പിരിച്ചുവിടൽ റിപ്പോർട്ടുകൾ തള്ളി ആലിബാബ ; 15,000 പേരെ ഈ വർഷം നിയമിക്കും

പിരിച്ചുവിടൽ റിപ്പോർട്ടുകൾ തള്ളി ആലിബാബ ; 15,000 പേരെ ഈ വർഷം നിയമിക്കും

ആലിബാബ ക്ലൗഡ് ഡിവിഷൻ ജീവനക്കാരെ വെട്ടിക്കുറക്കാൻ ആരംഭിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ലോകത്താകമാനം ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷയായി ആലിബാബ ഗ്രൂപ്പില്‍ നിന്നുള്ള അറിയിപ്പ്. ഈ വർഷം 15000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നതായി ഇ കോമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് അറിയിക്കുന്നു. കമ്പനി പുതിയ പിരിച്ചുവിടലിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രഖ്യാപനം.

ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പങ്കുവെച്ച കുറിപ്പിൽ ആറ് പ്രധാന ബിസിനസ്സ് ഡിവിഷനുകളിലായി 15,000 ജീവനക്കാരെ നിയമിക്കുമെന്ന് വ്യക്തമാക്കി. 3,000 തുടക്കക്കാര്‍ക്ക് അവസരം നല്‍കും. പിരിച്ചുവിടലുകളെ സംബന്ധിച്ച റിപ്പോർട്ടുകൾ കമ്പനി തള്ളിക്കളഞ്ഞു.

കമ്പനി 20% തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. " ടാലന്റ് മൂവ്മെന്റ് ആണ് എല്ലാ സംരംഭങ്ങളും ചെയ്യുന്നത്. ആലിബാബയിലേക്ക് പ്രതിഭകൾ കടന്നുവരികയും പോവുകയും ചെയ്യുന്നു. പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നീങ്ങുന്നു" - കമ്പനി പോസ്റ്റിൽ വ്യക്തമാക്കി. ആലിബാബ ക്ലൗഡ് ഡിവിഷൻ ജീവനക്കാരെ വെട്ടിക്കുറക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് ആണ് ഈ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്തത്.

ജീവനക്കാർക്ക് പിരിഞ്ഞ് പോകാനുള്ള പാക്കേജുകളും മറ്റ് ശാഖങ്ങളിലേക്ക് മാറാനുള്ള അവസരങ്ങളും നേരത്തെ കമ്പനി വാദ്ഗാനം ചെയ്തിരുന്നു. മാർച്ച് വരെ 235,000-ത്തിലധികം ആളുകൾക്കാണ് കമ്പനി ജോലി നൽകിയത്. കമ്പനി ഇപ്പോഴും റിക്രൂട്ട്‌മെന്റുകൾ തുടരുന്നുണ്ട്. " മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതും വളർത്തിയെടുക്കുന്നതും ഞങ്ങൾ ഒരിക്കലും നിർത്തിയിട്ടില്ല,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ചൈനീസ് സാങ്കേതിക വ്യവസായത്തിലെ തീവ്രമായ നിയന്ത്രണങ്ങൾ മൂലം കമ്പനിയുടെ വളർച്ച മന്ദഗതിയിൽ ആറ് ഡിവിഷനുകളായി വിപുലപ്പെടുത്താനാണ് നീക്കം. ഏറ്റവും വലിയ ഡിവിഷനുകളിൽ ഒന്നായ ആലിബാബ ക്ലൗഡ് സ്വതന്ത്ര ധനസമാഹരണവും സാധ്യതയുള്ള ലിസ്റ്റിങ്ങുകളും ലക്ഷ്യമിട്ട് ലോജിസ്റ്റിക്സ് മേഖലയിലും അന്താരാഷ്ട്ര വാണിജ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ യുഎസ് ട്രേഡിംഗിൽ ആലിബാബയുടെ ഓഹരികൾ ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞിട്ടുണ്ട്.

logo
The Fourth
www.thefourthnews.in