'ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്, ഓപ്പറേഷന്‍ സ്പ്രിംഗ് ടൈഡ്' - 
രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടനിൽ നടക്കുന്നത്

'ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്, ഓപ്പറേഷന്‍ സ്പ്രിംഗ് ടൈഡ്' - രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടനിൽ നടക്കുന്നത്

അടുത്ത പത്ത് ദിവസം ബ്രിട്ടന്‍ കടന്നുപോകുന്നത് നിരവധി ചടങ്ങുകളിലൂടെയാണ്

രാജ്ഞിയുടെ മരണം ബ്രിട്ടനിലെ ഔദ്യോഗിക വൃത്തങ്ങളില്‍ അറിയപ്പെടുന്നത് ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ് എന്നാണ്. രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള തയ്യാറെടുപ്പുകളും നടപടികളും പുതിയ രാജാവിന്റെ സ്ഥാനാരോഹണവുമെല്ലാം ഓപ്പറേഷന്‍ 'സ്പ്രിംഗ് ടൈഡ്' എന്നും അറിയപ്പെടുന്നു. ഒരുവര്‍ഷം മുന്‍പാണ് ബ്രിട്ടീഷ് രാജകുടുംബം ഔദ്യോഗികതലത്തിലെ ഈ രഹസ്യരേഖ തയ്യാറാക്കിയത്. രാജ്ഞി മരിച്ചു എന്നു പറയുന്നതിനു പകരം ‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ’ എന്ന സന്ദേശമാണ് പ്രധാനമന്ത്രിക്കു നൽകിയത്.

എന്നാല്‍ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് അന്ത്യം സംഭവിച്ചതിനാല്‍ 'ഓപ്പറേഷന്‍ ബ്രിഡ്ജി'ന് പകരം, 'ഓപ്പറേഷന്‍ യൂണികോണ്‍' എന്ന് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജാവോ, രാജ്ഞിയോ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് മരിച്ചാല്‍ രാജകീയ പ്രൗഢിയുടെ ഭാഗമായ യൂണികോണിന്റെ പേരില്‍ അറിയപ്പെടുമെന്നാണ് പ്രോട്ടോക്കോള്‍.

ഇനിയുള്ള പത്ത് ദിവസങ്ങളില്‍ ബ്രിട്ടനില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ദിനങ്ങളില്‍ രാജ്യം പല ചടങ്ങുകളിലൂടെയാണ് കടന്നുപോകുക.

ആദ്യ ദിനം

പുതിയ രാജാവിന്റെ പ്രഖ്യാപനത്തിനായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന കൗണ്‍സില്‍ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ യോഗം ചേരും. രാജാവിന്റെ പേര് സെന്റ് ജെയിംസ് കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് പൊതുവേദിയില്‍ പ്രഖ്യാപിക്കും. ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്സ്ചേഞ്ചിലും ഈ ചടങ്ങ് നടക്കും. ഇതിന് ശേഷം പുതിയ രാജാവ്, പ്രധാനമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്, വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍ എന്നിവര്‍ യോഗം ചേരും. പാര്‍ലമെന്റില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും

രണ്ടാം ദിനം

രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുള്ള മഞ്ചം സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബല്‍മോറല്‍ കൊട്ടരത്തില്‍ നിന്ന് റോഡ് മാര്‍ഗം ബ്രിട്ടനിലെ എഡിന്‍ബര്‍ഗിലുള്ള ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകും.

മൂന്നാം ദിനം

രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങിനുവേണ്ടി ഹോളിറൂഡില്‍ നിന്ന് റോയല്‍ മൈലിലൂടെ സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് വിലാപയാത്ര നടക്കും. ശേഷം, സെന്റ് ഗൈല്‍സ് കത്തീഡ്രല്‍ 24 മണിക്കൂര്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. അനുശോചന പ്രമേയം സ്വീകരിക്കാന്‍ ചാള്‍സ് രാജാവ് വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലേക്കും തുടര്‍ന്ന് എഡിന്‍ബര്‍ഗിലേക്കും പോകും. തുടര്‍ന്ന് സെന്റ് ഗൈല്‍സ് കത്തീഡ്രലില്‍ ശുശ്രൂഷ നടക്കും.

നാലാം ദിനം

മൃതദേഹം ലണ്ടനിലെ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് ചാള്‍സ് രാജാവ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് പോകും. അവിടെ ഹില്‍സ്ബറോ കാസിലില്‍ അനുശോചന സന്ദേശം സ്വീകരിക്കുകയും ബെല്‍ഫാസ്റ്റിലെ സെന്റ് ആന്‍സ് കത്തീഡ്രലില്‍ പ്രാര്‍ത്ഥനയിലും എലിസബത്ത് രാജ്ഞിക്കുവേണ്ടിയുള്ള ധ്യാനത്തില്‍ പങ്കെടുക്കുകയും ചെയ്യും.

അഞ്ചാം ദിനം

ലണ്ടനിലെ ചടങ്ങുകള്‍ക്ക് മുമ്പ് മൃതദേഹം ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പുള്ള ആദ്യത്തെ വലിയ ആചാരപരമായ ചടങ്ങ് നടക്കും. രാജ്ഞിയുടെ ശവമഞ്ചം ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ അഞ്ച് ദിവസത്തെ പൊതുദര്‍ശനത്തിന് വെക്കും. ദിവസേന 23 മണിക്കൂര്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും

ആറാം ദിനം

വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനം തുടരും. 23 മണിക്കൂര്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും

ഏഴാം ദിനം

കാര്‍ഡിഫിലെ ലാന്‍ഡാഫ് കത്തീഡ്രലില്‍ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ചാള്‍സ് രാജാവ് വെയില്‍സിലേക്ക് പോകും, തുടര്‍ന്ന് വെല്‍ഷ് സെനെഡ് സന്ദര്‍ശിച്ച് അനുശോചന പ്രമേയം സ്വീകരിക്കും. വെല്‍ഷ് ഫസ്റ്റ് മിനിസ്റ്ററിനൊപ്പമുള്ള യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

എട്ടാം ദിനം

മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക്‌ അന്ത്യോപചാരം അര്‍പ്പിക്കും

ഒമ്പതാം ദിനം

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ രാജകുടുംബങ്ങളെ സംസ്‌കാര ചടങ്ങുകളുടെ തലേദിവസം ചാള്‍സ് സ്വാഗതം ചെയ്യും.

പത്താം ദിനം

സംസ്‌കാര ചടങ്ങുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കും. മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുപോകും. രാജ്യത്തുടനീളം രണ്ട് മിനിറ്റ് മൗനം ആചരിക്കും. ഒരു മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കുശേഷം, ആചാരപരമായ ഘോഷയാത്രയുടെ അകമ്പടിയോടെ മൃതദേഹത്തെ ഹൈഡ് പാര്‍ക്കിലേക്കും അവിടെ മഞ്ചത്തില്‍ വിന്‍ഡ്സറിലേക്കും പോകുകയും ചെയ്യും. ശേഷം വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും.

logo
The Fourth
www.thefourthnews.in