ശവസംസ്കാര ചടങ്ങിനിടെ അഫ്ഗാനിൽ പള്ളിയിൽ സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

ശവസംസ്കാര ചടങ്ങിനിടെ അഫ്ഗാനിൽ പള്ളിയിൽ സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹമ്മദിയുടെ സംസ്‌കാര ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്

വടക്കൻ അഫ്ഗാനിസ്ഥാനിൽ ശവസംസ്കരണച്ചടങ്ങിനിടെ പള്ളിക്കുളളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. 30 ലധികം പേർക്ക് പരിക്കേറ്റു. ചൈനയുമായും താജിക്കിസ്ഥാനുമായും അതിർത്തി പങ്കിടുന്ന വടക്കൻ പ്രവിശ്യയായ ബദാഖ്ഷനിലാണ് സ്ഫോടനമുണ്ടായതെന്ന് താലിബാൻ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവരിൽ നിരവധി പ്രാദേശിക താലിബാൻ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രവിശ്യാ തലസ്ഥാനമായ ഫൈസാബാദിലെ പള്ളിയിൽ പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സ്ഫോടനം.

അഫ്ഗാനിലെ നഗര കേന്ദ്രങ്ങളിൽ നിരവധി വലിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിട്ടുണ്ട്

പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹമ്മദിയുടെ സംസ്‌കാര ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ട് പ്രാദേശിക താലിബാൻ നേതാക്കൽ പള്ളിയിൽ വച്ച് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ബഗ്ലാൻ പ്രവിശ്യയിലെ മുൻ പോലീസ് കമാൻഡർ സഫിയുള്ള സമീമും ഇവരിൽ ഉൾപ്പെടുന്നു. സ്‌ഫോടനത്തിന് ശേഷം വെടിയൊച്ചകൾ കേട്ടതായി ദൃസാക്ഷികൾ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച ഫൈസാബാദിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിലാണ് നിസാർ അഹമ്മദ് അഹമ്മദി കൊല്ലപ്പെട്ടത്. നിസാർ അഹമ്മദ് അഹമ്മദി സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിലെ നഗര കേന്ദ്രങ്ങളിൽ നിരവധി വലിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഐഎസ്‌ നടത്തിയ ചാവേർ സ്‌ഫോടനത്തിൽ പ്രവിശ്യയിലെ പോലീസ് സേനയുടെ തലവൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും ബോംബാക്രമണത്തിൽ താലിബാൻ ഖനന വകുപ്പ് മേധാവി കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in