നതും അവർ വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. മറ്റൊന്നിൽ കണ്ണ് മൂടിക്കെട്ടിയ പലസ്തീനിയുടെ വയറ്റിൽ ഇസ്രയേലി സൈനികൻ ചവിട്ടുകയും അവന്റെ മേൽ തുപ്പുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത്തരം അനേകം സംഭവങ്ങളിൽ ചിലത് മാത്രമാണിവ. വിദ്വേഷത്തിന്റെയും ക്രൂരതയുടെയും നിരവധി ദൃശ്യങ്ങളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യുഎന്‍ ഉള്‍പ്പെടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇവയിൽ ഏതെങ്കിലുമൊരു ഇസ്രയേലി സൈനികന് നേരെ നടപടിയെടുത്തതിന്റെ തെളിവുകൾ ഇപ്പോഴും ലഭ്യമല്ല. എന്നിട്ടും ഇസ്രായേലിന് കർശന താക്കീത് നൽകാനോ പിന്തുണ പിൻവലിക്കാനോ അമേരിക്കയെന്ന രാഷ്ട്രം തയാറായിട്ടില്ല. പകരം, ഇസ്രയേലിനെതിരെ സമരം ചെയ്യുന്ന അമേരിക്കൻ യുണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് ഭരണകൂടം.

അമേരിക്കൻ പിന്തുണയിൽ ഇസ്രയേൽ പുനഃസൃഷ്ടിക്കുന്ന 'അബു ഗരീബി'; ലോകത്തെ ഞെട്ടിച്ച മനുഷ്യത്വവിരുദ്ധതയുടെ 20 വർഷം
അമേരിക്കൻ ക്യാമ്പസുകളിൽ കലാപം പടരുന്നതെന്തിന് ?

അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തുമ്പോഴും ഇസ്രയേലിന് ആയുധ സഹായമുൾപ്പെടെ നൽകിയാണ് അമേരിക്ക ഒപ്പം നിൽക്കുന്നത്. 2004ൽ അബു ഗരീബിയിൽ അമേരിക്കൻ സൈന്യം നടത്തിയ അതേ പ്രവൃത്തി ഇസ്രയേൽ നടത്തുമ്പോൾ, അതിനെ പിന്തുണയ്ക്കുന്നതിലൂടെ അമേരിക്കയുടെ മാറാത്ത മനോഭാവമാണ് ഒരിക്കൽ കൂടി വെളിവാകുന്നത്.

logo
The Fourth
www.thefourthnews.in