ബാലിയില്‍ ഇനി ബൈക്കില്‍ കറങ്ങാമെന്ന് കരുതേണ്ട; വാടകയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കുന്നത് നിരോധിച്ചേക്കും

ബാലിയില്‍ ഇനി ബൈക്കില്‍ കറങ്ങാമെന്ന് കരുതേണ്ട; വാടകയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കുന്നത് നിരോധിച്ചേക്കും

ബാലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല റോഡ് അപകടങ്ങള്‍ക്കു പിന്നിലും വിനോദ സഞ്ചാരികളുടെ പങ്ക് വ്യക്തമായതോടെയാണ് വിലക്ക് നീക്കം

ഇന്‍ഡോനേഷ്യയിലെ ജാവാ ദ്വീപിന്റെ കിഴക്കേ അറ്റത്തായാണ് ബാലി എന്ന സുന്ദര ദ്വീപ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആവോളം അനുഗ്രഹിച്ച ബാലി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് . കോവിഡാനന്തരം വിലക്കുകള്‍ നീങ്ങിയതോടെ ബാലിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ബാലി ദ്വീപിലെത്തുന്ന വിനോദ സഞ്ചാരികള്‍ വാടകയ്ക്കെടുത്ത മോട്ടോര്‍ ബൈക്കുകളില്‍ നാട് ചുറ്റുന്നത് പതിവാണ്. എന്നാലിപ്പോള്‍ ആ ബൈക്ക് യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങുകയാണ് ബാലിയിലെ പ്രാദേശിക ഭരണകൂടം.

Daniel Zafra Portill

കഴിഞ്ഞ ദിവസമാണ് ബാലി ഗവര്‍ണറായ എ വയന്‍ വിനോദ സഞ്ചാരികളുടെ മോട്ടോര്‍ വാഹനങ്ങളിലെ യാത്ര വിലക്കാനുള്ള നീക്കം സംബന്ധിച്ച് സൂചന നല്‍കിയത്. റോഡ് അപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഷര്‍ട്ടോ മറ്റ് മേല്‍ വസ്ത്രങ്ങളോ ധരിക്കാതെ , ഹെല്‍മറ്റ് ഉപയോഗിക്കാതെയാണ് വിനോദ സഞ്ചാരികള്‍ ദ്വീപില്‍ ചുറ്റി നടക്കുന്നതെന്ന് ബാലി ഗവര്‍ണര്‍ പറയുന്നു . ദ്വീപിലെ നിയമം തെറ്റിച്ചാണ് റോഡുകളില്‍ പല വിനോദ സഞ്ചാരികളും യാത്ര ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ബാലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല റോഡ് അപകടങ്ങളിലും വിനോദ സഞ്ചാരികളുടെ പങ്ക് വ്യക്തമായതോടെയാണ് വിലക്ക് നീക്കത്തിലേക്ക് പ്രാദേശിക സര്‍ക്കാര്‍ കടക്കുന്നത്. റോഡുകളില്‍ നിയമം പാലിക്കാതെയുള്ള വിനോദ സഞ്ചാരികളുടെ യാത്ര സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനും പ്രാദേശിക ഡ്രൈവറെ കൈയേറ്റം ചെയ്തതിനും ഒരു റഷ്യന്‍ പൗരനെ ബാലി പോലീസ് അറസ്റ്റ് ചെയ്തത്.

ദ്വീപ് ചുറ്റിക്കാണുന്നതിനായി സഞ്ചാരികള്‍ മോട്ടോര്‍ ബൈക്കുകള്‍ വാടകയ്ക്കെടുക്കുന്നത് ബാലിയില്‍ സര്‍വ സാധാരണമാണ് . ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന നിരവധിയാളുകളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് കൂടിയാണിത്.

പൊതുഗതാഗതം സംവിധാനമില്ലാത്ത ബാലിയിലെ ചെറിയ വഴികളിലൂടെ സഞ്ചരിക്കാന്‍ സഹായകമാകുന്ന മോട്ടോര്‍ ബൈക്കുകള്‍ വിലക്കുമ്പോള്‍ ഏത് തരത്തിലാകുമെന്ന് ബദല്‍ സംവിധാനം ഇപ്പോഴും അവ്യക്തമാണ്. സര്‍ക്കാരിന്റെ പുതിയ നീക്കം വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും ചര്‍ച്ചയാകുന്നുണ്ട്.

logo
The Fourth
www.thefourthnews.in