ലി ഹാവോഷി
ലി ഹാവോഷി

'പട്ടാളത്തെ പട്ടിയോട് ഉപമിച്ചു'; ചൈനയിൽ കോമഡി സംഘത്തിന് 16 കോടി രൂപ പിഴ

സിയാഗുവോ കൾച്ചർ മീഡിയ ലിയുമായുള്ള കരാർ റദ്ദാക്കിചെയ്തു

രാജ്യത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയെ പരിഹസിച്ചതിന് ചൈനയിൽ കോമഡി സംഘത്തിന് പതിനാറ് കോടി രൂപ പിഴ. ചൈനീസ് സൈന്യത്തെ തെരുവ് നായ്ക്കളുമായി താരതമ്യം ചെയ്തതിനാണ് കമ്പനിക്ക് പിഴ ചുമത്തിയത്. ഷാങ്ഹായ് സിയാഗുവോ കൾച്ചർ മീഡിയ കമ്പനി അംഗമായ ലി ഹാവോഷി തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.‌ അതിരുകടന്ന തമാശ പൊതുജനങ്ങളുടെയടക്കം ശക്തമായ വിമര്‍ശനത്തിന് കാരണമായതോടെയാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്.

ശനിയാഴ്ച ബീജിങിൽ നടന്ന ഒരു സ്റ്റാന്റ് അപ്പ് കോമഡി പ്രകടനത്തിനിടെയാണ് ലിയുടെ വിവാദ തമാശ. താൻ ദത്തെടുത്ത രണ്ട് തെരുവ് നായ്ക്കൾ ഒരു അണ്ണാനെ ഓടിക്കുന്നത് കണ്ടപ്പോൾ 'നല്ല പ്രവർത്തന ശൈലി ഉണ്ടായിരിക്കുക, യുദ്ധം ചെയ്യാനും വിജയിക്കാനും കഴിയും' എന്ന വാചകമാണ് തനിക്ക് ഓർമ വന്നതെന്നായിരുന്നു ലിയുടെ പരാമർശം. ചൈനീസ് സൈന്യത്തിനോട് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ ഒരു വാചകമായിരുന്നു അത്. നായ്ക്കളിൽ ഒന്നിനെ കണ്ടപ്പോൾ ചൈനീസ് പട്ടാളത്തെയാണ് ഓർമ വന്നതെന്നും ലി പറഞ്ഞിരുന്നു.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മഹത്തായ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഒരു വേദിയായി ചൈനീസ് തലസ്ഥാന നഗരി ഉപയോഗിക്കാൻ ഞങ്ങൾ ഒരു കമ്പനിയെയും വ്യക്തിയെയും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലിയുടെ പരാമർശത്തിൽ ബീജിങ് സിറ്റി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ലിയുടെ പ്രസംഗത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വ്യാപകമായി പ്രചരിക്കപ്പെട്ടു. സംഭവത്തിൽ വീഴ്ച പറ്റിയതായി അംഗീകരിച്ച സിയാഗുവോ കൾച്ചർ മീഡിയ ലിയുമായുള്ള കരാർ റദ്ദാക്കിയതായും അറിയിച്ചു. ലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കമ്പനിക്ക് ഏകദേശം 16 കോടി 49 ലക്ഷം രൂപ പിഴ ചുമത്തി. കമ്പനിക്ക് ബീജിങ്ങിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള അനുമതിയും നിഷേധിച്ചു. സംഭവത്തിൽ ലി ഹാവോഷി തന്റെ വെയ്ബോ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി. കഴിഞ്ഞ നവംബറിൽ, ഷാങ്ഹായിലെ കോവിഡ് -19 പാൻഡെമിക് ലോക്ക്ഡൗണിനെക്കുറിച്ച് തമാശ പറയുകയും കൗമാരക്കാരെ കളിയാക്കുകയും ചെയ്തതിന് സ്റ്റാൻഡ്-അപ്പ് കോമഡി താരം ലി ബോയ്ക്ക് 50,000 യുവാൻ പിഴ ചുമത്തിയിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in