ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസും വിവാഹിതരാകുന്നു

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസും വിവാഹിതരാകുന്നു

വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2018 മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പേജ് സിക്സ് റിപ്പോർട്ട് ചെയ്തു. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2018 മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഫ്രാൻസിലാണ് ഇരുവരും ഇപ്പോൾ.

2019 ൽ ജെഫ് ബെസോസും ലോറൻ സാഞ്ചസും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ ഭാര്യ മക്കെൻസി സ്കോട്ടിലുമായുള്ള ജെഫ് ബെസോസിന്റെ വിവാഹമോചനം അന്തിമമാകുന്നതുവരെ ഇരുവരും ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ലോറൻ സാഞ്ചസും മുൻ ഭർത്താവ് ഹോളിവുഡ് എക്സിക്യൂട്ടീവ് പാട്രിക് വൈറ്റ്സെലും അതേ വർഷം തന്നെ വിവാഹമോചനം നേടിയിരുന്നു. 38 ബില്ല്യണ്‍ നഷ്ടപരിഹാരം വാങ്ങിയാണ് ബെസോസിന്‍റെ മുന്‍ ഭാര്യയായ മക്കെന്‍സി വിവാഹ മോചനം നേടിയത്. അതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികയായി അവര്‍ മാറി. ഇരുവർക്കും നാല് മക്കളുണ്ട്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ്. 53കാരിയായ ലോറൻ സാഞ്ചസ്, മുൻ മാധ്യമ പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തകയുമാണ്. 2021-ൽ ഇലോൺ മസ്‌ക് അദ്ദേഹത്തെ മറികടക്കുന്നതിന് മുൻപ്, 2019-ൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ബെസോസ്. 2021 വരെ ആമസോൺ സിഇഒ ആയി പ്രവർത്തിച്ച ബെസോസ് പിന്നീട് ബഹിരാകാശ സ്റ്റാർട്ടപ്പായ ബ്ലൂ ഒറിജിൻ സ്ഥാപിക്കുകയും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

ഒരു ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റായി തന്റെ കരിയർ ആരംഭിച്ച സാഞ്ചസ് ഫോക്‌സിന്റെ സോ യു തിങ്ക് യു തിങ്ക് യു ക്യാൻ ഡാൻസ് ഹോസ്റ്റ് ചെയ്യുന്നതിനും എക്‌സ്‌ട്രായിൽ അവതാരകയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിനിടെ ബ്ലൂ ഒറിജിൻ സ്ഥാപകന്റെ പാത പിന്തുടരാനും ബഹിരാകാശ യാത്ര ചെയ്യാനും താൻ ഉദ്ദേശിക്കുന്നതായി 2022 നവംബറിൽ സാഞ്ചസ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in