'ബൈഡന്‍ പിന്‍മാറണം, ഇല്ലെങ്കില്‍ പരാജയം ഉറപ്പ്'; ഡെമോക്രാറ്റിക് പാർട്ടിയിൽ എതിര്‍പ്പ് ശക്തമാകുന്നു

'ബൈഡന്‍ പിന്‍മാറണം, ഇല്ലെങ്കില്‍ പരാജയം ഉറപ്പ്'; ഡെമോക്രാറ്റിക് പാർട്ടിയിൽ എതിര്‍പ്പ് ശക്തമാകുന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജോര്‍ജ് ക്ലൂണി രംഗത്ത്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നു. ബൈഡന്റെ പിന്‍മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ പ്രമുഖര്‍ തന്നെ മുന്നോട്ടുവരുന്നു എന്നാതാണ് ഏറ്റവും പുതിയ സാഹചര്യം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജോര്‍ജ് ക്ലൂണിയാണ് ഈ പട്ടികയിലെ പ്രമുഖന്‍. പ്രമുഖ വ്യവസായി കൂടിയായ ജോര്‍ജ് ക്ലൂണി ഡെമോക്രാറ്റുകളുടെ പ്രധാന ഫണ്ട് സ്രോതസ്സുകൂടിയാണെന്നത് പരാമര്‍ശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. താന്‍ ബൈഡനെ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹമാണ് പാര്‍ട്ടിയ നയിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ജോര്‍ജ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

''ഇത് എന്റെ മാത്രം അഭിപ്രായമല്ല. ഇത് ഞാന്‍ സ്വകാര്യമായി സംസാരിച്ച പാര്‍ട്ടിയിലെ എല്ലാ സെനറ്റര്‍മാരുടേയും കോണ്‍ഗ്രസ് അംഗങ്ങളുടേയും അഭിപ്രായമാണ്'', അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കുന്ന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ടര്‍മാരെ ഉണര്‍ത്താനുള്ള ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന് വേണ്ടി കഴിഞ്ഞ മാസം പോലും പരിപാടി സംഘടിപ്പിച്ച നേതാവായിരുന്നു ജോര്‍ജ് ക്ലൂണി.

'ബൈഡന്‍ പിന്‍മാറണം, ഇല്ലെങ്കില്‍ പരാജയം ഉറപ്പ്'; ഡെമോക്രാറ്റിക് പാർട്ടിയിൽ എതിര്‍പ്പ് ശക്തമാകുന്നു
ഗാസ സിറ്റി ഒഴിയാൻ ഇസ്രയേലിന്റെ നിർദേശം; ആശങ്ക പ്രകടിപ്പിച്ച് യുഎൻ

ബൈഡന്‍ പിന്‍മാറണം എന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകളായ ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സെനറ്റ് അംഗവും നേരത്തെ രംഗത്തുവന്നിരുന്നു. കൊളറാഡോയില്‍ നിന്നുള്ള സെനറ്റ് അംഗം മിഖായേല്‍ ബെന്നറ്റ് ബൈഡന് എതിരെ പരസ്യമായി രംഗത്തെത്തി. ബൈഡനാണ് സ്ഥാര്‍ഥിയെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും അത് തടയാന്‍ സ്ഥാനാര്‍ഥിയെ മാറ്റിയാല്‍ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഡെമോക്രാറ്റ് നേതാക്കളായ മിക്കി ഷെറിലി, ആദം സ്മിത്ത് തുടങ്ങിയവരും ബൈഡന്‍ പിന്‍മാറണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ബൈഡനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ഇവരുടെ വിമര്‍ശനങ്ങളെ എതിര്‍ക്കാന്‍ ശക്തമായി രംഗത്തുണ്ട്.

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബൈഡന്‍. ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം എഴുതിയ കത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. ''ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്നും പിന്‍മാറാതെ തുടരാന്‍ ഞാന്‍ പ്രതിജ്ഞാബന്ധനാണ്. ഈ പോരാട്ടം തുടരും. ഡോണള്‍ഡ് ട്രംപിനെ തോല്‍പിക്കും. അതിനായി നമുക്ക് ഒന്നിച്ച് നില്‍ക്കാം'' എന്നാണ് ബൈഡന്റ് കത്തിന്റെ ഉള്ളടകം. കത്ത് സോഷ്യല്‍ മീഡിയയിലും യുഎസ് പ്രസിഡന്റ് പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ബൈഡന്‍ പിന്‍മാറണമെന്ന് ജനപ്രതിനിധികളായ ജെറി നാഡ്‌ലര്‍, ആദം സ്മിത്ത്, മാര്‍ക്ക് ടകാനോ, ജോ മോറെല്ലെ തുടങ്ങിയവര്‍ പരസ്യമായി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപുമായി നടന്ന ടെലിവിഷന്‍ സംവാദത്തിലെ ബൈഡന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥിമാറ്റം സംബന്ധിച്ച് ആവശ്യങ്ങള്‍ സജീവമായത്. ഇതിനെ സാധൂകരിക്കുന്ന നിലയില്‍ ചില സര്‍വേകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെതിരെ ബൈഡനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് കഴിയുമെന്നാണ് ചില സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

'ബൈഡന്‍ പിന്‍മാറണം, ഇല്ലെങ്കില്‍ പരാജയം ഉറപ്പ്'; ഡെമോക്രാറ്റിക് പാർട്ടിയിൽ എതിര്‍പ്പ് ശക്തമാകുന്നു
'ഒന്നരക്കോടിയും പൗരത്വവും'; റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് റഷ്യയുടെ വാഗ്ദാനം

അതേസമയം, നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാണ്. ഇടയ്ക്ക് കാലിടറി വീഴുന്നതും സ്ഥിരമായി നാക്കുപിഴകളും സംഭവിക്കുന്ന ബൈഡന് പാര്‍ക്കിന്‍സണ്‍ രോഗമാണെന്ന നിലയിലാണ് ചര്‍ച്ചകള്‍. പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ദ്ധന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in