പെറുവിലെ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു: സൈനിക നടപടിയില്‍ 12 പേർ കൊല്ലപ്പെട്ടു

പെറുവിലെ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു: സൈനിക നടപടിയില്‍ 12 പേർ കൊല്ലപ്പെട്ടു

സർക്കാരിനെ പിരിച്ചുവിടാൻ ശ്രമിച്ചതിന് മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന പെറുവില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുന്നു. തെക്കന്‍ പെറുവിലെ ജൂലിയാകയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ സുരക്ഷാ സേനയുടെ നടപടിയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് മരണ സംഖ്യയെ കുറിച്ച് പ്രതിപാതിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആദ്യ വാരം ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 34ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.

കാസ്റ്റിലോയുടെ മോചനത്തിന് പുറമെ, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാർത്തെയുടെ രാജി, കോൺഗ്രസ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുക, ഭരണഘടനയിൽ മാറ്റം വരുത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം

പെറുവിലെ തെക്കൻ പുനോ മേഖലയിലെ ജൂലിയാക്കയിൽ പ്രതിഷേധത്തിനിടെ വെടിയൊച്ചകൾ കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വലിയ മെറ്റൽ പ്ലേറ്റുകൾക്കും റോഡ് സൈനുകൾക്കും പിന്നിൽ ഒളിച്ച് നിന്ന് പോലീസിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രതിഷേധം പുനരാരംഭിച്ചത്. കാസ്റ്റിലോയുടെ മോചനത്തിന് പുറമെ, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാർത്തെയുടെ രാജി, കോൺഗ്രസ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുക, ഭരണഘടനയിൽ മാറ്റം വരുത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം അതിൽ ചിലത് അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് ബൊലുവാർത്തെ.

അഴിമതി ആരോപണങ്ങളില്‍ ഇംപീച്ച്മെന്റ് ഭീഷണി നേരിട്ടിരുന്ന പെഡ്രോ, സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. അതുവരെ ഭരണത്തിൽ തുടരാമെന്നുമായിരുന്നു പെഡ്രോയുടെ കണക്കുകൂട്ടല്‍. എന്നാൽ കൂടെയുണ്ടായിരുന്ന മന്ത്രിമാർ കൈവിട്ടതോടെ പെഡ്രോയുടെ പദ്ധതികൾ തകരുകയും കോൺഗ്രസ് അദ്ദേഹത്തെ പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കലാപശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന പെഡ്രോ നിലവിൽ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് കരുതൽ തടങ്കലിലാണ്. മെക്സിക്കൻ എംബസിയിൽ അഭയം തേടാൻ ശ്രമിച്ച പെഡ്രോ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി 18 മാസത്തേക്ക് അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കാൻ നിർദേശിച്ചത്.

ഗ്രാമങ്ങളിലും ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും വലിയ സ്വാധീനമുള്ള നേതാവാണ് പെഡ്രോ.

ഗ്രാമങ്ങളിലും ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും വലിയ സ്വാധീനമുള്ള നേതാവാണ് പെഡ്രോ. ദരിദ്ര- ഗ്രാമീണ ചുറ്റുപാടിൽ നിന്ന് രാജ്യത്തിൻറെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും പെഡ്രോയ്ക്കുണ്ട്. അതുകൊണ്ട് തന്നെ പെഡ്രോയുടെ പുറത്താക്കൽ ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം വൈകാരികമായ പ്രശ്നം കൂടിയാണ്. റോഡുകളും മാറ്റ് ഗതാഗത മാർഗങ്ങളും തടസപ്പെടുത്തിയുള്ള പ്രതിഷേധം രാജ്യത്തെ അവശ്യ വസ്തുക്കളുടെ വില ഉയരാൻ കരണമായിരിക്കുകയാണ്. അരി, പാചക എണ്ണ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

logo
The Fourth
www.thefourthnews.in