ടുണീഷ്യൻ തീരത്ത് രണ്ട് ആഫ്രിക്കൻ അഭയാർത്ഥി ബോട്ടുകൾ മുങ്ങി; 29 മരണം

ടുണീഷ്യൻ തീരത്ത് രണ്ട് ആഫ്രിക്കൻ അഭയാർത്ഥി ബോട്ടുകൾ മുങ്ങി; 29 മരണം

ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്ന് ടുണീഷ്യൻ തീരസംരക്ഷണ സേന അറിയിച്ചു

മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലേക്ക് പോകാൻ ശ്രമിക്കവെ ടുണീഷ്യയിൽ അഭയാർത്ഥി ബോട്ടുകൾ മറിഞ്ഞ് 29 മരണം. മണിക്കൂറുകൾക്കുള്ളിൽ രണ്ട് ബോട്ടുകളാണ് ട്യുണീഷ്യയുടെ തീരത്ത് മറിഞ്ഞത്. ആദ്യത്തെ ബോട്ട് അപകടത്തിൽ 19 പേരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ടുണീഷ്യൻ തീരത്ത് മുങ്ങുന്ന അഞ്ചാമത്തെ ബോട്ടാണിത്. ഇതിൽ 67 പേരെ കാണാതാവുകയും 9 പേർ മരിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്ന് ടുണീഷ്യൻ തീരസംരക്ഷണ സേന അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.

തെക്കൻ ഇറ്റാലിയൻ തീരത്ത് നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 750 ഓളം കുടിയേറ്റക്കാരെ രക്ഷിച്ചതായി കഴിഞ്ഞയാഴ്ച ഇറ്റാലിയൻ തീരസേന അറിയിച്ചിരുന്നു

ട്യുണീഷ്യയുടെ വടക്ക് മഹ്ദിയ തീരത്ത് നിന്ന് 11 അഭയാർത്ഥികളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ദാരിദ്ര്യവും മറ്റ് പ്രശ്നങ്ങളും മൂലം ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇറ്റലിയുടെ തീരത്ത് വന്നിറങ്ങിയ 12,000 കുടിയേറ്റക്കാരെങ്കിലും ടുണീഷ്യൻ തീരത്ത് നിന്ന് പുറപ്പെട്ടവരാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറ്റാലിയൻ തീരത്ത് വന്നെത്തിയത് 1,300 കുടിയേറ്റക്കാർ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2,500 കുടിയേറ്റക്കാർ എത്തിയതായി ലാംപെഡൂസ ദ്വീപിലെ ഇറ്റാലിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടുണീഷ്യൻ തീരത്ത് രണ്ട് ആഫ്രിക്കൻ അഭയാർത്ഥി ബോട്ടുകൾ മുങ്ങി; 29 മരണം
ഇറ്റലി ബോട്ടപകടത്തിൽ മരണസംഖ്യ ഉയരുന്നു; മരണം 59 ആയി

രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാർക്കെതിരെ ടുണീഷ്യ ക്യാംപയിൻ ആരംഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ ഇറ്റലിയിലേക്ക് പുറപ്പെട്ട 80 ബോട്ടുകൾ ടുണീഷ്യയിൽ തടഞ്ഞുവെച്ചിട്ടുണ്ട്. ഈ ബോട്ടുകളിൽ ഉണ്ടായിരുന്ന 3000 കുടിയേറ്റക്കാരെ തടവിലാക്കിയതായും അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിഭാഗം പേരും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. തെക്കൻ ഇറ്റാലിയൻ തീരത്ത് നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 750 ഓളം കുടിയേറ്റക്കാരെ രക്ഷിച്ചതായി കഴിഞ്ഞ ആഴ്ച ഇറ്റാലിയൻ തീരദേശസേന അറിയിച്ചിരുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി യൂറോപ്പിലെത്തുന്ന അഭയാർത്ഥികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ അളവിലുള്ള കുടിയേറ്റക്കാർ ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ എത്തുന്നത് ഭീഷണിയുയർത്തുന്നതാണ് എന്നും മേലോനി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാസം ടുണീഷ്യൻ പ്രസിഡന്റ് നടത്തിയ വിവാദപ്രസംഗത്തിൽ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ വർധിക്കാൻ ആഫ്രിക്കൻ കുടിയേറ്റക്കാർ കാരണമായെന്ന് ആരോപിച്ചിരുന്നു. ഇവർ ജനസംഖ്യാപരമായ ഭീഷണിയാണെന്നും വിശേഷിപ്പിച്ചു. ആഫ്രിക്കൻ യൂണിയനും മനുഷ്യാവകാശ സംഘടനകളും ഇതിനെ വ്യാപകമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു.

യൂറോപ്പിലേക്ക് കടൽ മാർഗം എത്താൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ പ്രധാന ലാൻഡിങ് പോയിന്റുകളിൽ ഒന്നാണ് ഇറ്റലി. സെൻട്രൽ മെഡിറ്ററേനിയൻ റൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒന്നായാണ് അറിയപ്പെടുന്നത്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ മിസ്സിങ് മൈഗ്രന്റ്സ് പ്രോജക്റ്റ് അനുസരിച്ച്, 2014 മുതൽ മെഡിറ്ററേനിയൻ പ്രദേശത്ത് 20,333 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in