പിയര്‍ അന്റോണിയോ പന്‍സേരി
പിയര്‍ അന്റോണിയോ പന്‍സേരി

'എല്ലാം തുറന്നുപറയും'; ഖത്തര്‍ഗേറ്റ് കൈക്കൂലി കേസില്‍ വഴിത്തിരിവ്, യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം മാപ്പുസാക്ഷിയാകും

യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി ഖത്തര്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

യൂറോപ്യന്‍ യൂണിയന്‍ തീരുമാനങ്ങള്‍ അനുകൂലമാക്കാന്‍ ഖത്തറില്‍നിന്ന് കൈക്കൂലി വാങ്ങി പ്രവര്‍ത്തിച്ചെന്ന, ഖത്തര്‍ഗേറ്റ് സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ കുറ്റാരോപിതരില്‍ ഒരാളായ യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം പിയര്‍ അന്റോണിയോ പന്‍സേരി മാപ്പ് സാക്ഷിയാകാന്‍ സമ്മതം അറിയിച്ചു. ഇതോടെ, കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും. ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് പ്രത്യുപകാരമായി കൈക്കൂലി നല്‍കിയ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താമെന്ന് പന്‍സേരി സമ്മതിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാര്‍ക്ക് ഉയ്‌റ്റെന്‍ഡെയ്‌ലിനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ അഴിമതി കേസാണ് ഖത്തര്‍ഗേറ്റ്. യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെ സ്വാധീനിക്കാനും രാജ്യത്തിനെതിരായ വിമര്‍ശനങ്ങള്‍ തടയാനും ഖത്തറിന്റെ പക്കല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.

യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍വേണ്ടി ഖത്തര്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മത്സ്യബന്ധനത്തിനുള്ള അധികാരം, തര്‍ക്കവിഷയമായ പടിഞ്ഞാറന്‍ സഹാറയില്‍ മേല്‍ക്കൈ നേടുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ പാര്‍ലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കുകയായിരുന്നു ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും പറയപ്പെടുന്നു. അതേസമയം, ആരോപണങ്ങള്‍ ഖത്തറും മൊറോക്കോയും നിരസിച്ചു. എന്നാല്‍ കേസ് അന്വേഷിക്കുന്ന ബെല്‍ജിയം പോലീസ് ഇതുവരെ നാലുപേരെ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫ്‌ളാറ്റുകളിലും വീടുകളിലും നിന്ന് 12 കോടി രൂപയും കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.

കുറ്റം സമ്മതിച്ച പന്‍സേരി സ്വന്തം നില ഭദ്രമാക്കുന്നതിന് വേണ്ടി അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് സമ്മതിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശിക്ഷ ഇളവ് ചെയ്ത് നല്‍കുന്നതിന് പകരമായി 'ക്രിമിനല്‍ നെറ്റ്വര്‍ക്ക്' എങ്ങനെ പ്രവര്‍ത്തിക്കുന്നു, ബന്ധപ്പെട്ട രാജ്യങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപെടലുകള്‍, മറ്റ് പങ്കാളികള്‍, അവരുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ എന്നിവ പന്‍സേരി നല്‍കും. അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പന്‍സേരിയുടെ മകള്‍ സില്‍വിയ പന്‍സേരിയെ ബെല്‍ജിയത്തിന് കൈമാറാന്‍ ഇറ്റാലിയന്‍ കോടതി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് കുറ്റസമ്മതത്തിന് മുന്‍ എംപി തയ്യാറാണെന്ന വിവരം പുറത്തുവന്നത്. പന്‍സേരിയുടെ ഭാര്യ മരിയ കൊളോണിയെയും കൈമാറാമെന്നും വടക്കന്‍ നഗരമായ ബ്രെസികയിലെ കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. നിലവില്‍ രണ്ട് സ്ത്രീകളും വീട്ടുതടങ്കലിലാണ്.

പന്‍സേരിയുടെ കുറ്റസമ്മത മൊഴി വരുന്നതോടെ കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെടുമെന്നാണ് കരുതുന്നത്. ഇതിനോടകം പാര്‍ലമെന്റിലെ മറ്റ് രണ്ട് എംപിമാരുടെ പരിരക്ഷ എടുത്തുകളയണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ഗ്രീക്ക് എംഇപി ഇവാ കൈലി, പങ്കാളി ഫ്രാന്‍സെസ്‌കോ ജിയോര്‍ജി, ലോബിയിസ്റ്റ് നിക്കോളോ ഫിഗ-തലമാന്‍ക എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവാ കൈലി കേസിലെ തന്റെ പങ്കാളിത്തം അംഗീകരിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സെസ്‌കോ ജിയോര്‍ജി തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പന്‍സേരിയുടെ കുറ്റസമ്മത മൊഴി വരുന്നതോടെ കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെടുമെന്നാണ് കരുതുന്നത്. ഇതിനോടകം പാര്‍ലമെന്റിലെ മറ്റ് രണ്ട് എംപിമാരുടെ പരിരക്ഷ എടുത്തുകളയണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഖത്തർഗേറ്റ് കൈക്കൂലി കേസ്

യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ അഴിമതി കേസാണ് ഖത്തര്‍ഗേറ്റ്. യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെ സ്വാധീനിക്കാനും രാജ്യത്തിനെതിരായ വിമര്‍ശനങ്ങള്‍ തടയാനും ഖത്തറിന്റെ പക്കല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വൈസ് പ്രസിഡന്റ് ഇവാ കൈലി അടങ്ങുന്നവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവില്‍ കൈലിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം ഒന്‍പതിന് ബെല്‍ജിയം പോലീസ് ബ്രസല്‍സില്‍ ഉടനീളം നടത്തിയ റെയ്ഡിലൂടെയാണ് സംഭവം പുറത്തുവരുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗമായ പന്‍സേരിയുടെയും കൈലിയുടെയും വസതികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളെ പ്രശംസിച്ച യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് മാര്‍ഗരിറ്റിസ് ഷിനാസിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

റഷ്യയില്‍ നിന്നുള്ള ഊര്‍ജ ലഭ്യത പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍, യൂറോപ്യന്‍ യുണിയനുമായുള്ള ഊര്‍ജ വില്പന കരാര്‍ നേടുകയായിരുന്നു ഖത്തറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി അടുത്തിടെ ജര്‍മനിയുമായി ഖത്തര്‍ ലാഭകരമായ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എല്‍ജിബിടിക്യു വിഷയത്തിലും ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടെ തൊഴിലാളികള്‍ മരിച്ച സംഭവത്തിലും ഖത്തറിനെ വെളുപ്പിച്ചെടുക്കുകയുമാണ് മറ്റൊരു ഉദ്ദേശ്യം. കൂടാതെ യൂറോപ്യന്‍ ഷെങ്കന്‍ മേഖലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുക കൂടി ലക്ഷ്യം വെച്ചാണ് ഖത്തര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയതെന്നാണ് ആരോപണം.

logo
The Fourth
www.thefourthnews.in