'തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്ന വിദേശ ഭീഷണി'; ഇന്ത്യക്കെതിരെ കനേഡിയന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

'തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്ന വിദേശ ഭീഷണി'; ഇന്ത്യക്കെതിരെ കനേഡിയന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഇന്ത്യയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കാനഡയുടെ പുതിയ ആരോപണം വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ സാധ്യതയുള്ള വിദേശ ഭീഷണിയാണ് ഇന്ത്യയെന്ന് കാനഡ. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാനഡയുടെ ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കാനഡയുടെ പുതിയ ആരോപണം വന്നിരിക്കുന്നത്.

2022 ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ''ഇത്തരത്തിലുള്ള വിദേശ ഇടപെടലുകള്‍ പരമ്പരാഗത നയതന്ത്രത്തില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം അത് പൊതു അഭിപ്രായത്തേയും നയരൂപീകരണങ്ങളേയും സ്വാധീനിക്കാന്‍ രഹസ്യമായും വഞ്ചനാപരമായും ഇടപെടുന്നു'', റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇതേ ആരോപണം കാനഡ റഷ്യക്കും ചൈനയ്ക്കും എതിരെ നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായി കാനഡ വിലയിരുത്തിയത്. ആദ്യമായാണ് ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത്.

''വിദേശ ഇടപെടലുകള്‍ കനേഡിയന്‍ ജനാധിപത്യത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു. ഒരു ബഹുസാംസ്‌കാരിക സമൂഹമായ കാനഡയുടെ സാമൂഹിക ഐക്യം കുറയ്ക്കാന്‍ വിദേശ ഇടപെടലുകള്‍ ശ്രമിക്കുന്നു. കാനഡക്കാരുടെ മൗലിക അവകാശങ്ങള്‍ തടസപ്പെടുത്തുന്നു'', റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്താന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉത്തരവിട്ടു.

'തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്ന വിദേശ ഭീഷണി'; ഇന്ത്യക്കെതിരെ കനേഡിയന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് അഡ്‌മിഷനില്ല, നിര്‍ണായക തീരുമാനവുമായി കനേഡിയൻ പ്രവിശ്യ

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ, ജി 20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ, രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. പ്രശ്‌ന പരിഹാരത്തിനായി കാനഡയുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കനഡേയിന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in