പതിഞ്ഞ താളത്തിലും ചടുല വേഗത്തിലുമുളള നൃത്തസംഗീതം വേണ്ട; നിരോധിച്ച് ചെച്‌നിയ

പതിഞ്ഞ താളത്തിലും ചടുല വേഗത്തിലുമുളള നൃത്തസംഗീതം വേണ്ട; നിരോധിച്ച് ചെച്‌നിയ

നിയമത്തിന് അനുസൃതമല്ലാത്ത സംഗീതം മാറ്റി ചിട്ടപ്പെടുത്താന്‍ കലാകാരന്‍മാര്‍ക്ക് ജൂണ്‍ ഒന്നുവരെ സമയം

പതിഞ്ഞ താളത്തിലും അധിക വേഗത്തിലുമുള്ള നൃത്തസംഗീതം നിരോധിച്ച് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയ. യാഥാസ്ഥിതിക മുസ്ലിം ഭൂരിപക്ഷ മേഖലയായ ചെച്‌നിയയിൽ പാശ്ചാത്യ സ്വാധീനമുണ്ടാക്കുന്ന 'മലിനീകരണം' തടയാനായാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

എല്ലാ സംഗീത, ഗാന, നൃത്ത സൃഷ്ടികളും മിനുറ്റില്‍ 80-116 ടെംപോയിലുള്ള ബീറ്റുകളായിരിക്കണമെന്ന് ചെച്‌നിയന്‍ സാംസ്‌കാരിക മന്ത്രി മൂസ ദദ്‌യേവ് പറഞ്ഞു. സംഗീതം ചെച്‌നിയന്‍ മാനസികാവസ്ഥയ്ക്കും താളബോധത്തിനും അനുസൃതമായി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

''മറ്റ് ജനങ്ങളില്‍നിന്ന് സംഗീത സംസ്‌കാരം കടമെടുക്കുന്നത് അനുവദനീയമല്ല. ചെച്‌നിയന്‍ ജനതയുടെ സാംസ്‌കാരിക പൈതൃകം ജനങ്ങളിലേക്കും കുട്ടികളുടെ ഭാവിയിലേക്കും കൊണ്ടുവരണം,''അദ്ദേഹം പറഞ്ഞു. നിയമത്തിന് അനുസൃതമല്ലാത്ത സംഗീതം മാറ്റി ചിട്ടപ്പെടുത്താന്‍ കലാകാരന്‍മാര്‍ക്ക് ജൂണ്‍ ഒന്നുവരെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

രാജ്യമെമ്പാടുമുള്ള ക്ലബ്ബുകളില്‍ സാധാരണയായി കളിക്കുന്ന മിക്ക ആധുനിക നൃത്തസംഗീത വിഭാഗങ്ങളെയും നിയമം ഫലത്തില്‍ കുറ്റകരമാക്കുന്നു. ഭരണകൂടം പറയുന്ന 'ചെച്‌നിയന്‍ താളബോധത്തിന്' ഉള്ളിലുള്ളതും മിനുറ്റില്‍ 60-നും 140-നും ഇടയില്‍ വേഗതയില്‍ കളിക്കുന്നതുമായ ഹിപ്‌ഹോപ്, റാപ്പ് മ്യൂസിക്കുകള്‍ക്ക് നിരോധനമുണ്ടാകില്ല.

പതിഞ്ഞ താളത്തിലും ചടുല വേഗത്തിലുമുളള നൃത്തസംഗീതം വേണ്ട; നിരോധിച്ച് ചെച്‌നിയ
വാടക ഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി: വത്തിക്കാൻ

നൃത്തങ്ങള്‍, ഘോഷയാത്രകള്‍, കുതിരപ്പന്തയം എന്നിവയ്‌ക്കൊപ്പം പരമ്പരാഗത ചെച്‌നിയന്‍ സംഗീതമായ ഖല്‍കരന്‍ യിഷ് സംഗീതമാണ് ഉപയോഗിക്കുന്നത്. ഇല്ലി യിഷ് എന്ന ഇതിഹാസ ഗാഥകള്‍ വിവരിക്കുന്ന പാട്ടുകളിലും ഖല്‍കരന്‍ യിഷ് ആണ് ഉപയോഗിക്കുന്നത്.

കിഴക്കന്‍ യൂറോപ്പിലെ നോര്‍ത്ത് കോക്കസ് മേഖലയില്‍ സ്ഥിതിചെയ്യുന്ന ചെച്‌നിയ പ്രദേശം, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും വിമര്‍ശനം ഏറ്റുവാങ്ങുന്ന മേഖലയാണ്. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെ ചെച്‌നിയന്‍ സര്‍ക്കാര്‍ തള്ളുകയാണ് പതിവ്. ചെച്‌നിയയില്‍ സ്വവര്‍ഗാനുരാഗികള്‍ ഇല്ലെന്നും അങ്ങനെയുള്ളവരെ കുടുംബം തന്നെ വേരോടെ പിഴുതെറിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in