കാണാതായ വിദേശകാര്യ മന്ത്രിയെ പുറത്താക്കി ചൈന; വാങ്ങ് യി പുതിയ വിദേശകാര്യ മന്ത്രി

കാണാതായ വിദേശകാര്യ മന്ത്രിയെ പുറത്താക്കി ചൈന; വാങ്ങ് യി പുതിയ വിദേശകാര്യ മന്ത്രി

ജൂണ്‍ 25-ന് ശ്രീലങ്കയിലെയും റഷ്യയിലെയും ഉദ്യോഗസ്ഥരുമായി ബീജിങിൽ സംഘടിപ്പിച്ച കൂഴിക്കാഴ്ചയിലാണ് അവസാനമായി ക്വിൻ ഗാങ്ങിനെ ഒരു പൊതുപരിപാടിയില്‍ കാണുന്നത്.

കഴിഞ്ഞ ഒരു മാസമായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി സർക്കാർ. ക്വിൻ ഗാങ്ങിന് പകരം മുൻ വിദേശകാര്യ മന്ത്രിയും സെൻട്രൽ ഫോറിൻ അഫയേഴ്സ് ഡയറക്ടറുമായ വാങ് യീയെ ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ചൈനയുടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രത്യേക യോഗമാണ് ക്വിനെ പദവിയിൽ നിന്ന് നീക്കം ചെയ്തതായി പ്രഖ്യാപിച്ചത്.

ക്വിന്നിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ക്വിന്നിനെ നീക്കുന്നതുമായി ബന്ധപ്പെട്ട ഉത്തവില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒപ്പുവെച്ചതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ക്വിൻ ഗാങ്ങ് കഴിഞ്ഞ ഒരു മാസത്തിലേറെയായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായിരുന്നത് ഏറെ ചർച്ചയായിരുന്നു. ജൂണ്‍ 25-ന് ശ്രീലങ്കയിലെയും റഷ്യയിലെയും ഉദ്യോഗസ്ഥരുമായി ബീജിങിൽ സംഘടിപ്പിച്ച കൂഴിക്കാഴ്ചയിലാണ് അവസാനമായി ക്വിൻ ഗാങ്ങിനെ ഒരു പൊതുപരിപാടിയില്‍ കാണുന്നത്. അതിന് ശേഷം അദ്ദേഹത്തിനെ ഒരു പൊതുപരിപാടികളിലോ സ്വകാര്യ പരിപാടികളിലോ ക്വിൻ ഗാങ്ങിനെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏഷ്യന്‍ റീജ്യണല്‍ ഫോറത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും ക്വിന്‍ ഗാങ്ങിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്റെ ബീജിങ് സന്ദർശനവേളയിലും അദ്ദേഹത്തെ കണ്ടില്ല.

ക്വിന്നിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമായ മറുപടി നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ആരോഗ്യ കാരണങ്ങളാലാണ് ക്വിൻ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാത്തതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ എത്ര നാള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ അമേരിക്കയിലെ ചൈനീസ് അംബാസഡറായിരുന്ന ക്വിൻ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്. അമേരിക്കയുമായുള്ള ചൈനയുടെ ബന്ധം മെച്ചപ്പെടുത്താൻ ക്വിന്നിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപ്രത്യക്ഷമാകല്‍. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ക്വിന്നിന്റെ തിരോധാനത്തെക്കുറിച്ച് വിദേശരാജ്യങ്ങളും സംശയങ്ങൾ ഉയർത്തുന്നുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ക്വിനിന്റെ പ്രൊഫൈൽ നീക്കം ചെയ്തിരുന്നു. അതേസമയം, രാഷ്ട്രീയ വിരോധം മുതൽ വിവാഹേതര ബന്ധം വരെ വ്യക്തിപരമായ കാരണങ്ങളാണ് ക്വിന്നിന്റെ തിരോധനത്തിന് പിന്നാലിന്ന ആരോപണങ്ങളും ശക്തമായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in