ക്യാപിറ്റോള്‍ ആക്രമണം: ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് അന്വേഷണ സമിതി

ക്യാപിറ്റോള്‍ ആക്രമണം: ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് അന്വേഷണ സമിതി

കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം, വ്യാജ പ്രസ്താവനയിറക്കാന്‍ ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സമതി കണ്ടെത്തിയിരിക്കുന്നത്

ക്യാപിറ്റോള്‍ ആക്രമണ കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്ക് മുറുകുന്നു. ട്രംപിന് എതിരെ കലാപാഹ്വാനം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി നിര്‍ദേശം നല്‍കി. ഡെമോക്രാറ്റുകള്‍ നയിച്ച സമിതി ഏകകണ്ഠമായാണ് യുഎസ് നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തോടുള്ള വഞ്ചന, വ്യാജ പ്രസ്താവനയിറക്കാനുള്ള ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.

18 മാസം നീണ്ടു നിന്ന അന്വേഷണത്തിന് പിന്നാലെ തിങ്കളാഴ്ച ചേര്‍ന്ന സമിതിയുടെ അന്തിമ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും എന്നാണ് വിവരം. ആയിരത്തിലധികം സാക്ഷികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഒമ്പതംഗ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. കലാപത്തിൽ ട്രംപിനുള്ള പങ്കിനെക്കുറിച്ച് നീതിന്യായവകുപ്പ്‌ നടത്തുന്ന അന്വേഷണത്തെ നിർദേശങ്ങൾ സ്വാധീനിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. 

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ട്രംപിന്റെ നിലപാട്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വീണ്ടും മത്സരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ 'വ്യാജ കുറ്റങ്ങള്‍' ചുമത്താനുള്ള ശുപാര്‍ശ എന്നായിരുന്നു ട്രംപിന്റെ ആരോപണം. അന്വേഷണ സമിതിയെ കംഗാരു കോടതി എന്നും അദ്ദേഹം പ്രസ്താവനയില്‍ പരിഹസിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് 2021 ജനുവരി ആറിന് അമേരിക്കൻ നിയമ നിർമാണ സഭയായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 140-ലധികം പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ ആയിരത്തോളം സാക്ഷികളെയാണ് വിസ്തരിച്ചത്.

കാപിറ്റോൾ ആക്രമണത്തിന് ശേഷം കലാപത്തിന് പ്രേരണ നൽകിയതിന് ട്രംപിനെ ഡെമോക്രാറ്റിക് ഭൂരിപക്ഷ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് പദവിയില്‍നിന്ന് വിട്ടശേഷം ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ആദ്യത്തെ പ്രസിഡന്റുമായിരുന്നു ട്രംപ്.

logo
The Fourth
www.thefourthnews.in