തന്റെ പഠനോപകരണങ്ങളുമായി  ബഹിഷ്‌ഠ ഖൈറുദ്ദിൻ
തന്റെ പഠനോപകരണങ്ങളുമായി ബഹിഷ്‌ഠ ഖൈറുദ്ദിൻ

പഠനം വീട്ടിലെ രഹസ്യ ലാബില്‍, പരീക്ഷണങ്ങള്‍ ഏറെ; താലിബാനെ തോല്‍പിച്ച് ബഹിഷ്ട

രണ്ട് വർഷം വീട്ടിലിരുന്ന് പഠിച്ചാണ് ബഹിഷ്ട ഖൈറുദ്ദിൻ മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയത്

കയ്യിലുണ്ടായിരുന്നത് ഒരു കംപ്യൂട്ടറും സ്ഥിരതയില്ലാത്ത വൈ-ഫൈ കണക്ഷനും, കടം വാങ്ങിയ കുറച്ചു ബീക്കറുകളും. സഹോദരിയുടെ മൈക്രോവേവ് അവനിലും ബീക്കറുകളിലുമായി പരീക്ഷണങ്ങൾ. ഒടുവില്‍ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളും കടന്ന് അവൾ നേടിയെടുത്ത കെമിക്കൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദത്തിന് തിളക്കമേറെ. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നിഷേധിച്ച്‌ അവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ചവിട്ടി പുറത്താക്കിയ താലിബാൻ ഭരണകൂടത്തിന് മുന്നിൽ പകച്ചു നിൽക്കാതെ വീട്ടിലൊരുക്കിയ രഹസ്യ ലാബിൽ ഉപരി പഠനം പൂർത്തിയാക്കിയ ബഹിഷ്ട ഖൈറുദ്ദിൻ എന്ന അഫ്ഗാനി പെൺകുട്ടി ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുകയാണ്.

പുറത്തിറങ്ങാനോ, പഠനം മുൻപോട്ട് കൊണ്ടുപോകാനോ കഴിയാത്ത സാഹചര്യത്തില്‍, അവള്‍ വീട്ടിൽ ഒരു രഹസ്യ ലാബുണ്ടാക്കി. പഠനങ്ങളും പരീക്ഷണങ്ങളും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ അവൾ പൂർത്തിയാക്കി. എല്ലാ സെമസ്റ്ററുകളുടെയും പരീക്ഷകൾ വീട്ടിലിരുന്ന് എഴുതിയെടുത്തു

2021ൽ താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിലാണ് ബഹിഷ്ട ഖൈറുദ്ദിൻ മദ്രാസ് ഐഐടിയിൽ ബിരുദാനന്തര ബിരുദ പ്രവേശനം നേടുന്നത്. അഫ്ഗാനിസ്ഥാനിലെ ജവാസാൻ സർവകലാശാലയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഐഐടികളിൽ ഒന്നായ മദ്രാസിൽ പഠിക്കാൻ അവൾ ആഗ്രഹിച്ചത്. താലിബാൻ അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുകയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർണമായും നിരോധിക്കുകയും ചെയ്തതോടെ, ബഹിഷ്ടയ്ക്ക് വടക്കേ അഫ്‌ഗാനിലെ തന്റെ വീട്ടിൽ ഒതുങ്ങേണ്ടി വന്നു. പുറത്തിറങ്ങാനോ, പഠനം മുൻപോട്ട് കൊണ്ടുപോകാനോ കഴിയാത്ത സാഹചര്യത്തിലും അവൾ തളർന്നില്ല. വീട്ടിൽ ഒരു രഹസ്യ ലാബുണ്ടാക്കി. പഠനങ്ങളും പരീക്ഷണങ്ങളും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുതന്നെ പൂർത്തിയാക്കി. എല്ലാ സെമസ്റ്ററുകളുടെയും പരീക്ഷകൾ വീട്ടിലിരുന്ന് എഴുതിയെടുത്തു. അഫ്‌ഗാനിൽ നിന്ന് പഠനം പൂർത്തിയാക്കണമെന്ന തന്റെ നിശ്ചയദാർഢ്യത്തിന് മദ്രാസ് ഐഐടിയിൽ നിന്നും വേണ്ട സഹായങ്ങളൊക്കെ ലഭിച്ചിരുന്നെന്ന് ബഹിഷ്ട ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

"എനിക്ക് ഒരു പശ്ചാത്താപവും തോന്നുന്നില്ല. നിങ്ങള്‍ എന്നെ തടഞ്ഞിരുന്നെങ്കില്‍ ഞാന്‍ മറ്റ് മാർഗങ്ങള്‍ കണ്ടെത്തുമായിരുന്നു. എനിക്ക് നിങ്ങളോട് സഹതാപമുണ്ട്. കാരണം നിങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും നിങ്ങള്‍ അത് വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല." ബഹിഷ്ട താലിബാൻ ഭരണകൂടത്തോട് പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ബഹിഷ്‌ഠയ്‌ക്ക് പരീക്ഷണങ്ങൾ ഏറെയായിരുന്നു. താലിബാൻ ഭരണം ഏറ്റെടുത്തതിന്‌ ശേഷം, മദ്രാസ് ഐഐടിയിൽ അഭിമുഖ പരീക്ഷ പാസ്സായ തനിക്ക് പിന്നീട് സർവകലാശാലയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് അവൾ പറയുന്നു.

"എനിക്ക് ആദ്യം പ്രവേശനം നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ (ഐസിസിആർ) നിന്ന് എനിക്ക് ഒരു പ്രതികരണവും ലഭിച്ചില്ല. പോർട്ടലിലെ എന്റെ അക്കൗണ്ട് നിർജ്ജീവമാക്കിയിരുന്നു. പിന്നീട്, മദ്രാസ് ഐഐറ്റിയുടെ ആഗോള കൂട്ടായ്മയിലേക്ക് ഞാൻ എത്തിച്ചേർന്നു. അവിടെ പ്രൊഫസർ രഘുനാഥൻ രംഗസാമിയോട് വിവരങ്ങൾ ധരിപ്പിച്ചു ഇ-മെയിൽ അയച്ചു. അവർ സ്കോളർഷിപ്പ് തരപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് ഞാൻ എന്റെ പഠനം ആരംഭിച്ചത് " അവൾ പറഞ്ഞു.

എല്ലാം എനിക്ക് പുതിയതായിരുന്നു. രാത്രിയിൽ നാലോ അഞ്ചോ മണിക്കൂറാണ് ഞാൻ വിശ്രമിച്ചിരുന്നത്. ബാക്കി സമയമത്രയും കംപ്യൂട്ടറിൽ മുഴുകി. രണ്ട് വർഷം കൊണ്ട് എന്റെ അറിവിനേക്കാൾ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.
ബഹിഷ്‌ഠ ഖൈറുദ്ദിൻ

ആദ്യ രണ്ട് സെമസ്റ്ററുകൾ പഠിച്ചെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നതായി ബഹിഷ്ട അഭിമുഖത്തിൽ വ്യക്തമാക്കി. "എല്ലാം എനിക്ക് പുതിയതായിരുന്നു. രാത്രിയിൽ നാലോ അഞ്ചോ മണിക്കൂറാണ് ഞാൻ വിശ്രമിച്ചിരുന്നത്. ബാക്കി സമയമത്രയും കംപ്യൂട്ടറിൽ മുഴുകി. രണ്ട് വർഷം കൊണ്ട് എന്റെ അറിവിനേക്കാൾ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. വീട്ടിൽ ഞാൻ അഞ്ചാമത്തെ കുട്ടിയാണ്. വിദ്യാസമ്പന്നരായ ഒരു കുടുംബമുള്ളതാണ് എന്റെ പിന്തുണ. അച്ഛൻ സോഷ്യൽ സയൻസ് ബിരുദധാരിയും അമ്മ ഡോക്ടറുമാണ്. മൂത്ത സഹോദരി ഐഐടി പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്, രണ്ടാമത്തെ സഹോദരി നിയമപഠനം പൂർത്തിയാക്കി. സഹോദരൻ സാമൂഹിക പഠനവും പൂർത്തിയാക്കി." ബഹിഷ്ട പറഞ്ഞു.

തന്റെ പഠനോപകരണങ്ങളുമായി  ബഹിഷ്‌ഠ ഖൈറുദ്ദിൻ
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഓൺലൈനിൽ സ്വന്തമായാണ് ബഹിഷ്‌ഠ ഇംഗ്ലീഷ് ഭാഷ പഠിച്ചത്. അവൾ അതിൽ പ്രാവീണ്യം നേടി. അഫ്‌ഗാനിസ്ഥാനിൽ ഒരു വിദ്യാഭ്യാസ സമ്പ്രദായതിന്റെ ആവശ്യകതയുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ടെന്നും താൻ അക്കാദമിക് രംഗത്ത് ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബഹിഷ്ട പറഞ്ഞു. ഐഐടികളിലെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം തന്റെ രാജ്യത്തേക്കും എത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും ബഹിഷ്ട കൂട്ടിച്ചേർത്തു. തന്റെ രാജ്യത്തെ പെൺകുട്ടികൾക്ക് ഇന്ന് സ്വപ്നം കാണാൻ മാത്രം കഴിയുന്ന നേട്ടമാണ് താൻ സ്വന്തമാക്കിയതെന്ന ബോധ്യത്തിൽ, തന്റെ വിദ്യാഭ്യാസം കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടാകുന്ന തരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ് ബഹിഷ്ട ഖൈറുദ്ദിൻ എന്ന ഇരുപത്തിയാറുകാരി.

logo
The Fourth
www.thefourthnews.in