കനേഡിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ പൊതു അന്വേഷണം വേണ്ടെന്ന് സർക്കാര്‍; ഒളിച്ചുകളിയെന്ന് പ്രതിപക്ഷം

കനേഡിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ പൊതു അന്വേഷണം വേണ്ടെന്ന് സർക്കാര്‍; ഒളിച്ചുകളിയെന്ന് പ്രതിപക്ഷം

വിദേശ സർക്കാരുകൾ കാനഡയിലെ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

കനേഡിയന്‍ തിരഞ്ഞെടുപ്പിലെ ചൈനീസ് അട്ടിമറിയെ കുറിച്ച് പരസ്യമായി അന്വേഷിക്കില്ലെന്ന് തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷം. കാര്യങ്ങള്‍ മറച്ച് വയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ ആരോപിച്ചു. ജസ്റ്റിന്‍ ട്രൂഡോയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡയുടെ വിജയത്തിന് ചൈന സഹായിച്ചു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം പരസ്യ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനീസ് അട്ടിമറിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പ്രത്യേക കമ്മീഷന്‍ ഡേവിഡ് ജോണ്‍സണ്‍ രഹസ്യാന്വേഷണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരസ്യ അന്വേഷണം നടത്തേണ്ടെന്നും സംഭവത്തില്‍ പൊതു അഭിപ്രായം തേടാമെന്നും ശുപാര്‍ശ ചെയ്യുകയായിരുന്നു.

എന്നാല്‍ മുന്‍ ഗവര്‍ണര്‍ ജനറല്‍ കൂടിയായ ജോണ്‍സണിന്റെ ശുപാര്‍ശ കാനഡയിലെ ബീജിംഗ് സ്വാധീനം മറച്ചുവയ്ക്കുന്നതാണെന്നും ട്രൂഡോയുമായി കുടുംബ ബന്ധമുള്ളതിനാല്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍സണ്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേ സമയം, വിദേശ സർക്കാരുകൾ കാനഡയിലെ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ള കാര്യം ഡേവിഡ് ജോൺസൺ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അട്ടിമറി ശ്രമങ്ങൾ ജനാധിപത്യത്തിനെതിരെയുള്ള ഭീഷണി വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ ട്രൂഡോയോ അദ്ദേഹത്തിന്റെ മന്ത്രിമാരോ അവരുടെ ഓഫീസുകളോ വിദേശ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങളോ, നിര്‍ദ്ദേശങ്ങളോ, ശുപാര്‍ശകളോ അറിഞ്ഞു കൊണ്ട് അവഗണിച്ചിട്ടില്ലെന്നും ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ഡേവിഡ് ജോണ്‍സണിന്റെ റിപ്പോർട്ടില്‍ പറയുന്നു

കാനഡയിലെ ബീജിംഗ് നയതന്ത്രജ്ഞരും പ്രതിനിധികളും ലിബറൽ പാർട്ടിയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറ്റാൻ ശ്രമിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ചോർന്നതിൽ നിന്നാണ് ആരോപണങ്ങൾ ഉടലെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രഹസ്യമായി നടത്തിയ പണമിടപാടുകളെ കുറിച്ചും കനേഡിയന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നിയമനിര്‍മ്മാതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈനീസ് ഏജന്റുകളെ കുറിച്ചുമുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

2021ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ചൈന ആഗ്രഹിച്ചിരുന്നെന്നും അതിനായി പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയെ പരാജയപ്പെടുത്താന്‍ ചൈന സഹായിച്ചിരുന്നെന്നും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കനേഡിയൻ രാഷ്ട്രീയത്തില്‍ ഇടപെട്ടു എന്ന ആരോപണം ചൈന ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു.

തുടർന്ന് മാർച്ച് ആദ്യം, ആരോപണങ്ങളെ കുറിച്ച് പഠിക്കുന്നതിനും വിഷയം പരിശോധിച്ച് പരസ്യ അന്വേഷണം വേണ്ടതുണ്ടോ എന്ന് ശുപാർശ ചെയ്യുന്നതിനായി ഒരു സ്വതന്ത്ര കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഇതെ തുടർന്ന് മെയ് 23ന് ഡേവിഡ് ജോൺസൺ 55 പേജുകളുള്ള റിപ്പോർട്ട് പുറത്തിറക്കുകയായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in