സൗദിയിൽനിന്ന് സമ്മാനമായി ലഭിച്ച ആഭരണങ്ങൾ അപഹരിച്ചു; ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബോൾസെനാരോയ്‌ക്കെതിരെ കുറ്റപത്രം

സൗദിയിൽനിന്ന് സമ്മാനമായി ലഭിച്ച ആഭരണങ്ങൾ അപഹരിച്ചു; ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബോൾസെനാരോയ്‌ക്കെതിരെ കുറ്റപത്രം

2021ൽ ബ്രസീലിലെ സാവോപോളോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു സൗദിയിൽനിന്ന് മടങ്ങിയെത്തിയ ബോൾസെനാരോയുടെ സഹായിയുടെ കയ്യിൽനിന്ന് ആഭരണങ്ങളിൽ ചിലത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്

സൗദി അറേബ്യയിൽനിന്ന് ലഭിച്ച വജ്രാഭരണങ്ങൾ അപഹരിച്ച കേസിൽ ബ്രസീൽ മുൻ പ്രസിഡന്‌റ് ജെയ്ർ ബോൾസെനാരോയ്‌ക്കെതിരെ കുറ്റം ചുമത്തി. അധികാരത്തിലിരിക്കുമ്പോൾ സൗദി ഭരണകൂടം ബോൾസെനാരോയ്ക്കും പങ്കാളിക്കും 32 ലക്ഷം ഡോളർ വിലയുള്ള ഡയമണ്ട് നെക്ളേസ്, മോതിരം, ആഡംബര വാച്ചുകൾ, കമ്മലുകൾ എന്നിവ സമ്മാനിച്ചിരുന്നു. ഇത് നിയമവിരുദ്ധമായി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് ബോൾസെനാരോയ്ക്കെതിരെ ബ്രസീൽ ഫെഡറൽ പോലീസ് ജൂലൈ നാലിന് കുറ്റം ചുമത്തിയത്.

2021ൽ ബ്രസീലിലെ സാവോപോളോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു സൗദിയിൽനിന്ന് മടങ്ങിയെത്തിയ ബോൾസെനാരോയുടെ സഹായിയുടെ കയ്യിൽനിന്ന് ആഭരണങ്ങളിൽ ചിലത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സുപ്രീംകോടതി നീതിന്യായ മന്ത്രി അലക്‌സാണ്ടർ ഡി മൊറേസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചില വസ്തുക്കൾ വിറ്റഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസും ആഭരണങ്ങൾ അപഹരിച്ചതിനുള്ള ക്രിമിനൽ കേസിലുമാണ് നിലവിൽ ബോൾസെനാരോയെ പ്രതിയാക്കിയിരിക്കുന്നത്.

സൗദി അറേബ്യയിൽനിന്ന് സമ്മാനമായി ലഭിച്ച രണ്ട് ആഡംബര വാച്ചുകൾ 70,000 ഡോളറിന് വിൽക്കുകയും അതിന്റെ പണം ബോൾസെനാരോയ്ക്ക് ലഭിച്ചതായും 2023 ഓഗസ്റ്റിൽ പോലീസ് ആരോപിച്ചിരുന്നു. ബ്രസീലിലെ നിയമപ്രകാരം, വിദേശത്തുനിന്ന് എത്തുന്ന പൗരന്മാർക്ക് 1000 യു എസ് ഡോളറിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ അത് അറിയിക്കുകയും നികുതി അടയ്ക്കുകയും വേണം. മൂല്യത്തിന്റെ 50 ശതമാനമാണ് നികുതി. എന്നാൽ ബോൾസെനാരോയുടെ സഹായി ഒളിച്ചുകടത്താൻ ശ്രമിക്കുക ആയിരുന്നു. അല്ലാതെ ശരിയായ പാതയിലൂടെയാണ് കൊണ്ടുവരുന്നതെങ്കിൽ നികുതി ഇളവ് ലഭിക്കുമെങ്കിലും അത് രാജ്യത്തിനെ സ്വത്തായിട്ടാകും കണക്കാക്കപ്പെടുക. ആ നിയമക്കുരുക്ക് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹായി പിടിയിലാകുന്നത്.

സൗദിയിൽനിന്ന് സമ്മാനമായി ലഭിച്ച ആഭരണങ്ങൾ അപഹരിച്ചു; ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബോൾസെനാരോയ്‌ക്കെതിരെ കുറ്റപത്രം
ബ്രസീലിലെ കലാപശ്രമം: മുൻ പ്രസിഡന്റ് ബോൾസനാരോയ്ക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി

ഏറ്റവും പുതിയ കുറ്റപത്രത്തോടുകൂടിയ പോലീസ് റിപ്പോർട്ട്, സുപ്രീംകോടതിയിൽ ഇതുവരെയും പോലീസ് സമർപ്പിച്ചിട്ടില്ല. ആ നടപടിക്രമം കൂടി പൂർത്തിയായാൽ മാത്രമേ വിചാരണ ആവശ്യമുണ്ടോ എന്നതിൽ തീരുമാനമാകു. തീവ്രവലതുപക്ഷക്കാരനായ ബോൾസെനാരോയ്ക്കെതിരെ വേറെയും കേസുകളുണ്ട്. എന്നാൽ ഇത് രാഷ്ട്രീയ വേട്ടയാടൽ ആണെന്നാണ് ബോൾസെനാരോയെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.

കുറ്റം ചുമത്തിയ നടപടിയിൽ ബോൾസെനാരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു. 2023 ജനുവരി എട്ടിന് തലസ്ഥാനമായ ബ്രസീലിയയിൽ ലുല ഡാ സിൽവയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിലും മുൻ പ്രസിഡന്റിനെതിരേ അന്വേഷണം നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in