ബോല ടിനുബു
ബോല ടിനുബു

നൈജീരിയയില്‍ ഇനി കിങ് മേക്കര്‍ ബോല ടിനുബുവിന്റെ ഊഴം; വോട്ടെണ്ണലില്‍ കൃത്രിമമെന്ന് പ്രതിപക്ഷം

രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ രാഷ്ട്രീയ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ബോല ടിനുബുവിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണുള്ളത്

നൈജീരിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഭരണകക്ഷി സ്ഥാനാര്‍ത്ഥി ബോല ടിനുബു. ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയാണ് ടിനുബു. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ  രാഷ്ട്രീയ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ടിനുബിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണുള്ളത്. ഫലം പുറത്തു വന്നതിനെ തുടർന്ന് വോട്ടർമാർക്ക് നന്ദി പറഞ്ഞ ടിനുബു ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ തിളങ്ങുന്ന നിമിഷമാണിതെന്നും ജനാധിപത്യ നിലനില്‍പ്പിന്റെ സ്ഥിരീകരണമാണ് ഈ വിജയമെന്നും പ്രതികരിച്ചു. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് ടിനുബു വിജയം നേടിയതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് കമ്മീഷനെ വിലകുറച്ച് കാണരുതെന്നും കൃത്രിമം നടത്തിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാനും ആവശ്യപ്പെട്ട് നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അടുത്തയാഴ്ച ടിനുബു പ്രസിഡന്റായി സ്ഥാനമേല്‍ക്കും. മതം, രാഷ്ട്രീയം, വംശം, പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തിരഞ്ഞെടുപ്പായിരുന്നു നൈജീരിയയില്‍ ഇത്തവണ. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസും  പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും സ്വതന്ത്ര നിലപാടുകളുള്ള ലേബര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം.

അതിര്‍ത്തികളെല്ലാം അടച്ച് കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. ബോല ടിനുബു, മുന്‍ വൈസ് പ്രസിഡന്റും പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ അടികു അബൂബക്കര്‍, സ്വതന്ത്ര നിലപാടുകളുള്ള പീറ്റര്‍ ഒബി എന്നിവരായിരുന്നു മത്സര രംഗത്തെ പ്രധാനികള്‍. നോട്ടു നിരോധനവും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രധാന ചര്‍ച്ച. അടുത്തിടെ 200, 500, 1000 എന്നിവയുടെ പഴയ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ പകരം പുതിയ നോട്ടുകള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വ്യാപക പ്രക്ഷോഭത്തിന് കാരണമാകുകയും ചെയ്തു.

1999ൽ രാജ്യം ഒരു ജനാധിപത്യ ഭരണ സംവിധാനം സ്വീകരിച്ചതിന് ശേഷം, തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ടിനുബു

പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയും പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നു. എന്നാല്‍ അവയൊന്നും ഫലം കണ്ടില്ലെന്നാണ് ടിനുബുവിന്റെ വിജയത്തിലൂടെ വ്യക്തമാകുന്നത്.  1999ൽ രാജ്യം ഒരു ജനാധിപത്യ ഭരണ സംവിധാനം സ്വീകരിച്ചതിന് ശേഷം, തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ടിനുബു. ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വരുന്ന യുവാക്കളായിരിക്കും ഇത്തവണ ഭരണം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുകയെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. പുതിയതായി രജിസ്റ്റര്‍ ചെയ്ത ഒരു കോടി വോട്ടര്‍മാരില്‍ 40 ശതമാനവും വിദ്യാര്‍ഥികളാണ് എന്നതും ശ്രദ്ധേയമാണ്.

1999 മുതൽ 2007 വരെ ലാഗോസ് ഗവർണറായി സേവനമനുഷ്ഠിച്ച 70-കാരനാണ് ബോല ടിനുബു. നൈജീരിയൻ രാഷ്ട്രീയത്തിലെ കിങ് മേക്കറായ ടിനുബു “ഇത് എന്റെ ഊഴമാണ്” എന്ന മുദ്രാവാക്യം ഉയർത്തി കാണിച്ചാണ് പ്രചരണങ്ങൾ നടത്തിയിരുന്നത്. നിരവധി  അഴിമതി ആരോപണങ്ങൾ ടിനുബിനെതിരെ ഉയർന്ന് വന്നിരുന്നു. കൂടാതെ  ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങളും ഉയർന്ന് വന്നിരുന്നു. എന്നാൽ ടിനുബു ഇതെല്ലാം തള്ളി രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in