ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം; പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം; പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ

ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജയ്ര്‍ ബോള്‍സനാരോയുടെ അനുയായികള്‍. തീവ്ര വലതുപക്ഷ അനുയായികളായ ആയിരങ്ങളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. തലസ്ഥാന നഗരിയിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ പാര്‍ലമെന്റ്, സുപ്രീംകോടതി, പ്രസിഡന്റിന്റെ കൊട്ടാരം ഉള്‍പ്പെടെ ആക്രമിച്ചു. അക്രമികളെ നേരിടാന്‍ സൈന്യമിറങ്ങിയതോടെ, തെരുവുകള്‍ സംഘര്‍ഷഭരിതമായി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം; പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു
ബ്രസീലുകാരോട് വാക്ക് പാലിക്കാൻ ലുല ഡ സിൽവ

ബ്രസീലിയന്‍ പതാകയുമേന്തിയാണ് തീവ്ര വലതുപക്ഷ അനുയായികള്‍ തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടത്. ചിലര്‍ സെനറ്റ് ചേംബറില്‍ കടന്നു. മറ്റു ചിലര്‍ പ്രസിഡന്റ് കൊട്ടാരത്തിലേക്കും കടന്നു. സുപ്രീംകോടതി ഉള്‍പ്പെടെ സര്‍ക്കാര്‍ കെട്ടിടങ്ങളും അക്രമികള്‍ കൈയ്യടക്കി. പിന്നാലെ സൈന്യം രംഗത്തെത്തി. മൂന്ന് മണിക്കൂറിനൊടുവില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷം മുന്‍പ് യുഎസ് കാപിറ്റോളില്‍ നടന്ന അക്രമത്തിന് സമാനമാണ് ബ്രസീലിലെ കലാപം. അന്ന് തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതിരുന്ന മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികളാണ് യുഎസ് ഭരണസിരാകേന്ദ്രത്തില്‍ അക്രമം അഴിച്ചുവിട്ടത്. സംഭവസ്ഥലം പ്രസിഡന്റ് സില്‍വ സന്ദര്‍ശിച്ചു.

പ്രസിഡന്റ് ലുല ഡ സില്‍വ അധികാരത്തില്‍ വന്ന് എട്ട് ദിവസത്തിന് ശേഷമാണ് കലാപം. ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അക്രമമാണ് നടക്കുന്നതെന്നാണ് സില്‍വയുടെ പ്രതികരണം. ഫാസിസ്റ്റ് മതഭ്രാന്തന്മാരാണ് അക്രമം അഴിച്ചുവിടുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സില്‍വ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പ്രസിഡന്റ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ സില്‍വ പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബോള്‍സനാരോ രംഗത്തെത്തിയിരുന്നു. അധികാര കൈമാറ്റത്തിന് പോലും കാത്തുനില്‍ക്കാതെ ബോള്‍സനാരോ നാടുവിടുകയും ചെയ്തു.

അതേസമയം, കലാപത്തെ അപലപിച്ചുകൊണ്ട് ബോള്‍സനാരോ ട്വീറ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃതമായ സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, 2013ലും 2017ലും ഇടതുപക്ഷം നടത്തിയതുപോലെ ഇന്ന് പൊതുകെട്ടിടങ്ങള്‍ കൈയ്യേറി നശിപ്പിക്കുന്നത് നിയമം അനുവദിക്കില്ലെന്നായിരുന്നു ബോള്‍സനാരോയുടെ പ്രതികരണം. അക്രമസംഭവങ്ങള്‍ നടന്ന് ആറ് മണിക്കൂറിന് ശേഷമായിരുന്നു ബോള്‍സനാരോയുടെ ട്വീറ്റ്.

ബ്രസീല്‍ ജനാധിപത്യത്തിനും അധികാരകൈമാറ്റത്തിനും എതിരായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അപലപിച്ചു. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ബൈഡന്‍, ലുല ഡ സില്‍വയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in