ഇസ്രയേലിലെ വ്യോമാക്രമണം: 'ലക്ഷ്യം നേടി', തിരിച്ചടിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍

ഇസ്രയേലിലെ വ്യോമാക്രമണം: 'ലക്ഷ്യം നേടി', തിരിച്ചടിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍

ഇറാന്‍ 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120ലധികം ബാലിസ്റ്റിക്ക് മിസൈലുകളും തൊടുത്തതായാണ് ഇസ്രയേല്‍ അറിയിക്കുന്നത്

ഡമാസ്കസിലെ കോണ്‍സുലേറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേലില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന്റെ ലക്ഷ്യം പൂർണമായും കൈവരിച്ചതായി ഇറാന്‍. ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന് പുലർച്ചെ വരെ നീണ്ടു നിന്ന ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് വിജയകരമായി പൂർത്തിയാക്കുകയും ലക്ഷ്യങ്ങള്‍ നേടുകയും ചെയ്തതായി ഇറാന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

'ഇസ്രയേല്‍ ഭരണകൂടം അതിരുകടന്ന് പ്രവർത്തിച്ചതിനാലാണ് ഇത്തരമൊരു മറുപടി നല്‍കേണ്ടി വന്നത്. ഈ ഓപ്പറേഷന്‍ പൂർത്തിയായതായാണ് ഞങ്ങള്‍ കണക്കാക്കുന്നത്, തുടരാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇസ്രയേല്‍ പ്രതികരിച്ചാല്‍ അടുത്ത നീക്കം കൂടുതല്‍ ശക്തമായിരിക്കുമെന്നും' ബഗേരി കൂട്ടിച്ചേർത്തു.

ഇറാന്‍ 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120ലധികം ബാലിസ്റ്റിക്ക് മിസൈലുകളും തൊടുത്തതായാണ് ഇസ്രയേല്‍ അറിയിക്കുന്നത്. എന്നാല്‍ ആക്രമണത്തെ ചെറുക്കാനായെന്നും രാജ്യത്തിന്റെ പ്രതിരോധ സംവിധാനവും സഖ്യകക്ഷികളും ചേർന്ന് ഇറാന്‍ തൊടുത്ത മുന്നൂറിലധികം വരുന്ന ഡ്രോണുകളില്‍ 99 ശതമാനവും നിർവീര്യമാക്കിയെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.

അമേരിക്കയുമായി സഹകരിച്ചുകൊണ്ട് വളരെ സൂക്ഷ്മമായ വ്യോമ പ്രതിരോധ മേഖലയാണ് ഇസ്രയേല്‍ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകള്‍. ലോങ് റേഞ്ച് മിസൈലുകളും ഡ്രോണുകളും ഷോർട്ട് റേഞ്ച് റോക്കറ്റുകളുമുള്‍പ്പെടെ തടയാന്‍ ഈ പ്രതിരോധ സംവിധാനത്തിന് ശേഷിയുണ്ടെന്നും പറയപ്പെടുന്നു.

ഇസ്രയേലിലെ വ്യോമാക്രമണം: 'ലക്ഷ്യം നേടി', തിരിച്ചടിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍
തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലില്‍ വ്യോമാക്രമണം, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് നെതന്യാഹു; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ഞങ്ങള്‍ കൃത്യമായി ഇടപെട്ടു, ആക്രമണത്തെ തടഞ്ഞു, നമ്മള്‍ വിജയിക്കും, ബെഞ്ചമിന്‍ നെതന്യാഹു സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സൈനിക ഇടപെടലിനെ അഭിനന്ദിക്കുകയും പിന്തുണച്ചതിന് അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. എന്നിരുന്നാലും സാഹചര്യം മാറ്റമില്ലാതെ തുടരുകയാണെന്ന മുന്നറിയിപ്പും ഗാലന്റ് നല്‍കിയിട്ടുണ്ട്.

ഒന്നും അവസാനിച്ചിട്ടില്ല. ജാഗ്രതയോടെ തുടരേണ്ടതുണ്ട്. ഏത് സാഹചര്യം നേരിടാനും തയ്യാറായിരിക്കണം, വീഡിയോ പ്രസ്താവനയില്‍ ഗാലന്റ് പറഞ്ഞു.

ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം നടന്നത്. ആക്രമണ പശ്ചാത്തലത്തില്‍ ഇസ്രയേലിനു പുറമെ ജോർദാൻ, ഇറാഖ്, ലബനന്‍ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ വിമനത്താവളവും അടച്ചു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേർന്ന് ഇറാന്റെ ആക്രമണത്തെ അപലപിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയനും (ഇയു) ഐക്യരാഷ്ട്ര സഭയും (യുഎന്‍) ഇറാന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം അംഗീകരിക്കാനാകില്ല, ശക്തമായി അപലപിക്കുന്നു. അപ്രതീക്ഷിതമായ നീക്കം മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്, ഇയു വിദേശ നയ തലവന്‍ ജോസപ് ബോറല്‍ പറഞ്ഞു.

മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in