50 വർഷങ്ങൾക്ക് ശേഷം സാചീൻ ലിറ്റിൽഫെദറിനോട് മാപ്പ് പറഞ്ഞ് ഓസ്കാർ അക്കാദമി
Picture Courtesy : Google

50 വർഷങ്ങൾക്ക് ശേഷം സാചീൻ ലിറ്റിൽഫെദറിനോട് മാപ്പ് പറഞ്ഞ് ഓസ്കാർ അക്കാദമി

1973 ൽ ഓസ്കാർ വേദിയിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് സാചീന്‍ നേരിട്ട ദുരനുഭവങ്ങൾക്കാണ് അക്കാദമിയുടെ ക്ഷമാപണം

ആദ്യമായി രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് വേദിയായ ഓസ്കാര്‍ വേദി; 1973ലെ ഓസ്കാറിന് റെഡ് ഇന്ത്യന്‍ വംശജയായ നടി സാചീന്‍ ലിറ്റില്‍ഫെദറിന്റെ മുഖമാണ്. തദ്ദേശീയ അമേരിക്കക്കാരോടുള്ള നിലപാട് പ്രഖ്യാപനത്തെ തുടര്‍ന്ന് അന്നുണ്ടായ സംഭവവികാസങ്ങളില്‍ ഓസ്കര്‍ അക്കാദമി സാചീനോട് മാപ്പ് പറഞ്ഞിരിക്കുന്നു . 50 വര്‍ഷങ്ങള്‍ക്ക് ശേഷം !!

1973 ലെ ഓസ്കാർ വേദിയിൽ സച്ചീൻ ലിറ്റിൽഫെദർ
1973 ലെ ഓസ്കാർ വേദിയിൽ സച്ചീൻ ലിറ്റിൽഫെദർPicture Courtesy : Google

ഗോഡ്ഫാദറിലെ അഭിനയത്തിന് നടന്‍ മര്‍ലോണ്‍ ബ്രാന്‍ഡോയെ അവാര്‍ഡിനായി ക്ഷണിച്ചപ്പോഴാണ് വേദിയില്‍ റെഡ് ഇന്ത്യക്കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ച് സാചീനെത്തിയത്. പുരസ്കാര വേദിയില്‍ വെച്ച് ബ്രാന്‍ഡോയുടെ സന്ദേശം അവര്‍ വായിച്ചു. ഹോളിവുഡ് സിനിമകളില്‍ റെഡ് ഇന്ത്യക്കാരെ ഏറ്റവും മോശമായി ചിത്രീകരിക്കുന്നതിനെതിരെയായിരുന്നു അത്. ''റെഡ് ഇന്ത്യക്കാരായ കുട്ടികള്‍ ടെലിവിഷന്‍ കാണുമ്പോള്‍, അവരുടെ മനസ് വേദനിക്കുകയാണ്'' അനുവദിച്ച ഒരു മിനിറ്റ് സമയത്തിനുള്ളില്‍ ഓസ്കാര്‍ വേദിയിലെ ആദ്യ രാഷ്ട്രീയ പ്രസ്താവന സാചീന്‍ വായിച്ചു. ശേഷം പുരസ്കാരം നിരസിച്ചുകൊണ്ടുള്ള ബ്രാന്‍ഡോയുടെ നിലപാടും പങ്കുവച്ചു.

പക്ഷെ, അന്ന് സാചീന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. പുരസ്കാരദാനം കാണാനെത്തിയവര്‍ സാചീന് നേരെ ആക്രോശിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് സ്റ്റേജിന് പുറത്തേക്ക് തള്ളി മാറ്റി. സ്റ്റേജിന് പിന്നില്‍ നടന്‍ ജോണ്‍ വെയ്ന്‍ സാചീനെ ആക്രമിക്കാനായി ഓടിയെത്തി. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടി വന്നു ജോണ്‍ വെയ്നിനെ പിടിച്ചുമാറ്റാന്‍. പുറത്തും സാചീന് നേരിടേണ്ടി വന്നത് വലിയ പ്രതിഷേധങ്ങളെയായിരുന്നു.

അക്കാദമി പ്രസിഡന്റായ ഡേവിഡ് റൂബിൻ അയച്ച കത്ത് ഓഗസ്റ്റ് 15നാണ് സാചീന്‍ ലിറ്റിൽഫെദർ പുറത്തുവിട്ടത്. ഓസ്കാർ വേദിയിൽ സാചീന്‍ നേരിട്ട അനുഭവങ്ങളെ ' അനുചിതമായതും ന്യായീകരിക്കാനാവാത്തതും ' എന്നാണ് ക്ഷമാപണ സന്ദേശത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാചീന്‍ അന്ന് നടത്തിയത് "ബഹുമാനത്തിന്റെ ആവശ്യകതയെയും മനുഷ്യരുടെ അന്തസിന്റെ പ്രാധാന്യത്തെയും പറ്റി നമ്മെ ഓർമ്മിപ്പിക്കുന്ന ശക്തമായ പ്രസ്താവന" എന്നും ഡേവിഡ് റൂബിൻ കത്തില്‍ പറയുന്നു.

"ഞങ്ങൾ റെഡ് ഇന്ത്യക്കാർ വളരെ ക്ഷമാശീലരായ ആളുകളാണ് - ഇത് 50 വർഷമേ ആയിട്ടുള്ളൂ! " എന്നാണ് ക്ഷമാപണത്തോട് സാചീന്‍ ലിറ്റില്‍ഫെദര്‍ തമാശരൂപേണ പ്രതികരിച്ചത്. " തദ്ദേശീയർ, കറുത്തവർഗക്കാർ, ഏഷ്യാക്കാര്‍, മെക്സിക്കന്‍ വംശജര്‍ - എന്നിങ്ങനെ എല്ലാവരുടേയും പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റേയും അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത് " സാചീന്‍ പറഞ്ഞു.

ഓസ്‌കാര്‍ അക്കാദമി സെപ്തംബറില്‍ സാചീന്‍ ലിറ്റില്‍ഫെദറിനെ കേള്‍ക്കാനായൊരു വേദിയൊരുക്കുകയാണ്. 1973ല്‍ ഓസ്‌കാര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതിനെ പറ്റിയും തദ്ദേശീയ അമേരിക്കക്കാരുടെ സിനിമയിലെ പ്രാതിനിധ്യത്തെ പറ്റിയും അവര്‍ അന്ന് ലോകത്തോട് സംസാരിക്കും.

logo
The Fourth
www.thefourthnews.in